print edition നാടിന് കാവലാളായ് ചിന്നദുരൈ

ഗന്ധർവക്കോട്ടയിലെ സിപിഐ എം സ്ഥാനാർഥി എം ചിന്നദുരൈ വോട്ടഭ്യർഥിക്കുന്നു | ഫോട്ടോ: ശരത് കൽപ്പാത്തി
തഞ്ചാവൂർ: ജാതിയുടെ പേരിലുള്ള അതിക്രമങ്ങളും കൊലപാതകളും നിരന്തരം അരങ്ങേറിയിരുന്ന നാടാണ് ഗന്ധർവക്കോട്ടൈ. അത്തരത്തിൽ കുപ്രസിദ്ധി നേടിയ പുതുക്കോട്ട ജില്ലയിലാണ് മണ്ഡലം. സിപിഐ എം നേതൃത്വത്തിലുള്ള നിരന്തര പോരാട്ടങ്ങളിലുടെയും പ്രക്ഷോഭങ്ങളിലൂടെയും ഗന്ധർവക്കോട്ടൈയിലെ ജാതി അതിക്രമങ്ങളെ വലിയ അളവിൽ ചെറുക്കാനായി.
കർഷകരും അസംഘടിത തൊഴിലാളികളുമാണ് മണ്ഡലത്തിൽ അധികവും. ചോളം, മുന്തിരി, കരിന്പ്, കശുവണ്ടി, കപ്പലണ്ടി എന്നിവ പ്രധാന കൃഷി. തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളും ജാതി അതിക്രമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളും ദളിതരുടെ ക്ഷേത്ര പ്രവേശനം ഉറപ്പാക്കിയ നിരന്തര സമരങ്ങളുമാണ് മേഖലയിൽ സിപിഐ എമ്മിന് വേരോട്ടമുണ്ടാക്കിയത്. സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് തൊട്ടുകൂടായ്മ നിർമാർജന മുന്നണിയുടെ പ്രധാന നേതാവാണ് ഗന്ധർവക്കോട്ടൈ സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ എം ചിന്നദുരൈ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളാണ് പുതുക്കോട്ട ജില്ലയിൽ നിരവധി ക്ഷേത്രങ്ങളിൽ ദളിതർക്ക് പ്രവേശനം ലഭ്യമാക്കിയത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമാണ് ചിന്നദുരൈ.
1957ൽ രൂപീകൃതമായ മണ്ഡലം പിന്നീട് മണ്ഡല പുനർനിർണയത്തിൽ 1971ൽ ഇല്ലാതായി. അതുവരെ കോൺഗ്രസ് സ്വാധീന മണ്ഡലമായിരുന്നു. 2011ലെ പുനർനിർണയത്തിൽ ഗന്ധവർക്കോട്ടൈ വീണ്ടും രൂപീകരിച്ചു. സംവരണ മണ്ഡലമായ ഇവിടെ 2011, 2016 തെരഞ്ഞെടുപ്പുകളിൽ എഐഎഡിഎംകെ ജയിച്ചു. 2021ൽ മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഐ എം സ്ഥാനാർഥി എം ചിന്നദുരൈ മണ്ഡലം പിടിച്ചെടുത്തു. 400 ചെറുഗ്രാമങ്ങളാണ് മണ്ഡലത്തിലുള്ളത്. ശരിയായ റോഡുകൾ പോലുമില്ലാതെയിരുന്ന മണ്ഡലത്തിൽ 90 ശതമാനം റോഡുകളും നവീകരിച്ചു. ഐടിഐ, മിനി സ്‌റ്റേഡിയം, സ്‌കൂൾ കെട്ടിടങ്ങൾ തുടങ്ങിയ സമസ്‌ത മേഖലയിലും വികസനം കൊണ്ടുവന്നു. തീരദേശ മേഖലയിലെ 5000 സ്‌ത്രീകൾക്ക് തൊഴിൽ നൽകുന്ന കടൽപായൽ പാർക്ക് 127.72 കോടിരൂപ ചെലവിട്ട് സ്ഥാപിച്ചു. 2021ൽ സിപിഐ എം 12,721 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിയുടെ സി ഉദയകുമാറും ടിവികെയുടെ എൻ സുബ്രഹ്മണ്യവുമാണ് മറ്റ് സ്ഥാനാർഥികൾ. മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്നു സുബ്രഹ്മണ്യം.










0 comments