ad
Deshabhimani

സിനിമയും രാഷ്ട്രീയവും ഒന്നിക്കുന്ന തെന്നിന്ത്യന്‍ തന്ത്രം; എംജിആർ മുതൽ വിജയ് വരെ..

tamilnadu

എം ജി രാമചന്ദ്രൻ(എംജിആർ), ജാനകി രാമചന്ദ്രൻ, ജെ ജയലളിത, എം കരുണാനിധി, നന്ദമൂരി താരക രാമറാവു (എൻടിആർ), സി ജോസഫ് വിജയ്

വെബ് ഡെസ്ക്

Published on May 10, 2026, 04:04 PM | 3 min read

ചെന്നൈ: തെന്നിന്ത്യൻ രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ഡിഎൻഎ ബന്ധം ദശാബ്ദങ്ങൾ പിന്നിടുമ്പോൾ, തമിഴ് മണ്ണിൽ പുതിയൊരു രാഷ്ട്രീയ വിപ്ലവത്തിന് തിരിതെളിയിച്ചിരിക്കുകയാണ് ഇന്ന്. ആരാധക വൃന്ദം ദളപതിയെന്ന് വിളിക്കുന്ന വിജയ് തന്റെ രാഷ്ട്രീയ പാർടിയായ 'തമിഴക വെട്രി കഴകം' പ്രഖ്യാപിച്ചതോടെ, എം ജി ആറിലൂടെ കരുണാനിധിയിലൂടെ തുടങ്ങി ജയലളിതയിലൂടെയും എൻ ടി ആറിലൂടെയും വളർന്ന തെന്നിന്ത്യൻ സിനിമാ-രാഷ്ട്രീയ ചരിത്രം ഒരു പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ്.


സിനിമയും രാഷ്ട്രീയവും ഒരേപോലെ അടക്കിവാണ മുത്തുവേൽ കരുണാനിധി


സിനിമയിലൂടെയായിരുന്നു കരുണാനിധി രാഷ്ട്രീയത്തിലേക്ക് വരുന്നതെന്ന് പറയാം. തുടക്കത്തിൽ അഭിമന്യൂ എന്ന പുരാണ ചിത്രത്തിനായി സംഭാഷണം എഴുതിയായിരുന്നു കരുണാനിധിയുടെ തുടക്കം. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന്‍റെ പേരില്ലായിരുന്നു. അതോടെ ഇനി സിനിമയിലേക്ക് ഇല്ലെന്ന് തീരുമാനിച്ച് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. 1950ൽ കരുണാനിധി തിരക്കഥയെഴുതിയ 'മന്ത്രികുമാരി'യിലൂടെയാണ് എം ജി ആർ നായകനായി ഉദിച്ചുയർന്നത്. 75ഓളം സിനിമകൾക്ക് സംഭാഷണമെഴുതിയ 'കലൈജ്ഞർ', സിനിമയെ രാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി. 2007ൽ കലൈഞ്ജർ ടിവി സ്ഥാപിച്ചു. 1957 മുതൽ 2016 വരെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. അഞ്ച് തവണ മുഖ്യമന്ത്രിയായ കരുണാനിധി, പാവപ്പെട്ടവർക്കായി നിരവധി സൗജന്യ പദ്ധതികൾ നടപ്പിലാക്കി. മകൻ എം കെ സ്റ്റാലിനും ചെറുമകൻ ഉദയനിധി സ്റ്റാലിനും സിനിമയും രാഷ്ട്രീയവും കൈകാര്യം ചെയ്യുന്നു.


എം ജി ആർ: വിപ്ലവ നായകനിൽ നിന്ന് ജനനായകനിലേക്ക്


സിനിമയിലെ താരപ്രഭയെ രാഷ്ട്രീയ വിജയമാക്കി മാറ്റിയ ആദ്യത്തെ താരം എം ജി രാമചന്ദ്രൻ എന്ന എം ജി ആറാണ്. 1972ൽ ഡി എം കെയിൽ നിന്നും എ ഐ എ ഡി എം കെ രൂപീകരിച്ച അദ്ദേഹം, ഇന്ത്യയിൽ മുഖ്യമന്ത്രിയാകുന്ന ആദ്യ ജനപ്രിയ നടനായി. 'സൗജന്യ ഉച്ചഭക്ഷണ പദ്ധതി'യിലൂടെ പാവപ്പെട്ടവരുടെ 'മക്കൾ തിലകം' ആയും അദ്ദേഹം മാറി. ആരാധകരെ രാഷ്ട്രീയ പ്രവർത്തകരാക്കി മാറ്റിയ എം ജി ആർ മാജിക് 1987ൽ മരിക്കുന്നത് വരെ തമിഴ്‌നാട് ഭരിക്കാൻ അദ്ദേഹത്തെ സഹായിച്ചു.


ജാനകി രാമചന്ദ്രൻ: തമിഴ്‌നാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രി


എം ജി ആറിന്റെ മരണശേഷം തമിഴ് രാഷ്ട്രീയം കണ്ടത് നാടകീയമായ നീക്കങ്ങളാണ്. രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നെങ്കിലും, പ്രതിസന്ധി ഘട്ടത്തിൽ പാർടി പ്രവർത്തകരുടെ ആവശ്യപ്രകാരം എം ജി ആറിന്റെ ഭാര്യയും നടിയുമായിരുന്ന ജാനകി രാമചന്ദ്രൻ നേതൃത്വമേറ്റെടുത്തു. 1988 ജനുവരി 7ന് തമിഴ്‌നാടിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി അവർ സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ പാർടിക്കുള്ളിലെ പിളർപ്പും നിയമസഭയിലെ സംഘർഷങ്ങളും കാരണം 24 ദിവസം മാത്രമേ ആ സർക്കാരിന് ആയുസ്സുണ്ടായിരുന്നുള്ളൂ. പിന്നീട് ജയലളിതയുമായുള്ള രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ പാർടി ഒന്നായതോടെ അവർ രാഷ്ട്രീയം ഉപേക്ഷിച്ചു.


ജയലളിത: താരപ്രഭയുടെ കരുത്തുറ്റ തുടർച്ച


എം ജി ആറിന്റെ രാഷ്ട്രീയ പിൻഗാമിയായി എത്തിയ ജയലളിത, തമിഴ് രാഷ്ട്രീയത്തില്‍ 'അമ്മ'യായി അറിയപ്പെട്ടു. സിനിമയിൽ എം ജി ആറിന്റെ നായികയായി തിളങ്ങിയ അവർ, രാഷ്ട്രീയത്തിൽ കടുത്ത പോരാട്ടങ്ങളിലൂടെയാണ് അധികാരം പിടിച്ചത്. 1991ൽ മുഖ്യമന്ത്രിയായ ജയലളിത, പ്രതിസന്ധികളെയും അഴിമതി ആരോപണങ്ങളെയും ധീരമായി നേരിട്ടു. കരുണാനിധിയുമായുള്ള അവരുടെ രാഷ്ട്രീയ പോരാട്ടം തമിഴ് രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത അധ്യായമാണ്.


എൻ ടി രാമറാവു: തെലുങ്ക് മണ്ണിലെ ഇതിഹാസം


ആന്ധ്രാപ്രദേശിൽ 'തെലുങ്ക് ദേശം പാർട്ടി' (റ്റിഡിപി) രൂപീകരിച്ച് ഒൻപത് മാസത്തിനുള്ളിലാണ് നന്ദമൂരി താരക രാമറാവു (എൻടിആർ) അധികാരത്തിലെത്തിയത്. പത്മശ്രീ ജേതാവായ അദ്ദേഹം രണ്ടുതവണ ആന്ധ്ര മുഖ്യമന്ത്രിയായി. തെലുങ്ക് സംസ്‌കാരത്തെയും ആത്മാഭിമാനത്തെയും മുൻനിർത്തി അദ്ദേഹം നടത്തിയ പോരാട്ടം ഇന്നും ചരിത്രമാണ്.


വിജയ്: ദളപതിയിൽ നിന്ന് തമിഴകത്തിന്റെ നായകനിലേക്ക്


ഈ നിരയിലെ ഏറ്റവും പുതിയ കണ്ണിയാണ് സി ജോസഫ് വിജയ് എന്ന വിജയ്. 'തമിഴക വെട്രി കഴകം' (ടിവികെ) എന്ന പാർട്ടിയിലൂടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യം വച്ചത്. "പിറപ്പൊക്കും എല്ലാ ഉയിർക്കും" എന്ന സമത്വത്തിന്റെ മുദ്രാവാക്യമുയർത്തുന്ന വിജയ്, തന്റെ സിനിമാ കരിയർ ഉപേക്ഷിച്ചാണ് പൂർണസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. തമിഴ്‌നാട്ടിലെ യുവാക്കൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറി. സിനിമയും രാഷ്ട്രീയവും ഇഴചേർന്നു കിടക്കുന്ന തമിഴ് മണ്ണിൽ, താരപ്രഭ വോട്ടായി മാറുന്ന മാന്ത്രികതയാണ് വിജയ്ലൂടെ ആവർത്തിച്ചത്. തിയേറ്ററുകളിൽ കൈയടിച്ച് മാത്രം നിന്നിരുന്ന ഫാൻസ് പിന്നീട് അവർ പോലും അറിയാതെ രാഷ്ട്രീയ പ്രവർത്തകരായി മാറുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home