print edition ‘10 മിനിറ്റ് ഡെലിവറി’ ; പോരാടി ജയിച്ച ജീവനക്കാർക്ക് സിഐടിയുവിന്റെ അഭിവാദ്യം

ന്യൂഡൽഹി
രാജ്യമുടനീളമുള്ള ആപ്പ്/പ്ലാറ്റ്‌ഫോം ജീവനക്കാരുടെ അതിശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് ‘10 മിനിറ്റ് ഡെലിവറി’ ഒഴിവാക്കിയ നടപടിയെ സ്വാഗതം ചെയ്‌ത് സിഐടിയു. ആധുനിക സേവന മേഖലയിൽ ജോലി ചെയ്യുന്ന ദശലക്ഷകണക്കിന് ജീവനക്കാരുടെ ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്നാണ് കേന്ദ്ര തൊഴിൽമന്ത്രാലയം ഇൗ വിഷയത്തിൽ ഇടപെടാൻ നിർബന്ധിതരായത്. ‘10 മിനിറ്റ് ഡെലിവറി’ യഥാർഥത്തിൽ ആധുനിക മുതലാളിത്ത സംവിധാനത്തിന്റെ ഏറ്റവും മനുഷ്യത്വ രഹിതമായ മാതൃകയാണ്.
കൃത്യസമയത്തിനുള്ളിൽ ഡെലിവറി നടത്താൻ ജീവനക്കാർ നെട്ടോട്ടം ഓടുകയായിരുന്നു.
ഇൗ മേഖലയിൽ തുടരുന്ന മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ തൊഴിൽച്ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തി ഗിഗ് ജീവനക്കാർക്ക് തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ട്. ഡെലിവറികളുടെ എണ്ണം, സഞ്ചരിച്ച ദൂരം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വേതനവും മറ്റും നിശ്‌ചയിക്കുന്ന സാഹചര്യം മാറ്റണം. നിഗൂഢമായ അൽഗോരിതം കണക്കുകളുടെ അടിസ്ഥാനത്തിൽ എല്ലാം നിയന്ത്രിക്കുന്ന ക്വിക്ക് കൊമേഴ്‌സ് കന്പനികളുടെ ചൂഷണം അവസാനിപ്പിക്കണം.
മനുഷ്യത്വഹീനമായ സംവിധാനത്തിന് എതിരെ ചെറുതും വലുതുമായ നിരവധി പണിമുടക്കുകൾ നടത്തി വിജയിച്ച ലക്ഷകണക്കിന് ആപ്പ്/തൊഴിലാളി ജീവനക്കാരെ അഭിവാദ്യം ചെയ്യുന്നു. കൂടുതൽ സംഘടിതമായ പോരാട്ടങ്ങളിലൂടെ കൂടുതൽ അവകാശങ്ങൾ നേടിയെടുക്കാൻ ഇൗ വിജയം പ്രചോദനമാകട്ടെയെന്നും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം ആശംസിച്ചു.










0 comments