ad
Deshabhimani

എഐ ഉച്ചകോടി

print edition ഭാരതീയ യന്ത്രനായ (മെയ്ഡ് ഇന്‍ ചൈന) ; ചൈനീസ്‌ റോബോട്ടിനെ തദ്ദേശീയമായി വികസിപ്പിച്ചത്‌ 
 എന്ന് അവതരിപ്പിച്ച് സര്‍ക്കാര്‍, നാണംകെട്ട് രാജ്യം

chinese robot in Ai Impact Summit 2026

ചൈനീസ് പള്‍സ് എന്ന മാധ്യമം നൽകിയ വാര്‍ത്ത / തദ്ദേശീയമായി വികസിപ്പിച്ച എഐ മോഡലുകള്‍ എഐ 
ഉച്ചകോടിയിൽ മികച്ച പ്രകടനം കാഴ്ച‍വയ്ക്കുന്നുവന്ന് 
അവകാശപ്പെട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‍ണവ് 
എക്‍സിൽ പങ്കുവച്ച പോസ്റ്റ്

വെബ് ഡെസ്ക്

Published on Feb 19, 2026, 04:22 AM | 2 min read


ന്യൂഡൽഹി

മോദി സർക്കാർ കൊട്ടിഘോഷിച്ചുനടത്തുന്ന എഐ ഇംപാക്‌ട്‌ ഉച്ചകോടിയിൽ തദ്ദേശീയമായി വികസിപ്പിച്ചത്‌ എന്നവകാശപ്പെട്ട്‌ അവതരിപ്പിച്ചത്‌ ചൈനീസ്‌ റോബോട്ടിനെ. യുപി നോയിഡയിലുള്ള ഗാൽഗോട്ടിയാസ്‌ സ്വകാര്യ സർവകലാശാലയാണ്‌ ഒറയൻ (വേട്ടക്കാരൻ) എന്ന പേര്‌ നൽകി ചൈനീസ്‌ യന്ത്രനായ( റോബോഡോഗ്)യെ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. സര്‍വകലാശാലയിലെ സെന്റർ ഓഫ്‌ എക്‌സലൻസ്‌ ആണ്‌ റോബോട്ടിനെ നിർമിച്ചതെന്നായിരുന്നു അവകാശവാദം. വീഡിയോ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ്‌ കള്ളം പുറത്തായി. -ചൈനീസ് കമ്പനിയായ യൂണിട്രീയുടെ ജിഒട--ു മോഡൽ റോബോഡോഗാണ്‌ സർവകലാശാല അവതരിപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടി ചൈനീസ് മാധ്യമങ്ങളടക്കം പരിഹാസവുമായി രംഗത്ത് എത്തി.


ഭാരതം സ്വന്തമായി നിർമിച്ച ഉൽപ്പന്നങ്ങൾ ആഗോളതലത്തിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു എന്ന കുറിപ്പോടെ റോബോട്ടിന്റെ വീഡിയോ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്‌ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സർവകലാശാലയിലെ പ്രൊഫ. നേഹാ സിങ്‌ റോബോട്ടിനെ പരിചയപ്പെടുത്തുന്ന അഭിമുഖവും ഡിഡി ഇന്ത്യ നൽകി. റോബോട്ട്‌ കുസൃതിക്കാരനാണെന്ന്‌ പറഞ്ഞ്‌ അധ്യാപികയ്‌ക്ക്‌ പ്രോത്സാഹനം നൽകുന്ന മാധ്യമപ്രവർത്തകനെയും വീഡിയോയിൽ കാണാം. വിഷയത്തിൽ കേന്ദ്രസർക്കാരിനെതിെരെ വിമർശം കനത്തത്തോടെ മുഖം രക്ഷിക്കാനായി സർവകലാശാലയെ ഉച്ചകോടിയിൽനിന്ന്‌ പുറത്താക്കി. ലോകരാജ്യങ്ങൾക്കുമുന്നിൽ കേന്ദ്രം രാജ്യത്തെ നാണംകെടുത്തിയെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. മാപ്പുപറഞ്ഞ സര്‍വകലാശാല റോബോട്ടിനെ തങ്ങൾ നിർമിച്ചതാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന്‌ വിശദീകരിച്ചു.


എഐ ഉച്ചകോടിക്കിടെ മോഷണം

ഇരുപതിലധികം രാഷ്‌ട്രനേതാക്കളടക്കം പങ്കെടുക്കുന്ന എഐ ഉച്ചകോടിക്കിടെ മോഷണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ " റീൽ ചിത്രീകരണ'ത്തിനായി ഉച്ചകോടിയിലെ പ്രദര്‍ശന സ്റ്റാളുകൾ ഒഴിപ്പിച്ചപ്പോഴാണ്‌ സംഭവം. മോദി എത്തുന്നതിനാൽ സ്റ്റാളുകളിലുള്ളവരോട്‌ പുറത്തേക്ക്‌ മാറാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രധാനമന്ത്രി മടങ്ങിയശേഷം തിരിച്ചെത്തിയപ്പോൾ പല എഐ ഉപകരണങ്ങളും മോഷണം പോയെന്ന്‌ ബാംഗ്ലൂർ ആസ്ഥാനമായ നിയോസാപിയൻ കന്പനിയുടെ സിഇഒ ധനഞ്ജയ് യാദവ് എക്‍സിലൂടെ വെളിപ്പെടുത്തി. സംഭവം വൻ നാണക്കേടായതോടെ ഡൽഹി പൊലീസ്‌ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ചൊവ്വാഴ്ച ഉപകരണങ്ങള്‍ കണ്ടെടുത്ത് തന്നതായും സിഇഒ അറിയിച്ചു. വേറെയും സ്റ്റാളുകളിൽ മോഷണമുണ്ടായെന്നും റിപ്പോർട്ടുണ്ട്‌.


ഡൽഹി ഭാരത്‌ മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയുടെ സംഘാടനം പൂർണമായും പാളിയ നിലയിലാണ്‌. ഉച്ചകോടിയുടെ ആദ്യദിനം മുതല്‍ വ്യാപക പരാതികളാണ് ഉയരുന്നത്. പണമിടപാടുകള്‍ നടത്താനുള്ള ഡിജിറ്റല്‍ സംവിധാനങ്ങൾ പാടെ പാളി. ഭക്ഷണം ലഭ്യമാകുന്നതിലും വീഴ്ച സംഭവിച്ചു. പല സെഷനുകളും പൂർത്തിയാക്കാതെ അവസാനിപ്പിച്ചെന്നും വിമര്‍ശനമുണ്ട്‌. ഉച്ചകോടിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം മൂലം ഡല്‍ഹിവാസികള്‍ ദുരിതത്തിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home