print edition മധ്യപ്രദേശിൽ വീണ്ടും ക്രൈസ്‍തവ വേട്ട; മലയാളിയടക്കം 3 കന്യാസ്‌ത്രീകളെ കസ്റ്റഡിയിലെടുത്തു

എ ഐ നിർമിത ചിത്രം
ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഇൻഡോറിൽ മലയാളിയടക്കം മൂന്ന് കന്യാസ്‌ത്രീകളെയും മഠത്തിലെ എട്ട് വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത് റെയിൽവെ പൊലീസ്. ഒഡിഷയിൽനിന്നുള്ള വിദ്യാർഥിനികളെ അവധിക്ക് നാട്ടിലേക്ക് കൊണ്ടുവിടാൻ ചൊവ്വാഴ്ച സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു മനുഷ്യക്കടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്തത്.
വിദ്യാർഥിനികളോടൊപ്പം രണ്ട് കന്യാസ്‌ത്രീകൾ ആയിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്. ഇവരെ യാത്രയാക്കാനാണ് മലയാളി കന്യാസ്‌ത്രീ സ്‌റ്റേഷനിലെത്തിയത്. റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രവേശിച്ചയുടൻ പൊലീസുകാർ തടഞ്ഞുനിർത്തി. കസ്റ്റഡിയിലെടുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മനുഷ്യക്കടത്ത് നടത്തുകയാണെന്നാരോപിച്ച് മണിക്കൂറുകളോളം ചോദ്യംചെയ്‌തു. മഠത്തിലെ വിദ്യാർഥികളാണെന്ന് അറിയിച്ചിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. ട്രെയിൻ പോയതോടെ യാത്രയും മുടങ്ങി. ഇൻഡോർ രൂപത ബിഷപ് തോമസ് മാത്യു ഉൾപ്പെടെയുള്ളവരെ മലയാളി കന്യാസ്‍ത്രീ വിവരമറിയിച്ചു. ബിഷപ്പിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി ഏറെനേരം ചർച്ച നടത്തിയശേഷമാണ് വിട്ടയച്ചത്.
ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ക്രൈസ്‍തവർക്കെതിരായ അതിക്രമം വർധിക്കുകയാണ്. 2025 ഏപ്രിൽ ഒന്നിനാണ് മധ്യപ്രദേശിലെ തന്നെ ജബൽപുരിലെ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ നോക്കിനിൽക്കെ മലയാളികളായ രണ്ട് കത്തോലിക്ക പുരോഹിതരെയടക്കം തീവ്ര ഹിന്ദുത്വവാദികൾ തല്ലിച്ചതച്ചത്.
ജൂലൈയിൽ ഛത്തീസ്‌ഗഡിലെ ദുർഗിൽ മലയാളി കന്യാസ്‌ത്രീകളെ മതപരിവർത്തനം ആരോപിച്ച് ജയിലിടലച്ചിരുന്നു. സംഘപരിവാർ സംഘടനയായ ബജ്‌റംഗ്‌ദളുകാരാണ് ദുർഗിൽ ആക്രമണം അഴിച്ചുവിടുകയും മലയാളി കന്യാസ്‌ത്രീകളെ തടഞ്ഞുവയ്‌ക്കുകയും ചെയ്‌തത്.










0 comments