ഹോട്ടൽ ഉടമയ്ക്ക് നേരെ വധഭീഷണി; ഛോട്ടാ രാജന്റെ സഹായി ഡി കെ റാവു പിടിയിൽ

മുംബൈ: ഛോട്ടാ രാജന്റെ സഹായി രവി മല്ലേഷ് ബോറ എന്ന ഡി കെ റാവു പിടിയിൽ. അന്ധേരി ആസ്ഥാനമായുള്ള ഒരു ഹോട്ടലിന്റെ ഉടമയ്ക്ക് നേരെ വധഭീഷണി മുഴക്കിയതിനെ തുടർന്നാണ് ഡി കെ റാവുവിനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇന്നലെ ഡി കെ റാവുവിൻ്റെ ആറ് കൂട്ടാളികളെ അറസ്റ്റ് ചെയ്തിരുന്നു. കൊള്ളയടിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
ഹോട്ടൽ തനിക്ക് വിറ്റില്ലെങ്കിൽ ഉടമയെ വധിക്കുമെന്നായിരുന്നു ഡി കെ റാവുവിന്റെ ഭീഷണി. മുപ്പതിലധികം മുറികളുള്ള ഹോട്ടൽ രണ്ടരക്കോടി രൂപയ്ക്ക് വിൽക്കാൻ കഴിഞ്ഞ ഒരു വർഷമായി റാവു ഭീഷണിപ്പെടുത്തുന്നതായി ഉടമ നൽകിയ പരാതിയിലാണ് അറസ്റ്റ് നടന്നത്. ഡി കെ റാവുവിനെയും കൂട്ടാളികളേയും ഇന്ന് ഉച്ച കഴിഞ്ഞ് 37ാമത് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ഛോട്ടാ രാജന്റെ അറിയപ്പെടുന്ന സഹായിയാണ് ഡി കെ റാവു. 90കളിൽ ചെറിയ കുറ്റകൃത്യങ്ങൾ ചെയ്തിരുന്ന ഇയാൾ പിന്നീട് ഛോട്ടാ രാജൻ സംഘത്തിൽ ചേരുകയായിരുന്നു. കൊള്ളയടിക്കൽ, അക്രമം ഉൾപ്പെടെ വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായാണ് വിവരം. മുമ്പ് രണ്ട് തവണ നടന്ന പൊലീസ് ഏറ്റുമുട്ടലുകളിൽ നിന്ന് ഡി കെ റാവു രക്ഷപ്പെട്ടിട്ടുണ്ട്. നിലവിൽ 41 കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
Related News

0 comments