ഏകീകൃത പെൻഷൻ പദ്ധതി വിജ്ഞാപനമായി ഏപ്രില്‍ മുതല്‍ യുപിഎസ്

പ്രത്യേക ലേഖകൻ
Published on Jan 26, 2025, 03:32 AM | 1 min read
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് 2004 മുതൽ നടപ്പാക്കിവന്ന പങ്കാളിത്ത പെൻഷൻ പദ്ധതി(എൻപിഎസ്)ക്ക് പകരമായി പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി(യുപിഎസ്)നടപ്പാക്കാൻ വിജ്ഞാപനമായി. യുപിഎസിലും അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേർത്ത തുകയുടെ 10 ശതമാനം വീതം പ്രതിമാസം പെൻഷൻ ഫണ്ടിലേക്ക് അയക്കണം.
എൻപിഎസ് ബാധകമായവരിൽനിന്ന് ഓപ്‌ഷൻ സ്വീകരിച്ചവർക്കാണ് യുപിഎസ് പ്രകാരം പെൻഷൻ ലഭിക്കുക. കുറഞ്ഞത് 10 വർഷം സേവനകാലാവധി ഉണ്ടായിരിക്കണം. വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ 50 ശതമാനമാണ് പെൻഷൻ തുക. 10,000 രൂപയാണ് കുറഞ്ഞ പെൻഷൻ. പൂർണ പെൻഷൻ ലഭിക്കാൻ 25 വർഷം സേവനകാലാവധി വേണം. വരുന്ന ഏപ്രിൽ ഒന്നിന് യുപിഎസ് നിലവിൽവരും. എൻപിഎസ് ചട്ടക്കൂട്ടിൽ എന്ന പോലെ പെൻഷൻ ഫണ്ട് നിക്ഷേപങ്ങളെ ആശ്രയിച്ചാണ് യുപിഎസ് നിലനിൽക്കുക. പുതുതായി ജോലി ലഭിക്കുന്നവർക്ക് യുപിഎസിൽ ചേരുകയോ എൻപിഎസിൽ നിൽക്കുകയോ ചെയ്യാം. യുപിഎസ് സ്വീകരിച്ചാൽ പിന്നീട് മാറാൻ കഴിയില്ല. എൻപിഎസ് പ്രകാരം വിരമിച്ചവർക്കും യുപിഎസിൽ ചേരാം. ഇവർ കുടിശിക തുക പെൻഷൻ ഫണ്ടിൽ അടയ്‌ക്കണം. ഇരുപത്തിഅഞ്ച് വർഷത്തെ സേവനത്തിനുശേഷം വിആർഎസ് എടുക്കുന്നവർക്ക് അവരുടെ പെൻഷൻപ്രായം പൂർത്തീകരിച്ചശേഷമേ പെൻഷൻ തുക ലഭിച്ചുതുടങ്ങൂ. പെൻഷൻകാർ മരിച്ചാൽ ജീവിതപങ്കാളിക്ക് 60 ശതമാനം തുക പെൻഷനായി ലഭിക്കും.
ക്ഷാമബത്തയ്‌ക്ക് തുല്യമായ തോതിൽ ക്ഷാമാശ്വാസം പെൻഷൻകാർക്കും കുടുംബപെൻഷൻകാർക്കും ലഭിക്കും. സേവനകാലയളവിലെ ഓരോ ആറ് മാസവും ഒറ്റ യൂണിറ്റായി പരിഗണിച്ച് പ്രതിമാസ വേതനത്തിന്റെ (അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും) 10 ശതമാനം തുക വീതം കൂട്ടിയുള്ള തുക വിരമിക്കുമ്പോൾ മൊത്തമായി നൽകും. ഉദാഹരണത്തിന് 45,000 രൂപ അടിസ്ഥാനശമ്പളവും 23,850 രൂപ ക്ഷാമബത്തയും ലഭിക്കുന്ന ആൾക്ക് 10 വർഷത്തെ സേവനമുണ്ടെങ്കിൽ 1,37,700 രൂപ ഒറ്റത്തവണയായി ലഭിക്കും. മുൻ ധനകാര്യ സെക്രട്ടറി ടി വി സോമനാഥൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുപിഎസ് നടപ്പാക്കുന്നത്. എൻപിഎസ് ഓഹരിവിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാണെന്ന് ടി വി സോമനാഥൻ ചൂണ്ടിക്കാണിച്ചെങ്കിലും യുപിഎസ് ഫണ്ടും ഓഹരിവിപണിയിലേയ്‌ക്കാണ് പോകുന്നത്.









0 comments