സീറ്റ് വിഭജനത്തിൽ അഴിമതി; ബിഹാറിൽ കോൺഗ്രസ് നേതാക്കളെ ഓടിച്ചിട്ട് തല്ലി പ്രവർത്തകർ
പട്ന: ബിഹാറിലെ സീറ്റ് വിഭജന ചർച്ചകൾ കഴിഞ്ഞ് മടങ്ങവേ കോൺഗ്രസ് പ്രവർത്തകരെ ഓടിച്ചിട്ട് തല്ലി. പട്ന എയർപോർട്ടിലാണ് കോൺഗ്രസ് പ്രവർത്തകരെ സ്വന്തം പാർടി പ്രവർത്തകർ തന്നെ ആക്രമിച്ചത്. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജേഷ് റാം, ബിഹാർ കോൺഗ്രസ് ഇൻ ചാർജ് കൃഷ്ണ അല്ലവാരു, മുതിർന്ന നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ എന്നിവരെയാണ് വളഞ്ഞിട്ട് ആക്രമിച്ചത്. ബുധനാഴ്ച വൈകുന്നേരം സീറ്റ് വിഭജന ചർച്ചയ്ക്ക് ശേഷം ഡൽഹിയിൽ നിന്ന് ഇവർ മടങ്ങിയത്തുമ്പോഴാണ് വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
സീറ്റ് വിഭജനത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നേതാക്കൾക്ക് നേരെ തിരിയുകയായിരുന്നു. ബിക്രം നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് രോഷാകുലരായി നേതാക്കളെ വളഞ്ഞത്. പ്രതിഷേധക്കാർ സ്വന്തം നേതാക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ചു. പൂർണിയ എംപി രാജേഷ് രഞ്ജന്റെ( പപ്പു യാദവ്) അനുയായിയായ മനീഷിനെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. തുടർന്ന് സംഘർഷം ഉടലെടുത്തു.
അടുത്തിടെ ബിജെപിയിലേക്ക് മാറിയ ബിക്രത്തിലെ സിറ്റിംഗ് എംഎൽഎ സിദ്ധാർഥ് സൗരഭിനെ വീണ്ടും മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയിരുന്നു. കോൺഗ്രസ് നേതാക്കൾ 5 കോടിക്ക് സീറ്റ് വിറ്റുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇന്ത്യാ ബ്ലോക്കിൽ സീറ്റ് വിഭജന ക്രമീകരണങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. അന്തിമ ഘട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) 160 സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചു. ആർജെഡി 130 സീറ്റുകളിലും കോൺഗ്രസ് 60 സീറ്റുകളിലും വിഐപി പാർടി 18 സീറ്റുകളിലും മത്സരിക്കുമെന്നാണ് വിവരം. 35 സീറ്റുകളിൽ ഇടത് പാർടികളും മത്സരിച്ചേക്കും.










0 comments