വരിഞ്ഞുമുറുക്കി കേന്ദ്രം; വിദേശസംഭാവന നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി

ന്യൂഡൽഹി : സർക്കാരിതര സംഘടനകൾക്കും (എൻഡിഒ) അസോസിയേഷനുകൾക്കുമുള്ള വിദേശസംഭാവന നിയന്ത്രണ നിയമങ്ങൾ കർശനമാക്കി കേന്ദ്രം. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ചട്ടങ്ങൾ ഭേദഗതി വരുത്തി ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. 22നാണ് പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. കേന്ദ്രം നിർദേശിച്ചിട്ടുള്ള ഉദ്ദേശ്യങ്ങളുടെ പട്ടികയിൽ നിന്ന് മാത്രമേ ഇനി വിദേശ സംഭാവന സ്വീകരിക്കാൻ സാധിക്കൂ. സംഘടനകൾ തങ്ങളുടെ പ്രവർത്തന ലക്ഷ്യവും ഏതെല്ലാം സംസ്ഥാനങ്ങളിലാണ് പ്രവർത്തിക്കുന്നത് എന്ന വിവരവും വെളിപ്പെടുത്തണം. വിദേശ പൗരന്മാർ ഉൾപ്പെടുന്ന സംഘടനകൾക്ക് അനുമതി നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഫണ്ട് വിനിയോഗത്തിന്റെ പരിധി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
വിദേശ ഫണ്ട് തേടുന്ന എൻജിഒകൾ കേന്ദ്രം നിലവിൽ വ്യക്തമാക്കിയിട്ടുള്ള അഞ്ച് വിഭാഗങ്ങളിൽ ഒന്നിൽ രജിസ്റ്റർ ചെയ്യണം. സാമൂഹികം, സാമ്പത്തികം, വിദ്യാഭ്യാസം, സാംസ്കാരികം, മതം എന്നിവയാണ് അഞ്ച് വിഭാഗങ്ങൾ. ഓരോ വിഭാഗത്തിലും അനുവദനീയമായ പ്രവർത്തനങ്ങളും പട്ടികപ്പെടുത്തിയിട്ടുണ്ട്. എൻജിഒകളുടെ നിലവിലെ പ്രവർത്തനങ്ങൾ, ഏതെല്ലാം ഇടങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ടെന്ന വിവരം, വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ വെളിപ്പെടുത്തണം. എഫ്‌സിആർഎ രജിസ്റ്റർ ചെയ്യുന്നവർക്കുള്ള മുൻ സിംഗിൾ ഫീസിനു വിപരീതമായി, പ്രവർത്തിക്കുന്ന ഓരോ വിഭാഗത്തിനും, സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും പ്രത്യേക ഫീസ് നൽകണം.
പുതിയ രജിസ്ട്രേഷനുകൾക്ക് ഈ മാനദണ്ഡങ്ങൾ ബാധകമാണ്. നിലവിലുള്ള രജിസ്ട്രേഷനുകൾ അടുത്ത ഒരു വർഷത്തിനുള്ളിൽ നിബന്ധനകൾ പാലിക്കണം. ലംഘനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തും.
എൻജിഒയുടെ "പ്രധാന ഭാരവാഹി" എന്ന പദവിയിലേക്ക് ഭാരവാഹികൾ, ഡയറക്ടർമാർ എന്നിവരെ കൂടാതെ ട്രസ്റ്റികൾ, പങ്കാളികൾ, അവിഭക്ത ഹിന്ദു കുടുംബത്തിന്റെ തലവൻ, ഭരണസമിതി അംഗങ്ങൾ, സംഘടനയിൽ നിയന്ത്രണാധികാരമുള്ളവർ എന്നിവരെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കാനും ഭേദഗതിയിൽ പറയുന്നു. വിദേശ പൗരന്മാർ (ഇന്ത്യൻ വംശജർ ഒഴികെ) പ്രധാന ഭാരവാഹികളായ അസോസിയേഷനുകളെ സാധാരണഗതിയിൽ രജിസ്ട്രേഷന് അർഹതയുള്ളതായി കണക്കാക്കില്ല. എന്നാൽ പ്രത്യേക ഉത്തരവിലൂടെ ഇത്തരം കേസുകളിൽ കേന്ദ്ര സർക്കാരിന് അനുമതി നൽകാനുള്ള വ്യവസ്ഥ നിലനിർത്തിയിട്ടുണ്ട്. എൻജിഒ അസോസിയേഷനോ ഏതെങ്കിലും പ്രധാന പ്രവർത്തകരോ പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ ആ വിവരവും കേന്ദ്രത്തെ അറിയിക്കണം.
സർക്കാർ നിശ്ചയിച്ച പട്ടികയിൽ നിന്നുള്ള പ്രവർത്തന മേഖലയാണ് തെരഞ്ഞെടുക്കേണ്ടത്. ഈ വിവരങ്ങൾ സംഘടനകൾക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. ചില വിഭാഗങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം എന്നുള്ള വിഭാഗത്തിൽ 22 പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഭരണഘടനാ അവകാശങ്ങൾ, മൗലിക കടമകൾ, ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ രാഷ്ട്രീയേതര സ്വഭാവമുള്ളതായിരിക്കണം എന്ന മുന്നറിയിപ്പ് പ്രത്യേകമായി നൽകുന്നുണ്ട്. 18 പ്രവർത്തനങ്ങൾ ലിസ്റ്റ് ചെയ്തിട്ടുള്ള സാംസ്കാരിക വിഭാഗത്തിലും രാഷ്ട്രീയ/പ്രത്യയശാസ്ത്ര ഉള്ളടക്കങ്ങൾക്ക് വിലക്കുണ്ട്.
മത വിദ്യാഭ്യാസം, ധാർമിക പ്രബോധനം, സത്സംഗ്, പ്രഭാഷണങ്ങൾ, ധ്യാനം, ശ്മശാന സ്ഥല വികസനവും പരിപാലനവും എന്നിവ ഉൾപ്പെടെ 16 അനുവദനീയമായ മതപരമായ പ്രവർത്തന വിഭാഗങ്ങളുണ്ട്. സാമ്പത്തിക വിഭാഗത്തിലന് കീഴിൽ 19 പ്രവർത്തനങ്ങളും സാമൂഹിക വിഭാഗത്തിന് കീഴിൽ 30 പ്രവർത്തനങ്ങളും പട്ടികപ്പെടുത്തിയിട്ടുണ്ട്.
എഫ്‌സിആർഎ ലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന മറ്റൊരു ഉത്തരവും എംഎച്ച്‌എ വിജ്ഞാപനം ചെയ്തിട്ടുണ്ട്. പട്ടികയിലുള്ള ആവശ്യങ്ങൾക്ക് പുറമെയുള്ള ആവശ്യങ്ങൾക്ക് ഫണ്ട് ഉപയോഗിക്കുന്നതിന്, ഉപയയോഗിച്ച തുകയുടെ 30 ശതമാനം വരെയോ 1 ലക്ഷം രൂപയോ പിഴ ഈടാക്കാം. ഉയർന്ന തുക ഏതാണോ അത് പിഴയായി കണക്കാക്കും. അനുവദനീയമായ ചെലവുകളുടെ പരിധിക്കപ്പുറം ചെലവഴിച്ചാലും ഒരുലക്ഷം രൂപ പിഴ ഈടാക്കും. മാർച്ചിൽ ലോക്‌സഭയിൽ കേന്ദ്രമന്ത്രി നിത്യാനന്ദ റായ് ആണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ അവതരിപ്പിച്ചത്.










0 comments