ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; മൂന്ന് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു

റായ്പ്പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ സുക്മയിലെ ഗൊലാപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് തിരച്ചിലിനിറങ്ങിയ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് സംഘത്തിന് നേരെ വനത്തിനുള്ളിൽ ഒളിച്ചിരുന്ന നക്സലൈറ്റുകൾ വെടിയുതിർക്കുകയായിരുന്നു. സേന ശക്തമായി തിരിച്ചടിച്ചതോടെയാണ് മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയുമുണ്ട്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി സുക്മ എസ് പി കിരൺ ചവാൻ അറിയിച്ചു. മേഖലയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വിരുദ്ധ വേട്ട ശക്തമാക്കിയ ഈ വർഷം ഇതുവരെ വിവിധ ഏറ്റുമുട്ടലുകളിലായി 284 നക്സലൈറ്റുകളാണ് കൊല്ലപ്പെട്ടത്. ഇതിൽ സിംഹഭാഗവും സുക്മ, ബിജാപൂർ, ദന്തേവാഡ തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിലാണ്.
റായ്‌പുർ ഡിവിഷനിലെ ഗരിയാബന്ദ് ജില്ലയിൽ 27 പേരും ദുർഗ് ഡിവിഷനിലെ മോഹ്‌ല-മാൻപൂർ-അംബഗഢ് ചൗക്കി ജില്ലയിൽ രണ്ട് പേരും ഇക്കാലയളവിൽ കൊല്ലപ്പെട്ടിട്ടുണ്ട്.










0 comments