ad
Deshabhimani

‘മധുര’മല്ല ഈ ഓണം ! രാജ്യത്ത് പഞ്ചസാരയ്ക്ക് ക്ഷാമവും വിലക്കയറ്റവും; ഇറക്കുമതി ചെയ്യാൻ കേന്ദ്രം

sugar
വെബ് ഡെസ്ക്

Published on Aug 21, 2026, 06:21 AM | 2 min read

ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര വില കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ. കസ്റ്റംസ് തീരുവയില്ലാതെ 'താരിഫ് റേറ്റ് ക്വാട്ട' വ്യവസ്ഥയിൽ 2026 ഒക്ടോബർ 31 വരെയാണ് ഇറക്കുമതിക്ക് അനുമതി നൽകിയിട്ടുള്ളത്.


കരിമ്പ് വൻതോതിൽ എഥനോൾ ഉൽപ്പാദനത്തിനായി മാറ്റിയതാണ് വിപണിയിൽ പഞ്ചസാര ക്ഷാമത്തിന് കാരണമായത്. ഇന്ധന ലക്ഷ്യങ്ങളും രാജ്യത്തെ ഭക്ഷ്യസുരക്ഷയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ സർക്കാരിനായില്ല. ആഭ്യന്തര പഞ്ചസാര ഉൽപ്പാദന സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തീരുവയില്ലാത്ത ഇറക്കുമതി അനുവദിക്കുന്നത് പ്രാദേശിക വിപണിയിലെ വില കുറയ്ക്കുകയും കർഷകർക്ക് തിരിച്ചടിയാവുകയും ചെയ്യുന്നു.


പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ സ്റ്റോക്ക് പരിധി ഏർപ്പെടുത്തുന്നതിന് മുൻപ് തന്നെ പഞ്ചസാര വില റെക്കോർഡ് നിരക്കിലെത്തിയിരുന്നു. വിപണിയിലെ കൃത്രിമത്വം സമയബന്ധിതമായി തടയുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു.


നിർദിഷ്ട നിബന്ധനകൾക്ക് വിധേയമായി 10 ലക്ഷം മെട്രിക് ടൺ വരെ ചുങ്കരഹിതമായി ഇറക്കുമതി ചെയ്യാമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. സ്റ്റാൻഡേർഡ് ഇൻപുട്ട് ഔട്ട്പുട്ട് നോംസ് പ്രകാരം അഡ്വാൻസ് ഓഥറൈസേഷൻ ലഭിച്ചവർക്ക് ടിആർക്യു സ്കീമിലേക്ക് മാറാൻ ഒറ്റത്തവണ അവസരവും നൽകിയിട്ടുണ്ട്.


ടിആർക്യു നിയന്ത്രണവും ഈ മാറ്റവും സംബന്ധിച്ച നടപടിക്രമങ്ങൾ അടങ്ങിയ പൊതുവിജ്ഞാപനം ഡിജിഎഫ്‌ടി ഉടൻ പുറത്തിറക്കും. ഓഗസ്റ്റ് 20 വരെ അഡ്വാൻസ് ഓഥറൈസേഷൻ പ്രകാരം ഇറക്കുമതി ചെയ്ത പഞ്ചസാരയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.


ഉത്സവ സീസണിന് തൊട്ടുമുമ്പ് പഞ്ചസാര വില കിലോഗ്രാമിന് 42–44 രൂപയിൽ നിന്ന് 62–65 രൂപയായി കുത്തനെ ഉയർന്നു. 100% ഇറക്കുമതി തീരുവ ഒഴിവാക്കിയത് മുൻകൂട്ടിയുള്ള ആസൂത്രണമില്ലാതെ എടുത്ത താൽക്കാലിക പരിഹാരം മാത്രമാണ്.


രണ്ടു മാസത്തിനിടെ പഞ്ചസാരയുടെ വിലയിൽ 40 ശതമാനത്തോളം വർധനവാണ് ഉണ്ടായത്. വിപണിയിൽ ലഭ്യത കുറഞ്ഞതാണ് വില കുതിച്ചുയരാൻ കാരണമായത്. വരാനിരിക്കുന്ന ഓണ സീസണിന് മുന്നോടിയായി ഉണ്ടായ ഈ വിലവർധനവ് ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉപഭോഗമുള്ള രാജ്യമാണ് ഇന്ത്യ. ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചസാര കയറ്റുമതി കേന്ദ്ര സർക്കാർ നേരത്തെ തടഞ്ഞിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home