print edition മോദിസർക്കാർ പ്രതിക്കൂട്ടിൽ

ഇന്ത്യ കൂട്ടായ്മ ഡൽഹിയിൽ നടത്തിയ പ്രതീകാത്മക ഇംപീച്ച്മെന്റിൽ പങ്കെടുക്കുന്ന നേതാക്കൾ
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് എതിരായ ജനകീയ വിചാരണയിലൂടെ പ്രതിപക്ഷം പ്രതിക്കൂട്ടിലാക്കിയത് മോദിസർക്കാരിനെ. ഭരണഘടനാപദവിയുടെ അധികാരം മോദി സർക്കാരിന് തീറെഴുതിയ ഗ്യാനേഷ് കുമാറിന് എതിരായ പ്രക്ഷോഭങ്ങൾ കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരായ വിശാലമായ രാഷ്ട്രീയപോരാട്ടമായി മാറ്റാനാണ് ഇന്ത്യാ കൂട്ടായ്മയുടെ തീരുമാനം.
ഗ്യാനേഷ് കുമാറിന് എതിരായ ഇംപീച്ച്മെന്റ് നടപടികൾക്ക് പാർലമെന്റിൽ അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ, നിലപാട് ജനങ്ങൾക്ക് മുന്പാകെ അവതരിപ്പിക്കാനുള്ള വേദിയാക്കി പ്രതീകാത്മക വിചാരണയെ മാറ്റിയെടുക്കാൻ ഇന്ത്യാ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.
വോട്ടവകാശം സംരക്ഷിക്കാനുള്ള ജനാധിപത്യ പോരാട്ടത്തിൽ ഒറ്റക്കെട്ടാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിലും പ്രതിപക്ഷം ജയിച്ചു. കേന്ദ്ര സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഭരണഘടനാസ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനങ്ങൾ രാജ്യവ്യാപകമായി ചർച്ചയാക്കാനുമായി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ‘സംവരണ സംരക്ഷണം ’വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തിക്കൊണ്ടുവരാനും ജനവികാരത്തെ വലിയരീതിയിൽ സ്പർശിക്കാനും പ്രതിപക്ഷത്തിന് സാധിച്ചിരുന്നു. സമാനായ രീതിയിൽ, ‘ഒരോ പൗരന്റെയും വോട്ട് ഭീഷണി നേരിടുന്നു’ – എന്ന പ്രചരണം വരുംനാളുകളിൽ ഇന്ത്യാകൂട്ടായ്മ ശക്തമാക്കും. അടുത്തവർഷം ആദ്യം ഉത്തർപ്രദേശിൽ ഉൾപ്പടെ നടക്കാൻ പോകുന്ന നിർണായക തെരഞ്ഞെടുപ്പിൽ ‘പാവപ്പെട്ടവരുടെ വോട്ട് അപഹരിച്ചവർക്ക് വീണ്ടും വോട്ട് ചെയ്യണോ?’– എന്ന ചോദ്യമായിരിക്കും പ്രതിപക്ഷം ഉന്നയിക്കുക.
അപരാധങ്ങൾ എണ്ണിപ്പറഞ്ഞ് കുറ്റപത്രം
ന്യൂഡൽഹി : ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും തകർത്തുവെന്ന് വ്യക്തമാക്കുന്ന കുറ്റപത്രമാണ് ഇന്ത്യാ കൂട്ടായ്മ ജനകീയ കുറ്റവിചാരണയിൽ ഉന്നയിച്ചത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആറ് ഗുരുതര കുറ്റങ്ങളാണ് ചൂണ്ടിക്കാട്ടിയത്.
‘ബിജെപിയുടെ താൽപര്യം സംരക്ഷിക്കാൻ ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചു. ഇതിനായുള്ള ആസൂത്രിത ഗൂഢാലോചനയിൽ പങ്കാളിയായി. വോട്ടർപട്ടികയിൽ ഇഷ്ടാനുസരണം പേരുകൾ ചേർക്കാനും വെട്ടാനും അവസരമൊരുക്കി.
ഇതിലൂടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് അനുകൂലമാക്കി. മനഃപൂർവ്വം നിയമവാഴ്ച്ച ലംഘിച്ചു. ഗ്യാനേഷ് കുമാറിന്റെ ഇത്തരം പ്രവൃത്തികൾ രാജ്യത്തിന് എതിരായ ക്രിമിനൽക്കുറ്റവും രാജ്യദ്രോഹവുമാണ്. എസ്ഐആറിലൂടെ ഏകദേശം 14 കോടി വോട്ടർമാർ ഒഴിവാക്കപ്പെടാൻ അദ്ദേഹം കാരണമായി.
ഇതിലൂടെ ഭരണഘടനയുടെ 326ാം അനുച്ഛേദം വാഗ്ദാനം ചെയ്യുന്ന പ്രായപൂർത്തി വോട്ടവകാശം ഹനിച്ചു. പാർലമെന്റിന്റെ അറിവോ അംഗീകാരമോ ഇല്ലാതെ ഫോം ആറിൽ മാറ്റം വരുത്തി പുതിയ വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കി. വോട്ടർമാരെ മനഃപൂർവ്വം ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ സോഫ്റ്റ്വെയർ ആയുധമാക്കി. തെരഞ്ഞെടുപ്പ് കമീഷനിലെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരെ നിശബ്ദരാക്കി തന്റെ അനുയായികളായ ഏഴ് ഉദ്യോഗസ്ഥരുമായി ചേർന്ന് കൂട്ടായ തീരുമാനമെടുക്കൽ പ്രക്രിയ അട്ടിമറിച്ചു.
തെരഞ്ഞെടുപ്പ് കമീഷനെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കും ആശങ്കകൾക്കും ചെവികൊടുത്തില്ല. ഇതിനെല്ലാം പ്രത്യുപകരമായി ഗ്യാനേഷിന്റെ കുടുംബാംഗങ്ങൾക്ക് വലിയ ആനുകൂല്യങ്ങളും അവസരങ്ങളും ലഭിച്ചു. ഭരണഘടനാപദവി നൽകുന്ന അധികാരം മോദിയുടെയും അമിത് ഷായുടെയും താൽപര്യങ്ങൾക്കായി വിനിയോഗിച്ച് ഗ്യാനേഷ് രാജ്യത്തെ വോട്ടർമാർ തന്നിൽ അർപ്പിച്ച വിശ്വാസം ബലി കഴിച്ചു’– കുറ്റപത്രം ചൂണ്ടിക്കാട്ടി.









0 comments