വർഗീയതയെ ചെറുത്ത് ; മണ്ഡല പുനർനിർണയം തകർത്ത ഇന്ത്യൻ ജനാധിപത്യം

വനിതാ സംവരണ ഭേദഗതി ബില്ലിൻ്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കാനുള്ള മോദി സർക്കാരിൻ്റെ നീക്കം ലോക്സഭയിൽ ദയനീയമായി പരാജയപ്പെട്ടത് സർക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. മണ്ഡല പുനർനിർണയത്തിനായി ബിൽ പാസാക്കി കൂടുതൽ സീറ്റുകൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിർത്തി നിരന്തരം അധികാരത്തിലെത്താനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ് പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലിൽ പൊളിച്ചടുക്കിയത്.
1971നു ശേഷം രാജ്യത്ത് മണ്ഡലപുനർനിർണയം നടന്നിട്ടില്ല. ലോക്‌സഭയിൽ നിലവിലുള്ള 543 സീറ്റ് 850 ആക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. എന്നാൽ, ഇക്കാര്യത്തിലുള്ള കേന്ദ്രസമീപനം അശാസ്ത്രീയമായിരുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയം നടത്തുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവ് പങ്കാളിത്തം മാത്രമേ ലോക്‌സഭയിലുണ്ടാകൂ.
തമിഴ്‌നാട്, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് നടത്തിയ ഈ നീക്കം പാളിയതോടെ, പരാജയഭീതി മറയ്ക്കാൻ കുപ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ബിജെപി. ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷം വനിതകൾക്ക് എതിരാണെന്ന വാദമുയർത്തി ബിജെപി എംപിമാർ പാർലമെൻ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
വനിതാ സംവരണത്തോടല്ല, മറിച്ച് അതിൻ്റെ മറവിൽ രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം തകർക്കാനുള്ള മണ്ഡല പുനർനിർണ്ണയ നീക്കത്തോടാണ് വിയോജിപ്പെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. ബംഗാൾ, തമിഴ്‌നാട് തെരഞ്ഞെടുപ്പുകളിൽ വനിതാ വോട്ടുകൾ ഏകീകരിക്കാനാണ് ബിജെപി ഈ ബില്ലിനെ ആയുധമാക്കിയത്.
യഥാർഥത്തിൽ വസ്തുതയെന്താണ്,
ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ കേരളംപോലുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ ജനസംഖ്യ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. 1971 മുതൽ 2011 വരെ കേരളം, കർണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിലാകെ ഉണ്ടായ ജനസംഖ്യാവർധന 11.70 കോടിയാണ്. എന്നാൽ, ഇതേ കാലയളവിൽ ഉത്തർപ്രദേശിൽമാത്രം 11.15 കോടിയാണ് ജനസംഖ്യാവർധന!
അതായത്, ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാത്തത് മണ്ഡലപുനർനിർണയത്തിൽ ഒരു മെറിറ്റായി മാറുകയാണെന്നർഥം. അതുകൊണ്ടാണ്, ഈ രീതി അശാസ്ത്രീയമാണെന്ന് പറയുന്നത്. മണ്ഡലപുനർനിർണയവാദത്തിനു പിന്നിൽ കേന്ദ്രസർക്കാരിന് ദുരുദ്ദേശ്യമുണ്ടെന്ന വാദം ഇവിടെ ശ്രദ്ധേയമാകുന്നു.
ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കൂടുതൽ മണ്ഡലങ്ങളുണ്ടാക്കുക, തുടർന്ന് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പുകളിൽ നിരന്തരം അധികാരത്തിലെത്താൻ ശ്രമിക്കുക എന്നീ ലക്ഷ്യം മുൻനിർത്തിയായിരുന്നു മണ്ഡല പുനർനിർണയ നീക്കത്തിനായുള്ള ശ്രമം. ബിജെപിയുടെ ഈ നീക്കം സംബന്ധിച്ച വ്യക്തമായ ധാരണ പ്രതിപക്ഷത്തിനുള്ളതിനാലായിരുന്നു മണ്ഡല പുനർനിർണയം സംബന്ധിച്ച ബില്‍ സഭയിൽ വന്നപ്പോൾ തന്നെ ഒറ്റക്കെട്ടായി അതിനെ പരാജയപ്പെടുത്തിയത്. കേരളം തമിഴ്നാട് പോലുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്താനാകില്ലെന്ന കൃത്യമായ ബോധ്യം തന്നെയാണ് ബിജെപിയെ കൊണ്ട് ഇത്തരത്തിലൊരു കുറുക്കുവഴി സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ അതിനെ കൃത്യസമയത്ത് തന്നെ പൊളിക്കുകായിരുന്നു.
വനിതാ സംവരണത്തോടല്ല, മറിച്ച് അതിൻ്റെ മറവിൽ രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം തകർക്കാനുള്ള മണ്ഡല പുനർനിർണ്ണയ നീക്കത്തോടാണ് വിയോജിപ്പെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. ബംഗാൾ, തമിഴ്‌നാട് തെരഞ്ഞെടുപ്പുകളിൽ വനിതാ വോട്ടുകൾ ഏകീകരിക്കാനാണ് ബിജെപി ഈ ബില്ലിനെ ആയുധമാക്കിയത്.
എന്നാൽ ബില്ലിനൊപ്പം മണ്ഡല പുനർനിർണ്ണയം കൂടി കൊണ്ടുവരുന്നതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും പ്രതിപക്ഷ സ്വാധീനമുള്ള സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കുകയായിരുന്നു ബിജെപിയുടെ യഥാർത്ഥ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.










0 comments