ad
Deshabhimani

print edition കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ മോചിപ്പിക്കും; ഉത്തരാഖണ്ഡിലെ സിഐടിയു ഇടപെടൽ വിജയം

Uttarakhand CITU.jpg

ഉത്തരാഖണ്ഡ്‌ രുദ്രപ്പുർ ഗാന്ധി പാർക്കിൽ സമരം ചെയ്യുന്ന തൊഴിലാളികളെ 
സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമിന്റെ നേതൃത്വത്തിലുള്ള 
സംഘം സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Apr 28, 2026, 12:00 AM | 1 min read

ന്യൂഡൽഹി: വേതന വർധനയടക്കം ആവശ്യങ്ങളുന്നയിച്ച തൊഴിലാളി സമരത്തെ അടിച്ചമർത്താനുള്ള നീക്കത്തിനെതിരെ സിഐടിയു നേതൃത്വത്തിലുള്ള പ്രതിഷേധത്തിനുമുന്നിൽ മുട്ടുമടക്കി ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ.

ഉദ്ദംസിങ്‌ നഗർ ജില്ലയിലെ വി ഗാർഡ്‌ കമ്പനിയിലെ തൊഴിലാളികളാണ്‌ പ്രതിഷേധിച്ചത്‌. അന്യായമായി കസ്റ്റഡിയിലെടുത്ത വനിതാ തൊഴിലാളികളെ വിട്ടയക്കാമെന്ന്‌ അധികൃതർ സിഐടിയു നേതാക്കളുമായുള്ള ചർച്ചയിൽ അറിയിച്ചു.


സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം, സെക്രട്ടറി കെ എൻ ഉമേഷ്, ഉത്തരാഖണ്ഡ് സംസ്ഥാന പ്രസിഡന്റ്‌ ജഖ്‌മോള, ജനറൽ സെക്രട്ടറി രാജേന്ദ്ര നേഗി, സെക്രട്ടറി ലേഖ്‌രാജ് തുടങ്ങിയവരടങ്ങുന്ന പ്രതിനിധി സംഘമാണ്‌ സ്ഥലത്തെത്തിയത്‌. ആദ്യഘട്ടത്തിൽ അനുമതി നൽകിയെങ്കിലും ചർച്ചയിൽനിന്ന്‌ ജില്ലാ കലക്‌ടർ ഒഴിഞ്ഞുമാറിയതോടെ സിഐടിയു നേതാക്കൾ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. ഇതോടെയാണ്‌ അധികൃതർ വഴങ്ങിയത്‌.


തൊഴിലാളി സമരത്തെ അടിച്ചമർത്താനായിരുന്നു സർക്കാർ ശ്രമം. ലാത്തി വീശിയ പൊലീസ്‌ വനിതാ തൊഴിലാളികളെയുൾപ്പെടെ ക്രൂരമായി മർദിച്ച്‌ കസ്‌റ്റഡിയിലെടുത്തു. പിന്നാലെ തൊഴിലാളികൾ രുദ്രപ്പുരിലെ ഗാന്ധി പാർക്കിൽ സമരമാരംഭിച്ചു. ഇ‍ൗ സമരത്തിന്‌ ഐക്യദാർഢ്യമറിയിച്ചാണ്‌ സിഐടിയു പ്രതിനിധി സംഘം എത്തിയത്‌. ജില്ലാ കലക്‌ടറെ കാണാൻ സിഐടിയു നേതാക്കൾ ഓഫീസിലെത്തി.


കലക്‌ടർ ചർച്ചയ്‌ക്ക്‌ തയാറാകാതിരുന്നതോടെ എളമരം കരീമിന്റെ നേതൃത്വത്തിൽ നേതാക്കൾ കുത്തിയിരിപ്പ്‌ സമരം തുടങ്ങി. വൈകിട്ട്‌ ആറുമണി പിന്നിട്ടിട്ടും നേതാക്കൾ സമരം അവസാനിപ്പിച്ചില്ല. ഇതോടെ, കലക്ടറുടെ നിർദ്ദേശപ്രകാരം എഡിഎമ്മും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുമെത്തി ചർച്ച നടത്തി. കലക്ടറുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്‌ച ചർച്ച നടത്താമെന്നും, കസ്റ്റഡിയിലെടുത്ത വനിതാ തൊഴിലാളികളെ വിട്ടയക്കുമെന്നും എഡിഎം ഉറപ്പുനൽകി.


രാജ്യതലസ്ഥാന മേഖലയിൽ ഉൾപ്പെട്ട നോയ്‌ഡ, മനേസർ എന്നിവിടങ്ങളിൽ ന്യായമായ വേതനമടക്കം ആവശ്യപ്പെട്ട്‌ തൊഴിലാളി സമരം രൂക്ഷമായതിന്‌ പിന്നാലെയാണ്‌ പ്രതിഷേധം ഉത്തരാഖണ്ഡിലേക്കും വ്യാപിച്ചത്‌. ഉത്തരാഖണ്ഡ്‌ ഹൽദ്വാനിയിലെ മദർസൺ കന്പനിയിലും വലിയ പ്രതിഷേധം അലയടിച്ചിരുന്നു. തൊഴിലാളികളുടെ 14 ആവശ്യങ്ങളിൽ 12ഉം കന്പനിക്ക്‌ അംഗീകരിക്കേണ്ടി വന്നു. വി- ഗാർഡിന്റെ പ്രധാന ഉൽപ്പാദന കേന്ദ്രമാണ് രുദ്രപ്പുരിലേത്‌. ആയിരക്കണക്കിന് കരാർ തൊഴിലാളികൾ ഇവിടെ ജോലിചെയ്യുന്നു. ഭൂരിപക്ഷവും വനിതകളാണ്‌. 9,000 രൂപ മാത്രമാണ് വേതനം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home