Deshabhimani

യുപിഐ വിവരങ്ങളും രഹസ്യമല്ലാതാവുന്നു; വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രം

UPI.jpg
വെബ് ഡെസ്ക്

Published on Oct 07, 2026, 11:01 AM | 1 min read

ന്യൂഡൽഹി : സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കാൻ എന്ന വ്യാജേന യുപിഐ ഇടപാട് വിവരങ്ങളിലേക്ക് കൈകടത്താൻ കേന്ദ്ര സർക്കാർ നീക്കം. രാജ്യത്തെ സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കാനാണെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.


സാധാരണയായി യുപിഐ വഴി ഉപഭോക്താക്കൾ പണം ചെലവഴിക്കുന്ന രീതിയാണ് ഇതുവരെ കേന്ദ്രം വിലയിരുത്തിയിരുന്നത്. എന്നാൽ, പുതിയ നിർദേശം നടപ്പാകുന്നതോടെ രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഓരോ മാസവും നടക്കുന്ന സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ വിവരങ്ങൾ കേന്ദ്ര സർക്കാരിന് ലഭിക്കും. യുപിഐ ഇടപാടുകളിൽ ഓരോ വ്യാപാരിയെയും തരംതിരിക്കുന്ന മർച്ചന്റ് കാറ്റഗറി കോഡുകൾ ഉണ്ട്. ഇവ പരിശോധിക്കുന്നതിലൂടെ സ്വകാര്യ സ്കൂളുകൾ, സർവ്വകലാശാലകൾ, പ്രൊഫഷണൽ കോളേജുകൾ, വൊക്കേഷണൽ കോഴ്സുകൾ എന്നിവയിലേക്ക് എത്തുന്ന ഫീസുകളുടെ വിവരങ്ങൾ കൃത്യമായി വേർതിരിച്ചറിയാൻ മന്ത്രാലയത്തിന് സാധിക്കും.


സേവന സമ്പദ്‌വ്യവസ്ഥയിലെ വിടവുകൾ നികത്താൻ ഈ നിർദ്ദേശത്തിന് സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതേസമയം, സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കാനെന്ന് പേരിലുള്ള കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ആശങ്കകളുയരുകയാണ്. വ്യക്തിഗത പണമിടപാട് വിവരങ്ങൾ നിരീക്ഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാണ്. രോഗികളുടെ ചികിത്സാ വിവരങ്ങളും വിദ്യാർഥികളുടെ സ്വകാര്യ വിവരങ്ങളുമടക്കം സർക്കാരിന്റെയോ മറ്റ് ഏജൻസികളുടെയോ കൈകളിലെത്താൻ ഇത് വഴിയൊരുക്കും. സാമ്പത്തിക വിവരശേഖരണത്തിന്റെ പേരിൽ ജനങ്ങളുടെ ദൈനംദിന ഇടപാടുകളിലേക്ക് പോലും കൈകടത്തുകയാണ് കേന്ദ്രസർക്കാർ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home