ad
Deshabhimani

ആണവ നിലയത്തെ കുറിച്ചുള്ള രേഖകൾ ചോര്‍ന്നത് സ്വകാര്യ കമ്പനികൾക്കായി വാതിൽ തുറക്കാനുള്ള നീക്കങ്ങൾക്കിടെ

koodam
വെബ് ഡെസ്ക്

Published on Jul 16, 2026, 01:57 PM | 3 min read

ന്യൂഡൽഹി: കൂടംകുളം ആണവ നിലയത്തെ കുറിച്ചുളള നിര്‍ണായക രേഖകൾ ചോര്‍ന്ന് ‍ഡാര്‍ക് വെബിൽ എത്തിയത് ഈ മേഖലയിൽ സ്വകാര്യവൽക്കരണം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കങ്ങൾക്കിടെ. ആണവ മേഖലയിൽ സ്വകാര്യ കമ്പനികൾക്കും നിക്ഷേപകര്‍ക്കും വാതിൽ തുറക്കാനുള്ള "ശാന്തി നിയമം" ചട്ടങ്ങൾ രൂപീകരിക്കുന്ന ഘട്ടത്തിലാണ്.


അമേരിക്കയുൾപ്പെടെ രാജ്യങ്ങൾ ആണവ ശക്തി നൽകുന്ന മിനി റിയാക്ടറുകളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ത്വരിതപ്പെടുത്തിയിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ശാന്തി നിയമം എന്ന പേരിൽ ആണവ നിലയങ്ങൾക്ക് മേലുള്ള നിയന്ത്രണം നീക്കാൻ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. 1962-ലെ പഴയ ആണവോർജ്ജ നിയമവും 2010-ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് നിയമവും റദ്ദാക്കിക്കൊണ്ട്, കേന്ദ്ര ഗവൺമെന്റ് പാസാക്കിയ പുതിയ നിയമമാണ് SHANTI Act, 2025 (Sustainable Harnessing and Advancement of Nuclear Energy for Transforming India Act, 2025).


കൂടംകുളം നിലയത്തിന്റെ പ്രവര്‍ത്തനവും രൂപരേഖയും സംബന്ധിച്ച രഹസ്യ രേഖകൾ ചോര്‍ന്നത് ആദ്യമല്ല. 2019 ലെ ചോര്‍ച്ചയിൽ നടപടി എടുക്കാതെ തുടര്‍ന്നത് ദുര്‍ബലത വര്‍ധിപ്പിച്ചു. സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ച്വറിന്റെ ‍ഡാറ്റാ ശേഖരണ സംവിധാനത്തിലെ വിടവുകളാണ് ഹാക്കമാര്‍ക്ക് പ്രവേശനം എളുപ്പമാക്കിയത്.


kuda


ആര്‍ക്കാണ് നഷ്ടം,

ദുരന്തങ്ങൾ ആരെയാണ് ബാധിക്കുക


ആണവ മേഖലയിൽ ആഗോള ബിസിനസ് താത്പര്യങ്ങളുള്ള കമ്പനികൾ കൂടുതൽ കടന്നു വന്നാൽ വലിയ ദുരന്തങ്ങൾ ഇടയാക്കുമെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷ പരിഗണിക്കാതെ സ്വകാര്യ നിക്ഷേപകരുടെ താത്പര്യങ്ങളും ഭാഗത്തേക്ക് ചായുന്ന കമ്മീഷൻ ഇടപാടുകൾ സാധാരണമാവുന്ന സാഹചര്യമാണ്. ആണവ മേഖലയിലും ഇത് സംഭവിച്ചാൽ ദൂരവ്യാപക ഫലങ്ങൾക്ക് കാരണമാവും. ഭോപ്പാൽ ദുരന്തത്തിന്റെ അനുഭവം രാജ്യത്തിന് മുന്നിലുണ്ട്. യൂണിയൻ കാര്‍ബൈഡ് കമ്പനി ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപെടുന്ന സാഹചര്യമായിരുന്നു. തലമുറകൾ ഇപ്പോഴും ദുരന്ത ഫലങ്ങളുടെ ഇരകളായി തുടരുന്നു.


ശാന്തി നിയമത്തിൽ വിദേശ കമ്പനികൾക്ക് ആണവ പദ്ധതികളിൽ 49% വരെ ഓഹരി പങ്കാളിത്തം (Equity) അനുവദിക്കുന്നുണ്ട്. അപകടം സംഭവിച്ചാലുള്ള നഷ്ട ബാധ്യത കുറച്ചു നൽകി. റിയാക്ടറുകളുടെ ശേഷിക്ക് അനുസരിച്ച് 100 കോടി മുതൽ 3,000 കോടി രൂപ വരെയുള്ള ഘട്ടം ഘട്ടമായുള്ള നഷ്ടപരിഹാര ബാധ്യത മാത്രമായിരിക്കും ഓപ്പറേറ്റർമാർക്ക് ഉണ്ടാവുക. സ്വകാര്യ കമ്പനികൾക്ക് ലൈസൻസ് നൽകേണ്ട രീതികൾ, സുരക്ഷാ മാനദണ്ഡങ്ങൾ, ഇൻഷുറൻസ് സംബന്ധിച്ച ചട്ടങ്ങൾ എന്നിവ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെയും ആണവോർജ്ജ വകുപ്പിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഗവൺമെന്റ് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതനുസരിച്ച് വരും മാസങ്ങളിൽ ഈ ചട്ടങ്ങൾ നിലവിൽ വരും.


കൂടംകുളത്ത് മൂന്ന് നാല് യൂണിറ്റുകളെ സംബന്ധിച്ച വിവരങ്ങളാണ് റിലയൻസ് വഴി ചോര്‍ന്നത്. സ്വകാര്യവൽക്കരണം നടത്തുമ്പോൾ ഇത്തരം വലിയ കമ്പനികളുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്നത് പോലും സാധ്യമാവാതെ പോയ സാഹചര്യമാണ്. ആഗോള കുത്തകകൾ ഇനിയും കടന്നു വരാനിരിക്കുന്നു. 2019 ൽ ഡാറ്റാ ചോര്‍ച്ച ഉണ്ടായപ്പോൾ ഇനി ഒരിക്കലും ഇത്തരം സാഹര്യം ഉണ്ടാവില്ല. എല്ലാ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട് എന്നാണ് ആണവോര്‍ജ സഹമന്ത്രി ജിതേന്ദ്ര സിങ് പാര്‍ലമെന്റിൽ ഉറപ്പ് നൽകിയത്.



Related News


മിണ്ടാതെ കേന്ദ്ര സര്‍ക്കാര്‍


കൂടംകുളം നിലയം സംബന്ധിച്ച 19000 ൽ അധികം രഹസ്യ രേഖകൾ ചോര്‍ന്ന് ലോകത്തിന് മുഴുവൻ ഉപയോഗിക്കാവുന്ന വിധം ഡാര്‍ക് വെബിൽ എത്തിയപ്പോഴും കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുകയാണ്. ഇതിനിടെ കൂടംകുളത്ത് ആണവ സുരക്ഷയെ ബാധിക്കുന്ന ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ന്യായീകരണവുമായി ആണവോർജ്ജ കോർപ്പറേഷൻ ആദ്യ മായി രംഗത്ത് എത്തി. പുറത്തെത്തിയവയിൽ സുരക്ഷാ സംവിധാനങ്ങളുടെ വിവരങ്ങൾ ഒന്നുമില്ലെന്നാണ് എൻപിസിഐഎൽ വിശദീകരണം. ഡാറ്റാ ചോര്‍ച്ച ശരിവെക്കുമ്പോൾ തന്നെ സുപ്രധാന രേഖകൾ ഇല്ലെന്ന് അവകാശപ്പെടുന്നു.


ആണവനിലയത്തിന്റെ അനുബന്ധ സൗകര്യങ്ങളുടെ കരാറുള്ള റിലയൻസിൽനിന്ന് മാത്രമാണ് ഡേറ്റ ചോർന്നത്. ആണവപ്ലാൻ്റിൻ്റെ പ്രധാന വിശദാംശങ്ങൾ സുരക്ഷിതമാണെന്നും കോർപ്പറേഷൻ അവകാശപ്പെടുന്നു.

കൂടംകുളം ആണവനിലയത്തിന്റെ നിർമാണ പങ്കാളികളായ അനിൽ അംബാനിയുടെ റിലയൻസ് ​ഗ്രൂപ്പിന്റെ സെർവറുകളിൽനിന്ന് ഡേറ്റ ചോർന്നതായാണ് റിപ്പോർട്ടുകളുണ്ടായത്. യോട്ട എന്ന മൂന്നാംകക്ഷിയുടെ ഡേറ്റ സെന്ററിൽ സൂക്ഷിച്ച ഫയലുകളാണ് ചോർന്നതെന്ന് റിലയൻസ് ​ഗ്രൂപ്പും കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഇവ നിലയത്തിന്റെ നിര്‍മ്മാണ സംവിധാനങ്ങളുടെ ബ്ലൂ പ്രിന്റ് ഉൾപ്പെടുന്നതാണ്. റിയാക്ടര്‍ സംബന്ധിച്ച വിവരങ്ങൾ ചോര്‍ന്നില്ല എന്നു പറഞ്ഞാണ് ഇപ്പോൾ ചോര്‍ച്ച ന്യായീകരിക്കുന്നത്.


പുതിയ യൂണിറ്റുകൾ തയാറാവുന്നതിനിടെ


കൂടംകുളം ആണവനിലയത്തിലെ (KKNPP) 5, 6 യൂണിറ്റുകളിൽ പ്രധാന ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ മാസമാണ് ആറ്റമിക് എനർജി റെഗുലേറ്ററി ബോർഡ് അനുമതി നൽകിയത്. ഏപ്രിൽ 30-ന് ലഭിച്ച ഈ അനുമതിയിലൂടെ റിയാക്ടർ പ്രഷർ വെസ്സൽ (Reactor Pressure Vessel), സ്റ്റീം ജനറേറ്ററുകൾ (Steam Generators), കൂളന്റ് പമ്പുകൾ (Coolant Pumps) എന്നിവയുൾപ്പെടെയുള്ള പ്രധാന പ്ലാന്റ് ഘടകങ്ങൾ സ്ഥാപിക്കുന്ന ജോലി നടക്കുകയാണ്. റഷ്യയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത വി.വി.ഇ.ആർ (VVER) ഡിസൈനിലുള്ള ആറ് പ്രഷറൈസ്ഡ് വാട്ടർ റിയാക്ടറുകളാണ് (Pressurised Water Reactors) ഈ പദ്ധതിയിലുള്ളത്. അവസാന ഘട്ടങ്ങളുടെ ത്വരിതഗതിയിലുള്ള പൂര്‍ത്തീകരണ ശ്രമങ്ങൾക്കിടയിലാണ് ചോര്‍ച്ച പുറത്തെത്തിയിരിക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home