print edition തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം ; വിബി ജി ആർഎഎം ജി നിയമം പിൻവലിക്കണം ; സിഐടിയു അഖിലേന്ത്യ സമ്മേളനം

സിഐടിയു അഖിലേന്ത്യ സമ്മേളന നഗറിൽ പ്രജാനാട്യ മണ്ഡൽ പ്രവർത്തകർ വിപ്ലവഗാനങ്ങൾ ആലപിച്ചപ്പോൾ
ആനത്തലവട്ടം ആനന്ദൻ നഗർ (വിശാഖപട്ടണം)
തൊഴിലുറപ്പ് പദ്ധതിയെ ഉന്മൂലനം ചെയ്യുന്ന വിബി ജി ആർഎഎം ജി നിയമം പിൻവലിക്കണമെന്ന് സിഐടിയു അഖിലേന്ത്യ സമ്മേളനം ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിച്ച് കൂടുതൽ ശക്തിപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഗ്രാമീണ കുടുംബങ്ങളുടെ തൊഴിൽഅവകാശം, തൊഴിലില്ലായ്മ അലവൻസ് എന്നിവയ്ക്കുള്ള നിയമപരമായ അവകാശം പൂർണമായും ഇല്ലാതാക്കുന്ന പിന്തിരിപ്പൻ നിയമമാണ് വിബി- ജി ആർഎഎം ജി ആക്റ്റ്. ഗ്രാമീണ കുടുംബങ്ങളെ ഉറപ്പുള്ള ജോലിയുടെയും തൊഴിലില്ലായ്മ അലവൻസുകളുടെയും ആനുകൂല്യത്തിൽനിന്ന് ഒഴിവാക്കുന്നു. ഭരണഘടനയുടെ ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തി സംസ്ഥാന സർക്കാരുകളുടെമേൽ കടുത്ത സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്നു. 40 ശതമാനം ചെലവ് സംസ്ഥാന സർക്കാരുകൾക്ക് കൈമാറുകയും സംസ്ഥാനങ്ങൾക്ക് ചെലവ് പരിധി ഏർപ്പെടുത്തുകയും ചെയ്‌തു. വേതനം നിശ്ചയിക്കുന്നതിനും സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിനുമുള്ള അധികാരവും കേന്ദ്രം കവർന്നു. നവംബർ 21 മുതൽ പ്രാബല്യത്തിൽ വന്ന തൊഴിൽ കോഡ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അതിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത് വൻ തിരിച്ചടിയായി.
മഹാത്മാഗാന്ധിയുടെ പേരിലുള്ള പദ്ധതിയെ പുനർനാമകരണംചെയ്ത് ഭൂവുടമകൾക്കും മുതലാളിമാർക്കും സഹായകരമാക്കി. കോർപ്പറേറ്റ് വർഗീയ ഹിന്ദുത്വ ശക്തികളുടെ പിടി ജനങ്ങളുടെമേൽ ഉറപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. വിവാദ നിയമം റദ്ദാക്കുകയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ ഐക്യത്തോടെ പ്രതിരോധിക്കാൻ സിഐടിയു പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനം അധ്വാനിക്കുന്ന ജനവിഭാഗങ്ങളോട് ആഹ്വാനം ചെയ്തു.കശ്മീർ സിങ് താക്കൂർ പ്രമേയം അവതരിപ്പിച്ചു.
തൊഴിൽ കോഡ് കേരളത്തിന് അഭിവാദ്യം
തൊഴിലാളികളുടെ അവകാശങ്ങളെ സമ്പൂർണമായി കവരാൻ മോദി സർക്കാർ അവതരിപ്പിച്ച ലേബർ കോഡുകൾക്കെതിരെ സിഐടിയു അഖിലേന്ത്യ സമ്മേളനത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു. തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്രനീക്കത്തിനെതിരെ കേരള സർക്കാർ നടത്തുന്ന ഉജ്വലമായ ചെറുത്തുനിൽപ്പിനെ സമ്മേളനം അഭിവാദ്യംചെയ്തു. ലേബർ കോൺക്ലേവ് വിളിച്ചുചേർത്ത് തൊഴിലാളികൾക്കായി നിലപാട് സ്വീകരിച്ച ഏക സംസ്ഥാനം കേരളമാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പകർപ്പ് സമ്മേളനത്തിൽ വിതരണം ചെയ്തു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇത്തരത്തിലൊരു നീക്കത്തിന് തയ്യാറാകാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അഭിപ്രായമുയർന്നു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടല്ലാതെ ഒരു നിയമവും കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കില്ലെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി ‘ദേശാഭിമാനി’യോട് പറഞ്ഞു. സംസ്ഥാനങ്ങളോട് ആലോചിക്കാതെ തീർത്തും ഏകപക്ഷീയമായാണ് കേന്ദ്രസർക്കാർ ലേബർ കോഡുകൾ കൊണ്ടുവന്നത്. രാജ്യസഭയിൽ ചർച്ച നടത്താൻപോലും തയ്യാറായില്ല. കോടിക്കണക്കിന് തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളാണ് ഇല്ലാതാക്കപ്പെടുന്നത്. ഇതിനെതിരെ കേരളം സ്വീകരിച്ച നടപടികൾ ഇന്ത്യയിലെ തൊഴിലാളി വർഗത്തിന് ആത്മവിശ്വാസം പകരുന്നതാണെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ആവേശത്തോടെയാണ് ഇക്കാര്യം പങ്കുവച്ചതെന്നും ശിവൻകുട്ടി പറഞ്ഞു.
ആണവ പരമാധികാരം യുഎസ് താൽപ്പര്യത്തിന് വിട്ടുകൊടുക്കരുത്
ഇന്ത്യയുടെ ആണവ മേഖലയെ സ്വകാര്യ, വിദേശ കോർപറേറ്റ് പങ്കാളിത്തത്തിന് തുറന്നുകൊടുക്കുന്ന ‘ശാന്തി' നിയമം പൂർണമായും പിൻവലിക്കണമെന്ന് സിഐടിയു അഖിലേന്ത്യ സമ്മേളനം ആവശ്യപ്പെട്ടു. ഏറ്റവും തന്ത്രപ്രധാനമായ ഊർജ മേഖലയെ സ്വകാര്യ, വിദേശ കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് തുറന്നുകൊടുക്കുന്ന അപകടകരവും പരമാധികാര വിരുദ്ധവുമായ നിയമനിർമാണമാണിതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയുടെ ആണവപദ്ധതി കർശനമായ പൊതുഉടമസ്ഥതയിലാണ്. ദേശീയസുരക്ഷ, പൊതുസുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കുള്ള പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടാണ് 1962ലെ നിയമം എല്ലാ ആണവ പ്രവർത്തനങ്ങളും പൊതുമേഖലയ്ക്ക് മാത്രമായി നീക്കിവയ്ക്കുകയും പാർലമെന്റിനോടുള്ള ഉത്തരവാദിത്വം ഉറപ്പാക്കുകയുംചെയ്തത്. ശാന്തി നിയമം ഈ ചട്ടക്കൂടിൽനിന്നുള്ള വ്യതിയാനമാണ്.

അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട് , എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യുന്നു
ആണവ മേഖലയിൽ ലൈസൻസ് നേടാൻ ആർക്കും അനുവാദം ലഭിക്കുന്നത് ഗുരുതരമായ ആശങ്കയുണർത്തുന്നതാണ്. ഇത് ഫലത്തിൽ സ്വകാര്യ, വിദേശ സ്ഥാപനങ്ങൾക്ക് ആണവമേഖല തുറന്നുകൊടുക്കും. ലാഭേച്ഛയുള്ള ഓപ്പറേറ്റർമാർക്ക് വിഘടന വസ്തുക്കളിലും റേഡിയോ ആക്ടീവ് വസ്തുക്കളിൽ നിയന്ത്രണം നൽകുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. രൂപകൽപ്പനയിലെ തകരാറുകൾമൂലമോ വിതരണക്കാരുടെ അശ്രദ്ധമൂലമോ അപകടങ്ങൾ ഉണ്ടാകുമ്പോൾപോലും ബഹുരാഷ്ട്ര കോർപ്പറേറ്റുകൾക്ക് പരിരക്ഷ ലഭിക്കും.
അമേരിക്കയുമായി ഇന്ത്യയുടെ തന്ത്രപരവും സൈനികവുമായ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന്റെ വിശാലമായ പശ്ചാത്തലത്തിലാണ് ശാന്തി നിയമത്തെ സമ്മേളനം വീക്ഷിക്കുന്നത്. കോർപറേറ്റ് ലാഭം, വിദേശ തന്ത്രപരമായ താൽപ്പര്യങ്ങൾ എന്നിവയാൽ ആണവോർജ നയം നിയന്ത്രിക്കാൻ കഴിയില്ലെന്നും പാർലമെന്റിനോട് ഉത്തരവാദിത്വമുള്ള സ്വതന്ത്ര ആണവ സുരക്ഷാ സംവിധാനമാണ് വേണ്ടതെന്നും സമ്മേളനം ആവശ്യപ്പെട്ടു.എം സായിബാബു പ്രമേയം അവതരിപ്പിച്ചു.
ഇസ്രയേലുമായുള്ള സഹകരണം ഇന്ത്യ അവസാനിപ്പിക്കണം
സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനായുള്ള വീരോചിതമായ വിമോചനപോരാട്ടത്തോടുള്ള അചഞ്ചലമായ ഐക്യദാർഢ്യം ആവർത്തിച്ച് പ്രഖ്യാപിച്ച് ഇന്ത്യൻ തൊഴിലാളി വർഗ പ്രസ്ഥാനം. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ രക്ഷാകർതൃത്വത്തോടെ പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ സിഐടിയു പതിനെട്ടാം അഖിലേന്ത്യാ സമ്മേളനം ശക്തമായി അപലപിച്ചു. ജെ മേഴ്സിക്കുട്ടിഅമ്മ അവതരിപ്പിച്ച പ്രമേയം സമ്മേളനം ഏകകണ്ഠമായി പാസാക്കി. പലസ്തീൻ പതാക കൈമാറിയും മുദ്രാവാക്യം മുഴക്കിയും വേദിയും സദസും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്ന് പ്രഖ്യാപിച്ചു.
ലോകമെമ്പാടും ഉയർന്ന പ്രതിഷേധങ്ങൾക്കുശേഷവും ഗാസയിൽ ആക്രമണവും ഉപരോധവും നിർബന്ധിത കുടിയിറക്കലും തുടരുന്നുവെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. 70000ത്തിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടു. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. വീടുകളും അടിസ്ഥാന സൗകര്യങ്ങളും 70 ശതമാനത്തിലേറെയും പൂർണമായി തകർത്തു. പട്ടിണിക്കിടൽ ഇസ്രയേൽ സായുധസേന കൂട്ടക്കൊലയ്ക്കുള്ള ഉപകരണമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണിത്.

സിഐടിയു അഖിലേന്ത്യ സമ്മേളന നഗറിൽ പലസ്‌തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പതാകയുമായി നേതാക്കൾ
ആയുധ നിർമാണം, നിരീക്ഷണ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ആഗോള കോർപ്പറേറ്റുകളുടെ ശൃംഖല നിലനിർത്തി ഇസ്രയേൽ അധിനിവേശം "വംശഹത്യയുടെ സമ്പദ്‌വ്യവസ്ഥ’യായി മാറിയിരിക്കുന്നു എന്ന യുഎൻ കണ്ടെത്തൽ സിഐടിയു കണക്കിലെടുക്കുന്നു. ഗാസയും അധിനിവേശ പ്രദേശങ്ങളും ആയുധങ്ങൾ, ഡ്രോണുകൾ, എഐ നിയന്ത്രിത നിരീക്ഷണം, ജനസംഖ്യാ നിയന്ത്രണ സാങ്കേതികവിദ്യകൾ എന്നിവയുടെ പരീക്ഷണ കേന്ദ്രങ്ങളായി മാറ്റപ്പെട്ടു. സൈനികവൽക്കരിക്കപ്പെട്ട മുതലാളിത്തം വംശഹത്യയെ ലാഭത്തിനും സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്കുമുള്ള ഉപാധിയാക്കുന്നു.
ഇസ്രയേലുമായുള്ള സൈനിക, സാങ്കേതിക, ഊർജ, നിരീക്ഷണ സഹകരണങ്ങളിൽ ഇന്ത്യൻ കോർപ്പറേറ്റുകളും സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിച്ചുവരുന്നതിൽ സമ്മേളനം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പലസ്തീൻ ലക്ഷ്യത്തിനായുള്ള ഇന്ത്യയുടെ ചരിത്രപരവും തത്വാധിഷ്ഠിതവുമായ പിന്തുണയിൽനിന്ന് മോദിസർക്കാർ പിന്മാറുന്നതിനെ ശക്തമായി അപലപിച്ചു.
സാമ്രാജ്യത്വം, യുദ്ധം, കോർപറേറ്റ് ചൂഷണം എന്നിവയ്‌ക്കെതിരായ വിശാലമായ പോരാട്ടത്തിൽനിന്ന് പലസ്തീനുമായുള്ള ഐക്യദാർഢ്യം വേർതിരിക്കാനാവാത്തതാതാണ്. വംശഹത്യക്കെതിരായ ഉയർന്ന ആഗോള തൊഴിലാളിവർഗ പ്രതിരോധത്തെയും പലസ്തീൻ ട്രേഡ് യൂണിയനുകളുടെ ധീരമായ പോരാട്ടങ്ങളെയും സമ്മേളനം അഭിവാദ്യംചെയ്തു. ഗാസയിൽനിന്ന് ഇസ്രയേൽ സേനയെ പൂർണമായും പിൻവലിക്കുക, ഉപരോധം അവസാനിപ്പിക്കുക, ശക്തമായി ആവശ്യപ്പെടുന്നു. ഇസ്രയേലുമായുള്ള എല്ലാ സൈനിക, സുരക്ഷാ, തന്ത്രപരമായ സഹകരണവും ഇന്ത്യ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും പാലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.











0 comments