സോനം വാങ്ചുക് ജയിൽ മോചിതനാവുന്നു, എൻഎസ്എ ചുമത്തിയത് പിൻവലിച്ചു

ന്യൂഡൽഹി: ലഡാക്കിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്ചുക്കിനെതിരെ ചുമത്തിയിരുന്ന ദേശീയ സുരക്ഷാ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അദ്ദേഹത്തെ തടവിലിടാനായി പ്രയോഗിച്ച എൻഎസ്എ(National Security Act) വകുപ്പ് പിൻവലിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. ഇതോടെ വാങ്ചുക് ജയിൽ മോചിതനാവും.
ലഡാക്കിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനും എല്ലാ വിഭാഗങ്ങളുമായും അർത്ഥവത്തായ ചർച്ചകൾ നടത്തുന്നതിനുമുള്ള അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ഇദ്ദേഹത്തിനെതിരെ എൻ എസ് എ ചുമത്തിയതിന് തെളിവായി പറഞ്ഞ കാര്യങ്ങൾ ഇതുവരെ കോടതിയിൽ എത്തിക്കാൻ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലാണ് വാങ്ചുക് കഴിയുന്നത്.
താൻ സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നില്ലെന്ന് മാർച്ച് 12-ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. അന്യായ തടവ് ആരോപിച്ച് വാങ് ചുകിന്റെ ഭാര്യ നൽകിയ ഹര്‍ജി സുപ്രീം കോടതി പരിഗണനയിലാണ്. ഈ കേസ് പരിഗണിക്കവെ, വാങ്‌ചുകിന്റെ പ്രസംഗങ്ങളുടെയും മൊഴികളുടെയും ട്രാൻസ്‌ക്രിപ്റ്റുകൾ ഹാജരാക്കുന്നതിൽ കാലതാമസം വരുത്തിയതിന് സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 26 നായിരുന്നു കേസ് പരിഗണിച്ചത്. എൻഎസ്എ ചുമത്തുന്നതിന് കാരണമായി പറഞ്ഞ ഈ തെളിവുകൾ കേന്ദ്രത്തിന് ഇനിയും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
Related News
ലഡാക്കിൽ അക്രമത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് 2025 സെപ്തംബര്‍ 26 നാണ് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ തടവിലാക്കിയത്. നേരത്തെ സുപ്രീം കോടതിയിൽ വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കേന്ദ്രം കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ വ്യാജമാണെന്നും ജാമ്യം നൽകരുതെന്നുമാണ് വാദിച്ചിരുന്നത്.
2018ൽ റാമോൺ മഗ്‌സസെ അവാർഡ് നേടിയ സാമൂഹിക വിദ്യാഭ്യാസ പരിസ്ഥിതി പ്രവർത്തകനാണ് സോനം. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍സോനം വാങ്ചുക്കിനെതിരെ തിരഞ്ഞത്.
ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ചേർന്ന് വാങ്ചുകിന്റെ നേതൃത്വത്തിൽ നിരാഹാരം അനുഷ്ഠിച്ചതോടെ പ്രതികാരം തുടങ്ങി. വാങ്ചൂക്ക് ഉൾപ്പടെ 15 പേരാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നത്. സമരം നടത്തുന്നവരിൽ രണ്ട് പേരുടെ ആരോഗ്യസ്ഥിതി ഇതിനിടെ വഷളായിരുന്നു. ഇതോടെ നിരവധി യുവതി-യുവാക്കൾ സമരപ്പന്തലിൽ എത്തുകയും ലഡാക്കിൽ ബന്ദിന് ആഹ്വാനവും ചെയ്യുകയും ചെയ്തു. ബന്ദിന് തുടർച്ചയായാണ് കലാപം ഉണ്ടായത്. പിന്നാലെ ഉയര്‍ന്ന പ്രക്ഷോഭത്തിൽ നാലു പേര്‍ കൊല്ലപ്പെട്ടു. കലാപ സൂചന ലഭിച്ചതോടെ തന്നെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വാങ്ചുക് നിരാഹാരം നിർത്തി വെക്കുകയുണ്ടായി.
സമരം ആരംഭിച്ചപ്പോൾ തന്നെ സോനം വാങ്ചുക്ക് നേതൃത്വം നൽകുന്ന എൻജിഒക്കെതിരെ ഇഡിയും സിബിഐയും അന്വേഷണവുമായി രംഗത്ത് എത്തി. വാങ്ചുകിന്റെ എൻജിഒ 'സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക്' (SECMOL)സമരത്തിന് തുടക്കമിട്ടതോടെ തന്നെ അന്വേഷണ വലയത്തിലായിരുന്നു. സംഘടനയുടെ വിദേശ സംഭാവന (നിയമം)നിയമത്തിന്റെ (FCRA)രജിസ്ട്രേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായ പ്രതികാര നടപടികൾ.










0 comments