ലൈംഗിക പീഡന കേസ്: അന്വേഷണത്തിനിടയിൽ പിൻവലിച്ചത് ലക്ഷങ്ങൾ; ചൈതന്യാനന്ദയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ

ന്യൂഡൽഹി: ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് മേധാവി സ്വാമി ചൈതന്യാനന്ദയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ. ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർത്ഥികളുടെ ലൈംഗിക പീഡന പരാതിയിന്മേൽ ചൈതന്യാനന്ദയെ ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. 17 ഓളം പെൺകുട്ടികളുടെ പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അതിനുശേഷം ഇയാൾ ഒളിവിലാണ്. എന്നാൽ അന്വേഷണം നടക്കുന്ന കാലഘട്ടത്തിൽ 50 ലക്ഷത്തോളം രൂപയാണ് ഇയാൾ തന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. വ്യത്യസ്ത പേരുവിവരങ്ങൾ ഉപയോഗിച്ചാണ് ഒളിവിലുള്ള ഇയാൾ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിരിക്കുന്നത്.
18 ബാങ്ക് അക്കൗണ്ടുകളും അതിലായി 28 ഫിക്സഡ് ഡെപ്പോസിറ്റുകളും ഇയാൾക്കുണ്ട്. അതിൽ എട്ട് കോടിയോളം രൂപയാണുള്ളത്. ഇതെല്ലാം പോലീസ് മരവിപ്പിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇൻസ്റ്റിട്യൂട്ടിലെ പെൺകുട്ടികൾ ഉന്നയിച്ചത്. രാത്രി അശ്ലീലസന്ദേശങ്ങളയക്കുക, ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുക, പെൺകുട്ടികളുടെ ഹോസ്റ്റലിൽ മുക്കിലും മൂലയിലും സിസിടിവി വയ്ക്കുക, ഇയാളുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുന്നവരിൽ നിന്ന് ഫീസ് കൂട്ടി വാങ്ങുകയും മാർക്ക് കുറയ്ക്കുകയും ചെയ്യുക, ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ഉപയോഗിച്ച് പെൺകുട്ടികളെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുക എന്നിങ്ങനെയുള്ള പരാതികളാണ് ഇയാൾക്കെതിരെ നൽകിയിരിക്കുന്നത്.









0 comments