Deshabhimani

വ്യാജ ഉത്തരവിന്റെ പേരിൽ വെബ്‌സൈറ്റുകൾക്ക് വിലക്ക്; വിവാദമായതോടെ നിരോധനം പിൻവലിച്ച് കേന്ദ്രം

ban image ai
വെബ് ഡെസ്ക്

Published on Nov 18, 2026, 05:17 PM | 1 min read

ന്യൂഡൽഹി: വ്യാജ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിരോധിച്ച 95 വെബ്‌സൈറ്റുകളുടെ വിലക്ക് നീക്കി കേന്ദ്ര ടെലികോം വകുപ്പ്. വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം അടിയന്തരമായി പുനഃസ്ഥാപിക്കാൻ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് നിർദേശം നൽകി. സെപ്തംബർ രണ്ടിന് അലഹബാദ് ഹൈക്കോടതിയുടെ പേരിലുള്ള വ്യാജ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു വെബ്‌സൈറ്റുകൾ നിരോധിച്ചത്.


അലഹബാദ്, രാജസ്ഥാൻ ഹൈക്കോടതികളുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഉത്തരവുകൾ ഉപയോഗിച്ച് ഈ വർഷം 129 ഓൺലൈൻ വാതുവയ്പ് വെബ്‌സൈറ്റുകൾ നിരോധിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഭിഭാഷകരെന്ന വ്യാജേന ചിലർ ഇമെയിലിലൂടെ അയച്ച ഉത്തരവുകൾ യഥാർഥമാണെന്ന് കരുതിയാണ് ടെലികോം വകുപ്പ് നടപടി സ്വീകരിച്ചത്. ഉത്തരവുകൾ വ്യാജമാണെന്ന് ഇരു ഹൈക്കോടതികളും സ്ഥിരീകരിച്ചിട്ടുണ്ട്.


സെപ്തംബർ രണ്ടിന് അലഹബാദ് ഹൈക്കോടതിയുടെതെന്ന പേരിലുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 95 വെബ്‌സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തിയത്. കോടതി മുദ്രകളും ലോഗോകളും ക്യുആർ കോഡും വ്യാജമായി നിർമിച്ചാണ് ഉത്തരവുകൾ തയ്യാറാക്കിയത്. രാജസ്ഥാൻ ഹൈക്കോടതിയുടെ പേരിലുള്ള ഉത്തരവും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.


സംഭവത്തിൽ വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ് ടെലികോം സെക്രട്ടറി അമിത് അഗർവാളിനെ വിളിച്ചുവരുത്തിയതായും റിപ്പോർട്ടുണ്ട്. ഔദ്യോഗിക യാത്ര വെട്ടിച്ചുരുക്കിയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്. വ്യാജ കോടതി ഉത്തരവുകൾ പരിശോധിക്കാതെ നടപ്പാക്കിയതിനെക്കുറിച്ച് ടെലികോം മന്ത്രാലയം ആഭ്യന്തര അന്വേഷണം ആരംഭിച്ചു.


അലഹബാദ് ഹൈക്കോടതി ജോയിന്റ് രജിസ്ട്രാർ എൻ ചന്ദ്രയുടെ പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഉത്തർപ്രദേശ് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ കോടതി മുദ്രകളും ഒപ്പുകളും ഉൾപ്പെട്ട രേഖകൾ ദിവസങ്ങളോളം ടെലികോം വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമായിരുന്നു.


ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ എന്നീ ഡിജിറ്റൽ അവകാശ സംഘടനകളുടെ അക്കൗണ്ടുകൾ നീക്കാൻ ഡൽഹി പൊലീസിന്റെ പേരിൽ നൽകിയ നോട്ടീസുകളും വ്യാജമാണെന്ന് എക്സ് കോർപ്പറേഷൻ കോടതിയെ അറിയിച്ചിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് വെബ്‌സൈറ്റുകൾക്കും സാമൂഹ്യമാധ്യമ അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തുന്ന സംഭവങ്ങൾ ഡിജിറ്റൽ നിയന്ത്രണ സംവിധാനങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ആശങ്ക ഉയർന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home