ad
Deshabhimani

പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം ഇ 10 ലേക്ക്; ആശങ്കകള്‍ക്ക് പരിഹാരമാകില്ല

e 10
വെബ് ഡെസ്ക്

Published on Aug 27, 2026, 01:24 PM | 2 min read

ന്യൂഡൽഹി : ഇന്ത്യയിൽ നടപ്പാക്കിയ ഇ 20 പെട്രോൾ നയത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ ഇ 10 ഇന്ധനം ലഭ്യമാക്കാനുള്ള നീക്കത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ഇ 20 ഇന്ധനം ഉപയോ​ഗിക്കുന്നതിലൂടെ വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാവുകയും ഇന്ധനക്ഷമത കുറയുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്നിരുന്നു. പഞ്ചസാര ഉള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയിലുമെത്തി. ഇതിനെതിരെ പ്രതിഷേധം രൂക്ഷമായതോടെയാണ് മുഖം ര‌ക്ഷിക്കാന്‍ വേണ്ടിയുള്ള കേന്ദ്രത്തിന്‍റെ പുതിയ നീക്കം.


എന്താണ് ഇ 10


10 ശതമാനം എഥനോൾ കലർത്തിയ പെട്രോളാണ് ഇ 10. ഇ 20 യിൽ ശുദ്ധമായ പെട്രോളിനൊപ്പം 20 ശതമാനം എഥനോൾ കൂടി കലർത്തിയിരുന്നു. ഇ 10 ൽ അത് പത്ത് ശതമാനമാക്കി കുറയ്ക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം. തീരുമാനത്തിന്റെ ഭാ​ഗമായി ഇന്ത്യൻ ഓയിലിന്റെ എക്സ്പി 95 ഉൾപ്പെടെയുള്ള പ്രീമിയം ബ്രാന്‍ഡുകള്‍ 10% എഥനോള്‍ മിശ്രിതത്തോടെ വില്‍ക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്. എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, എന്നിവരുമായി പെട്രോളിയം മന്ത്രാലയം ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ട്.


പഴയ വാഹനങ്ങളിൽ ഇ 20 പെട്രോൾ പ്രവർത്തിക്കുമോ ഇല്ലയോ എന്നത് മാത്രമല്ല രാജ്യത്തിന് മുന്നിലുള്ള പ്രശ്നം. പഴയ വാഹനങ്ങളില്‍ ഇ 20 പെട്രോള്‍ മൂലമുണ്ടാകുന്ന പ്രശ്നത്തെക്കുറിച്ചും ഇന്ധനക്ഷമതയെക്കുറിച്ചും വാഹന ഉടമകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വാഹനങ്ങളുടെ മൈലേജ് കുറയുക, കാർബറേറ്ററിനുള്ളിൽ പൊടിപോലെ വസ്‌തു അടിയുകയും വണ്ടി സ്റ്റാർട്ട് ആക്കാൻ പറ്റാതെയും വരുക, ഇന്ധന ടാങ്കുകൾ തുരുമ്പെടുക്കുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇ 10 പ്രശ്നപരിഹാരമാകില്ല


ഇ 10 പെട്രോളിലേക്ക് മാറിയാലും പ്രശ്നപരിഹാരമാകില്ല. കരിമ്പ്, ചോളം, അരി തുടങ്ങിയ ഭക്ഷ്യവിളകളാണ് എഥനോൾ ഉത്പാദിപ്പിക്കാനുപയോ​ഗിക്കുന്നത്. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊര്‍ജ്ജ സാന്ദ്രത കുറവാണ്. അതിനാല്‍, പെട്രോളില്‍ എഥനോളിന്റെ അളവ് കൂടുമ്പോള്‍ ഇന്ധനക്ഷമത കുറയാന്‍ സാധ്യതയുണ്ട്. അതായത് ഇ 10 ഉപയോ​ഗിക്കുമ്പോഴും വാഹനങ്ങളിൽ പ്രശ്നങ്ങളുണ്ടാകുന്നുവെന്ന് സാരം. വാഹനങ്ങളുടെ മോഡലും ഡ്രൈവിങ്ങ് സാഹചര്യങ്ങളുമടിസ്ഥാനമാക്കിയാണ് പ്രശ്നങ്ങളുടെ ആഴം കണക്കാക്കാൻ കഴിയുകയെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. 2023 ഏപ്രിലിന് മുന്‍പ് വിറ്റഴിച്ച വാഹനങ്ങള്‍ പൊതുവെ ഇ 10ന് അനുയോജ്യമായവയാണെന്ന് പറയപ്പെടുന്നുവെങ്കിലും, പഴയ വാഹനങ്ങളുടെ ഉടമകള്‍ക്കിടയിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നു.


20 ശതമാനം എഥനോള്‍ അടങ്ങിയ ഇ 20 ആണ് നിലവില്‍ ഇന്ത്യയിലുടനീളമുള്ള പമ്പുകളില്‍ ലഭ്യമാകുന്നത്. ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്ന 95-ഒക്ടൈയ്ന്‍ പെട്രോള്‍ പ്രശ്നപരിഹാരത്തിന് ഒരു കാരണമായി കേന്ദ്രം പറഞ്ഞിരുന്നു. ഒരു വശത്ത് പെട്രോൾ വില കുതിച്ചുയരുമ്പോഴാണ് സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത പ്രീമിയം പെട്രോൾ വാങ്ങാൻ സർക്കാർ സമ്മർദ്ദം ചെലുത്തുന്നത്. ഇതിലും വിവാദങ്ങളുയർന്ന സാഹചര്യത്തിലാണ് ഇ 10 പെട്രോളുമായി എത്തിയിരിക്കുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home