ഭാര്യയെ കഴുത്തറുത്ത് കൊന്നു; വെട്ടിമാറ്റിയ തലയുമായി ഗ്രാമത്തിൽ ചുറ്റിനടന്ന് ഭർത്താവ്

റായ്പൂർ: ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. കുടുംബകലഹത്തെത്തുടർന്ന് ഭാര്യയുടെ തലയറുത്ത ശേഷം വെട്ടിമാറ്റിയ തലയുമായി പ്രതി ഗ്രാമത്തിലൂടെ ചുറ്റിനടന്നു. സാലിക് റാം യാദവ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയവും തുർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രാദേശിക കോഴി ഫാമിലെ കാവൽക്കാരനാണ് പ്രതിയായ സാലിക് റാം. ഇയാൾ മദ്യലഹരിയിൽ വീട്ടിലെത്തിയതിനെത്തുടർന്ന് ഭാര്യയുമായി തർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ സാലിക് റാം മാംസം മുറിക്കാൻ ഉപയോഗിക്കുന്ന മൂർച്ചയുള്ള ആയുധമെടുത്ത് ഭാര്യയെ ആക്രമിക്കുകയായിരുന്നു.
പിന്നീട് വെട്ടിമാറ്റിയ തല പ്ലാസ്റ്റിക് ചാക്കിലാക്കി. ശേഷം തലയുമായി തെരുവിലൂടെ 'എന്റെ ഭാര്യയെ ഞാന്‍ കൊന്നു' എന്ന് വിളിച്ചുപറഞ്ഞ് നടക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി പ്രതിയെ കൊണ്ടുപോയി. ഭാര്യയുടെ സ്വഭാവത്തിൽ സംശയമുണ്ടായിരുന്നതായും നിരന്തരമായ തർക്കങ്ങളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.
ഇവർക്ക് നാല് കുട്ടികളുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.










0 comments