Deshabhimani

സിപ്ലയുടെ പൂനെ ഗോഡൗണിന്റെ ഡ്രഗ് ലൈസൻസ് താത്കാലികമായി റദ്ദാക്കി

CIPLA
വെബ് ഡെസ്ക്

Published on Oct 02, 2026, 10:26 PM | 1 min read

പൂനെ: പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സിപ്ലയുടെ പൂനെയിലെ പ്രധാന ഗോഡൗണിന്റെ ഡ്രഗ് ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) താത്കാലികമായി റദ്ദാക്കി. മരുന്നുകളുടെ സംഭരണത്തിലും ലേബലിംഗിലും ബ്രാൻഡിംഗിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.


പൂനെയ്ക്ക് സമീപം കുർകുമ്പിലുള്ള സിപ്ലയുടെ പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ സെന്ററിൽ എഫ്ഡിഎ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.


നിർദിഷ്ട താപനിലയിൽ സൂക്ഷിക്കേണ്ട ചില അവശ്യ മരുന്നുകൾ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംഭരിച്ചിരുന്നതെന്നും കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ചില മരുന്നുകളുടെ ലേബലിംഗ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് എഫ്.ഡി.എ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.


എന്നാൽ കമ്പനിയുടെ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയതോടെയാണ് ഗോഡൗണിന്റെ ഡ്രഗ് ലൈസൻസ് താത്കാലികമായി റദ്ദാക്കിയത്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് എഫ്ഡിഎ സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


അതേസമയം, കണ്ടെത്തിയ സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് സിപ്ല അറിയിച്ചു. എഫ്ഡിഎയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും ഗോഡൗണിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും കമ്പനി വ്യക്തമാക്കി. ഗുണനിലവാരമുള്ള മരുന്നുകളുടെ വിതരണം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സിപ്ല അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home