കോർപറേറ്റുകൾക്ക് ഇളവുകൾ നൽകിയിട്ടും തൊഴിലോ വേതനമോ വർധിച്ചില്ല, സാമ്പത്തിക നയങ്ങൾ തിരുത്തണം: സിഐടിയു

ന്യൂഡൽഹി: വൻകിട കമ്പനികൾക്ക് തുടർച്ചയായി നികുതിയിളവുകളും ആനുകൂല്യങ്ങളും നൽകിയിട്ടും രാജ്യത്ത് തൊഴിലവസരങ്ങളും തൊഴിലാളികളുടെ വേതനവും വർധിച്ചില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്നുസമ്മതം കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് സിഐടിയു. ഫിക്കി സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം സിഐടിയു വർഷങ്ങളായി ഉന്നയിക്കുന്ന നിലപാടുകൾ ശരിവയ്ക്കുന്നതാണ്. കോർപറേറ്റുകൾക്ക് നികുതിയിളവുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതുകൊണ്ടുമാത്രം പുതിയ നിക്ഷേപങ്ങളോ തൊഴിലവസരങ്ങളോ ഉണ്ടാകില്ലെന്നും തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടില്ലെന്നും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കുന്നതിനുപകരം വൻകിട കമ്പനികൾക്ക് നികുതിയിളവുകളും സബ്സിഡികളും നൽകി സ്വകാര്യനിക്ഷേപം വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഈ നയത്തിനെതിരെ സിഐടിയു നിരന്തരം നിലപാടെടുത്തിട്ടുണ്ട്. നവംബർ 20ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടന്ന ബജറ്റിന് മുന്നോടിയായുള്ള ചർച്ചയിലും ഈ ആവശ്യം ആവർത്തിച്ചു.
കോർപറേറ്റുകളുടെ ലാഭം കുതിച്ചുയരുമ്പോഴും തൊഴിലാളികൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023–24 സാമ്പത്തിക വർഷത്തിൽ കമ്പനികളുടെ ലാഭം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 4.8 ശതമാനത്തിലെത്തി. 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കമ്പനികളുടെ ലാഭം 22.3 ശതമാനം വർധിച്ചപ്പോൾ തൊഴിലവസരങ്ങളിലെ വർധന 1.5 ശതമാനം മാത്രമായിരുന്നു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ജീവനക്കാർക്കായുള്ള ചെലവിലെ വർധന മുൻവർഷത്തെ 17 ശതമാനത്തിൽനിന്ന് 13 ശതമാനമായി കുറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഉൽപ്പാദനബന്ധിത ആനുകൂല്യ പദ്ധതികളും പ്രതീക്ഷിച്ച തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടില്ല. 14 പദ്ധതികളെക്കുറിച്ച് നീതി ആയോഗ് നവംബറിൽ നടത്തിയ വിലയിരുത്തലനുസരിച്ച്, 2026 മാർച്ച് വരെ നിക്ഷേപലക്ഷ്യത്തിന്റെ 76 ശതമാനവും ഉൽപ്പാദനലക്ഷ്യത്തിന്റെ 64 ശതമാനവും കൈവരിച്ചപ്പോൾ തൊഴിൽലക്ഷ്യത്തിന്റെ 28 ശതമാനം മാത്രമാണ് നേടാനായത്. ഏകദേശം 30.18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും 8.49 ലക്ഷം തൊഴിലവസരങ്ങൾ മാത്രമാണ് ഉണ്ടായത്.
2019ൽ കോർപറേറ്റ് നികുതി കുറച്ചതിലൂടെ മാത്രം കേന്ദ്രസർക്കാരിന് പ്രതിവർഷം ഏകദേശം 1.45 ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായി. 2014–15 മുതൽ 2022–23 വരെ വൻകിട വ്യവസായ, സേവനമേഖലകളിലെ 7.41 ലക്ഷം കോടി രൂപയുടെ വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി. പാപ്പരത്ത നിയമപ്രകാരം തീർപ്പാക്കിയ കോർപറേറ്റ് കേസുകളിൽ വായ്പ നൽകിയവർക്ക് ലഭിച്ചത് അംഗീകരിച്ച മൊത്തം തുകയുടെ 33 ശതമാനത്തോളം മാത്രമാണെന്നും സിഐടിയു ചൂണ്ടിക്കാട്ടി.
വൻകിട കമ്പനികൾക്ക് തുടർച്ചയായി ഇളവുകൾ നൽകുന്ന നയം അവസാനിപ്പിച്ച് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ മുൻഗണന നൽകണം. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ അതിസമ്പന്നർക്ക് സമ്പത്ത് നികുതിയും വലിയ തോതിലുള്ള സ്വത്ത് കൈമാറ്റങ്ങൾക്ക് അനന്തരാവകാശ നികുതിയും ഏർപ്പെടുത്തണം. അസാധാരണമായ ലാഭം നേടുന്ന കമ്പനികളിൽനിന്ന് കൂടുതൽ നികുതി ഈടാക്കണം. സാധാരണക്കാരുടെമേൽ പരോക്ഷ നികുതികളിലൂടെ അധികഭാരം അടിച്ചേൽപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ കുറഞ്ഞ പ്രതിമാസ വേതനം 42,000 രൂപയാക്കണം. നാല് ലേബർ കോഡുകളും പിൻവലിക്കണം. തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിച്ച് ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിനും വർഷത്തിൽ കുറഞ്ഞത് 200 തൊഴിൽദിനങ്ങൾ ഉറപ്പാക്കണം. നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കണം. അസംഘടിത മേഖലകളിലെയും സ്വയംതൊഴിൽ ചെയ്യുന്നവരുടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ജോലി ചെയ്യുന്നവരുടെയും സാമൂഹ്യസുരക്ഷ ഉറപ്പാക്കണം. എല്ലാ വയോജനങ്ങൾക്കും പ്രതിമാസം കുറഞ്ഞത് 21,000 രൂപ പെൻഷൻ നൽകണമെന്നും സിഐടിയു ആവശ്യപ്പെട്ടു.
സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ നികത്തണം. യോഗ്യരായ കരാർ, പുറംകരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും തുല്യവേതനവും മറ്റ് സേവനാനുകൂല്യങ്ങളും ഉറപ്പാക്കുകയും വേണം. ആരോഗ്യരംഗത്തെ പൊതുചെലവ് ജിഡിപിയുടെ മൂന്ന് ശതമാനമായും വിദ്യാഭ്യാസരംഗത്തേത് ആറ് ശതമാനമായും ഉയർത്തണം. കർഷകർക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കുകയും സർക്കാർ സംഭരണം ശക്തിപ്പെടുത്തുകയും വേണം. എല്ലാവർക്കും ലഭ്യമാകുന്ന പൊതുവിതരണ സംവിധാനം സംരക്ഷിക്കണം.
സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും പൊതുസ്വത്തുക്കൾ സ്വകാര്യ കമ്പനികൾക്ക് കൈമാറുന്ന നടപടികളും അവസാനിപ്പിക്കണം.
പ്രധാനമന്ത്രിയുടെ തുറന്നുസമ്മതം സാമ്പത്തിക നയങ്ങളിൽ അടിസ്ഥാനപരമായ മാറ്റത്തിന് വഴിയൊരുക്കണം. തൊഴിലാളികളുടെ വാങ്ങൽശേഷി വർധിപ്പിക്കുന്നത് സർക്കാരിന് അധിക സാമ്പത്തികഭാരമല്ല. ജനങ്ങളുടെ കൈയിൽ പണമെത്തുമ്പോഴാണ് വിപണിയിൽ ആവശ്യകത വർധിക്കുന്നതും കൂടുതൽ ഉൽപ്പാദനത്തിനും നിക്ഷേപത്തിനും തൊഴിലവസരങ്ങൾക്കും സാഹചര്യമൊരുങ്ങുന്നതും. രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് ഇതാണ് ആവശ്യമെന്നും എളമരം കരീം പ്രസ്താവനയിൽ വ്യക്തമാക്കി.








0 comments