500 രൂപ പെൻഷൻ കൈപ്പറ്റാൻ ദുരിതയാത്ര; ഭർതൃമാതാവിനെ ചുമലിലേറ്റി നടന്നത് അഞ്ച് കിലോമീറ്റർ

ഭർതൃമാതാവായ സോൻവാരിയെ ചുമലിലേറ്റി നടക്കുന്ന സുഖ്‌മാനിയ | Screengrab
റായ്പൂർ: ഛത്തീസ്ഗഡിൽ പെൻഷൻ തുക കൈപ്പറ്റാൻ 90 വയസ്സുള്ള ഭർതൃമാതാവിനെ ചുമലിലേറ്റി അഞ്ച് കിലോമീറ്റർ നടന്ന് ആദിവാസി സ്ത്രീ. ദുരിതം നിറഞ്ഞ ജീവിതാവസ്ഥ തുറന്നകാട്ടിയ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.
വടക്കൻ ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ മെയിൻപാറ്റ് ബ്ലോക്കിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുനിയ ഏരിയയിലെ ജംഗൽപാറ ഗ്രാമവാസിയായ സുഖ്‌മാനിയ (55) ആണ് ഭർതൃമാതാവായ സോൻവാരിയെ ചുമലിലേറ്റി അഞ്ച് കിലോമീറ്റർ അകലെയുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലേക്ക് നടന്നുപോയത്. ഭർതൃമാതാവിന്റെ വാർദ്ധക്യകാല പെൻഷൻ തുക കൈപ്പറ്റുന്നതിനായിരുന്നു ഈ യാത്ര. വഴിയാത്രക്കാരിലൊരാളാണ് ഈ യാത്ര ക്യാമറയിൽ പകർത്തിയത്.
കുറച്ചുകാലമായി ഛത്തീസ്ഗഢിൽ പെൻഷൻ തുക വീട്ടിലെത്തിച്ച് നൽകുന്നത് നിർത്തലാക്കിയിരിക്കുകയാണ്. കൈവൈസി പൂർത്തിയാക്കാനാകാത്തതിനാൽ നാല് മാസത്തോളമായി പെൻഷൻ മുടങ്ങുകയും ചെയ്തു. അതിനാലാണ് ഇങ്ങനെ ബാങ്കിലേക്ക് പോകേണ്ടി വന്നതെന്ന് സുഖ്‌മാനിയ പറഞ്ഞു. മൂന്ന് മാസത്തെ പെൻഷൻ തുകയായ 1,500 രൂപ ബാങ്ക് അധികൃതർ ഉടൻ തന്നെ നൽകി.
സംഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ സ്ഥിതി ദയനീയമാണെന്നും ഇതിലും ചെറിയ തുകയ്ക്കുവേണ്ടി ജനങ്ങൾ വലിയ കഷ്ടപ്പാട് നേരിടേണ്ടി വരുന്നുണ്ടെന്നും നിരവധിപേർ പ്രതികരിച്ചു.










0 comments