പശ്ചിമേഷ്യൻ സംഘർഷം; പെട്രോ കെമിക്കൽ ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു

പ്രതീകാത്മക ചിത്രം (Image Credit - AFP)
ന്യൂഡൽഹി : പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കനക്കുമ്പോൾ 40ഓളം പെട്രോ കെമിക്കൽ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ ഒഴിവാക്കി. അന്താരാഷ്ട്ര പ്രതിസന്ധി രാജ്യത്തെ ഉൽപാദന മേഖലയെ തകർക്കുന്ന ഘട്ടത്തിലെത്തിലാണ് പുതിയ തീരുമാനം. പോളിപ്രൊപ്പലീൻ, പോളിസ്റ്റൈറീൻ, പോളിയോൾസ് തുടങ്ങിയ സുപ്രധാന അസംസ്‌കൃത വസ്തുക്കൾക്കാണ് ജൂൺ 30 വരെ ഇളവ് അനുവദിച്ചത്. ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ് നിലവിൽ വന്നത്.
യുദ്ധം കാരണം ആഗോള വിതരണ ശൃംഖല തടസപ്പെട്ടതോടെ പ്ലാസ്റ്റിക്, പാക്കേജിംഗ്, ടെക്സ്റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകൾ കടുത്ത പ്രതിസന്ധിയിലായിരുന്നു. സിന്തറ്റിക് തുണിത്തരങ്ങളുടെ നിർമാണത്തിനാവശ്യമായ പിടിഎ, എംഇജി എന്നിവയുടെ വില കഴിഞ്ഞ ഒരു മാസത്തിനിടെ 43 ശതമാനമാണ് വർധിച്ചത്. കിലോക്ക് 83 രൂപയുണ്ടായിരുന്നത് 118 രൂപയായി കുതിച്ചു. ചരക്കുകപ്പലുകളുടെ വരവ് കുറഞ്ഞതും ചൈന, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി ചെലവ് വർധിച്ചതും വ്യവസായ ശാലകൾ അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് എത്തിച്ചു.
ആഭ്യന്തര വ്യവസായങ്ങൾക്കാവശ്യമായ അസംസ്‌കൃത വസ്തുക്കൾക്കായി ഇപ്പോഴും വിദേശ രാജ്യങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുന്ന രാജ്യത്തെ പശ്ചിമേഷ്യയിലെ പ്രതിസന്ധി സാരമായി ബാധിക്കുകയാണ്. സൗദി അറേബ്യയും കുവൈത്തും പ്രധാന വിതരണക്കാരായ ഉൽപന്നങ്ങൾക്ക് ഇനിയും ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യവസായ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. താൽക്കാലികമായി തീരുവ ഒഴിവാക്കിയത് കൊണ്ട് മാത്രം തീരുന്നതല്ല വ്യവസായ മേഖലയിലെ പ്രതിസന്ധി.
സാധാരണക്കാരെ ബാധിക്കുന്ന ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം തടയാനും തൊഴിൽ നഷ്ടം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. വിദേശ വിപണികളിലെ തിരിച്ചടികൾ നേരിടാൻ തദ്ദേശീയമായ ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനം ശക്തമാണ്.











0 comments