തള്ളോടുതള്ള് ; വിവാദവിഷയങ്ങളിൽ മിണ്ടാതെ മുഖ്യമന്ത്രി, എല്ലാം കള്ളവാർത്തയെന്ന് മാത്രം മറുപടി

ന്യൂഡൽഹി : വിവാദങ്ങളെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നും സംസ്ഥാനത്ത് യാതൊരു പ്രതിസന്ധിയുമില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭ ആറുമാസം തികയ്ക്കുന്ന ദിവസം ന്യൂഡൽഹിയിലാണ് സതീശൻ വാർത്താസമ്മേളനം നടത്തിയത്. ഏകപക്ഷീയമായി തീരുമാനമെടുക്കുന്നെന്ന് മന്ത്രിമാർ വിമർശനമുയർത്തിയതോടെ മന്ത്രിസഭായോഗം മണിക്കൂറുകളോളം നീണ്ടതോടെയാണ് സതീശൻ സംസ്ഥാനത്ത് വാർത്തസമ്മേളനം നടത്താതെ തലസ്ഥാനത്തേക്ക് പറന്നത്.
ആറുമാസം കൊണ്ട് നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളെല്ലാം വെറും മാധ്യമസൃഷ്ടി മാത്രമാണെന്നു പറഞ്ഞ സതീശൻ മന്ത്രിസഭയിൽ യാതൊരു തർക്കവുമില്ലെന്നും വാദിച്ചു. മന്ത്രിസഭയിലുണ്ടായ തർക്കങ്ങളെപ്പറ്റിയും ഉയർന്നുവരുന്ന വിവാദങ്ങളെപ്പറ്റിയുമെല്ലാമുള്ള ചോദ്യത്തിനെല്ലാം അതൊക്കെ വെറും മാധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു സതീശന്റെ മറുപടി. ഇതല്ലാതെ പ്രസ്തുത വിഷയത്തെപ്പറ്റി യാതൊന്നും മുഖ്യമന്ത്രി സംസാരിച്ചില്ല.
പിഎസ്‍സി നിയമനപ്പട്ടികയിലും ഗുരുവായൂർ ദേവസ്വനിയമനത്തിലും മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നെന്നുപറഞ്ഞാണ് മന്ത്രിമാർ രൂക്ഷവിമർശനമുയർത്തിയത്. തർക്കത്തിനൊടുവിൽ മുഖ്യമന്ത്രി പറഞ്ഞ പേരുകൾ തന്നെ അംഗീകരിച്ചാണ് മന്ത്രിസഭ പിരിഞ്ഞത്. എന്നാൽ തർക്കം ജനാധിപത്യപരമാണെന്നും എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം നൽകുന്ന കാബിനറ്റാണ് തന്റേതെന്നും സതീശൻ പറഞ്ഞു.
വിവാദ വൈദ്യുതി കരാർ അടക്കമുള്ള വിഷയങ്ങളെല്ലാം മാധ്യമങ്ങളുണ്ടാക്കുന്ന വിവാദം മാത്രമാണെന്നും സതീശൻ വീണ്ടും ആവർത്തിച്ചു. അടൂർ പ്രകാശിന്റെ രാജിയെപ്പറ്റിയുള്ള ചോദ്യത്തിന് അഭിപ്രായങ്ങൾ പലർക്കും പലത് ആയിരിക്കുമെന്നു പറഞ്ഞ് സതീശൻ ഒഴിഞ്ഞുമാറി.
പിഎസ്‍സി അംഗങ്ങളുടെ നിയമനത്തിലും ഗുരുവായൂർ ദേവസ്വത്തിലും തർക്കമുണ്ടായെന്നത് കള്ളവാർത്തയാണെന്ന് ആദ്യം പറഞ്ഞ സതീശൻ കുറച്ചുസമയത്തിനു ശേഷം തർക്കമുണ്ടായെന്നും തർക്കത്തിന്റെ അവസാനം താൻ തീരുമാനിച്ചെന്നും മാറ്റിപ്പറഞ്ഞു.








0 comments