ad
Deshabhimani

print edition കേന്ദ്ര ട്രേഡ് യൂണിയൻ - സംയുക്ത കിസാൻ മോർച്ച കൺവെൻഷൻ

Kisan morcha.jpg

ഡൽഹി താൽക്കതോറ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അഖിലേന്ത്യ തൊഴിലാളി കർഷക കൺവൻഷനിൽ 
സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: പി വി സുജിത്‌

വെബ് ഡെസ്ക്

Published on Jul 30, 2026, 12:00 AM | 1 min read

ന്യ‍ൂഡൽഹി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി–കർഷകവിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭം ശക്തിപ്പെടുത്താൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ആയിരക്കണക്കിന്‌ പ്രതിനിധികൾ പങ്കെടുത്ത തൊഴിലാളി–കർഷക ദേശീയ കൺവൻഷനിലാണ്‌ തീരുമാനം.


ആഗസ്‌ത്‌ 10ന്റെ ജയിൽ നിറയ്‌ക്കൽ സമരം വിജയമാക്കുക, മുഴുവൻ ഗ്രാമങ്ങളിലും ഗ്രാമസഭകളും കിസാൻ പഞ്ചായത്തും വിളിച്ചുചേർത്ത്‌ തൊഴിലാളി–കർഷക ഐക്യപോരാട്ടം ശക്തിപ്പെടുത്തുക, കേന്ദ്രസർക്കാരിന്റെ തൊഴിലാളി–കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാതലത്തിൽ റാലികളും സംസ്ഥാനതല ധർണയും സംഘടിപ്പിക്കുക, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഭാരത്‌ ബന്ദടക്കമുള്ള പ്രക്ഷോഭത്തിലേക്ക്‌ പോകുക, ആവശ്യങ്ങൾ അംഗീകരിക്കുംവരെ സർക്കാർ ഓഫീസുകളും ധനകാര്യ സ്ഥാപനങ്ങളും തുടർച്ചയായി ഉപരോധിക്കുക തുടങ്ങിയ തീരുമാനങ്ങൾ കൺവൻഷനെടുത്തു.


ട്രേഡ്‌ യൂണിയനുകളും കർഷക സംഘടനകളും സ്വതന്ത്ര പ്രക്ഷോഭപരിപാടികൾക്കും നേതൃത്വം നൽകും. നവംബറോടെ ബഹുജന പ്രക്ഷോഭം ശക്തമാക്കുകയാണ്‌ ലക്ഷ്യം.


രാജ്യം ആഴത്തിലുള്ള സാമ്പത്തിക, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ, പ്രധാന ഉൽപാദന ശക്തികളുടെ ഐക്യം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന്‌ താൽകട്ടോറ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കൺവൻഷൻ വിലയിരുത്തി. രാജ്യത്തും വിദേശത്തുമുള്ള വൻകിട കോർപറേറ്റുകൾക്ക് ലാഭമുണ്ടാക്കുന്ന നയം നടപ്പാക്കുന്നത്‌ കേന്ദ്രം തുടരുകയാണ്‌.


സാധാരണ ജനങ്ങളുടെ, പ്രത്യേകിച്ച് ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ജീവിതത്തിലെ അസമത്വം വർധിക്കുകയാണ്‌. ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാനും സമാധാനപരവും സൗഹാർദപരവുമായ ജീവിതം നിലനിർത്താനും തൊഴിലാളികളും കർഷകരും പ്രതിജ്ഞാബദ്ധരാണ്. സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ, ദേശവിരുദ്ധ നയങ്ങളിൽ മാറ്റ വരുത്തുന്നതിനുള്ള പോരാട്ടം ശക്തമാക്കുമെന്നും സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home