ചെങ്ങന്നൂരിന്റെ വികസനമുന്നേറ്റം ഇല്ലാതാക്കാൻ യുഡിഎഫ് ശ്രമം

ചെങ്ങന്നൂർ: എല്‍ഡിഎഫ് സർക്കാർ അനുവദിച്ച 10 കോടിരൂപയുടെ പദ്ധതികൾ യുഡിഎഫ് സർക്കാർ അട്ടിമറിച്ചു. സ്‌പോര്‍ട്സ് ഹോസ്റ്റലിന് മൂന്ന് കോടി, ഇറിഗേഷന്‍ ഓഫീസ് കെട്ടിടത്തിന് രണ്ട് കോടി, ഗ്രാമീണ റോഡുകള്‍ക്കായി നൽകിയ മൂന്ന് കോടി എന്നിവയാണ് ഇല്ലാതാക്കിയത്. കെഎസ്ആര്‍ടിസിക്കായുള്ള രണ്ടുകോടി തിരിച്ചെടുത്തു.
എൽഡിഎഫ് സർക്കാർ കിഫ്ബിയിലൂടെ ബൈപ്പാസ് നിർമാണത്തിന് 250 കോടി അനുവദിച്ചിരുന്നു. മംഗലം പാലം മുതല്‍ എംസി റോഡ് വരെ 17.72 കോടി നല്‍കി ഭൂമിയും ഏറ്റെടുത്തു. ഹാച്ചറി മുതല്‍ മുണ്ടന്‍കാവ് വരെ ഭൂമി ഏറ്റെടുക്കാന്‍ 37.50 കോടി രൂപ ആവശ്യപ്പെട്ടിട്ടും യുഡിഎഫ് സർക്കാർ നല്‍കിയില്ല. തീയേറ്റര്‍ സമുച്ചയത്തിന് കിഫ്ബിയിലൂടെ 48 കോടി രൂപ അനുവദിച്ചിരുന്നു. ഇറിഗേഷന്‍ വക 70 സെന്റ് ഭൂമി കെഎസ്എഫ്ഡിസിക്ക് നല്‍കിയെങ്കിലും യുഡിഎഫ് ഭരണത്തിൽ തുടര്‍നടപടികള്‍ ഉണ്ടായില്ല.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ബുധനൂര്‍, പുലിയൂര്‍, ചെറിയനാട്, പാണ്ടനാട് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിയും അവതാളത്തിലാക്കി.
125 കോടി രൂപ ചെലവിൽ ജില്ലാ ആശുപത്രി കെട്ടിടം നിർമാണം പൂർത്തീകരിച്ചെങ്കിലും ട്രാന്‍സ്ഫോര്‍മറും ഇലക്ട്രിക്ക് ലൈനും സ്ഥാപിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച 57 ലക്ഷം രൂപ നൽകാൻ യുഡിഎഫ് സർക്കാർ തയ്യാറാകാത്തതിനാൽ ജില്ലാ ആശുപത്രി ഇപ്പോഴും സ്കൂള്‍ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
കെഎംഎസ്‌സിഎല്‍ നല്‍കേണ്ട മെഡിക്കല്‍ ഉപകരണങ്ങളിൽ 50% മാത്രമാണ് ലഭിച്ചത്. ബാക്കി ഉപകരണങ്ങള്‍ ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുന്നില്ല. വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോൾ നേരിട്ടെത്തി പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ല. ചെങ്ങന്നൂര്‍ ശാസ്താംപുറം മാര്‍ക്കറ്റ് നവീകരണം ശബരിമല ഇടത്താവളം നിര്‍മ്മാണം പുത്തന്‍കാവ് ഐക്കാട് പാലം നിർമാണം തുടങ്ങിയ പദ്ധതികളും യുഡിഎഫ് ഭരണത്തിൽ അവതാളത്തിലായി.
ജനകീയ പ്രതിഷേധം ഉയരണം എൽഡിഎഫ്
കഴിഞ്ഞ 10 വര്‍ഷത്തിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിന്റെ സമസ്‌ത മേഖലകളിലുമുണ്ടായ വികസനത്തെ തകര്‍ക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന് എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി5ബ5ബ കൺവീനർ എം എച്ച് റഷീദ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
എല്‍ഡിഎഫ് നേതൃത്വത്തില്‍ ചെങ്ങന്നൂരിനെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന തരത്തില്‍ 2797 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ചെങ്ങന്നൂരിന്റെ വികസനം തകർക്കുന്നവർക്കെതിരെ പ്രക്ഷോഭത്തിന് എല്‍ഡിഎഫ് നേതൃത്വം നൽകും. നേതാക്കളായ എം ശശികുമാർ, അഡ്വ. ഉമ്മൻ ആലുംമൂട്ടിൽ, ടി കെ ഇന്ദ്രജിത്ത്, ആർ സന്ദീപ്, ഷാജി പട്ടന്താനം, ജി ഹരികുമാർ, സജി കീളാത്ര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.








0 comments