Deshabhimani

നേരിട്ടത്‌ കുടിലമാർഗ്ഗങ്ങളുമായി; ഭരണസംവിധാനങ്ങൾ ദുരുപയോഗിച്ചു

delhi police attacks sfi leaders

എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് മർദിക്കുന്നു | ഫോട്ടോ: പി വി സുജിത്

avatar
ഇ സുദേഷ്

Published on Oct 10, 2026, 08:30 PM | 2 min read

ന്യൂഡൽഹി: അവകാശപോരാട്ടത്തിൽ പുതുചരിത്രമെഴുതിയ ഒക്‌ടോബർ 10 പ്രക്ഷോഭം നേരിടാൻ കേന്ദ്ര സർക്കാർ തീർത്തത്‌ അടിയന്തരാവസ്ഥയിൽ പോലും കാണാത്ത അതിക്രൂര നടപടികൾ. നീതിതേടുന്ന ജനതയൊന്നാകെ അണിനിരന്ന പ്രക്ഷോഭം തങ്ങളെ കടപുഴക്കുമെന്ന ഭയത്താൽ അതിനെതിരെ എല്ലാ കുടിലമാർഗങ്ങളും ഭരണകൂടം സ്വീകരിച്ചു. പ്രതിഷേധക്കാരെ അഭിമുഖീകരിക്കാൻ ഭയക്കുന്ന നരേന്ദ്രമോദിയും അമിത്‌ഷായും പൊലീസിനെയും കേന്ദ്ര സേനയെയും സംഘപരിവാർ ക്രിമിനലുകളെയും മാത്രമല്ല, ഭരണസംവിധാനമൊന്നാകെ ഉപയോഗിച്ചാണ്‌ പ്രക്ഷോഭം തടസപ്പെടുത്താൻ ശ്രമിച്ചത്‌. എന്നാൽ, അതെല്ലാം അതിജീവിച്ച്‌ പതിനായിരങ്ങൾ പോർഭൂമിയിലേക്ക്‌ കുതിച്ചെത്തി.


ഒക്‌ടോബർ പത്തിനുള്ള പ്രക്ഷോഭം പ്രഖ്യാപിച്ചപ്പോൾ തന്നെ തടസപ്പെടുത്താനുള്ള നടപടികൾക്കും കേന്ദ്ര സർക്കാർ തുടക്കംകുറിച്ചിരുന്നു. മാനസികമായും ശാരീരികമായും പ്രക്ഷോഭകരെ തളർത്താനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചു. സമരത്തിനു നേതൃത്വം നൽകുന്നവരെയും പങ്കെടുക്കാൻ സാധ്യതയുള്ളവരെയും തേടിപ്പിടിച്ച്‌ തടങ്കലിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വിവിധ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ നേതാക്കളെയും യുവജന–വിദ്യാർത്ഥി നേതാക്കളെയും നേരത്തേ തന്നെ വീട്ടുതടങ്കലിലാക്കി. ഏകദേശം പതിനായിരത്തോളം പേരെ ഇത്തരത്തിൽ തടങ്കലിലാക്കിയതായാണ്‌ വിവരം.


സമരത്തിന്‌ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാജ്യതലസ്ഥാനത്തേക്ക്‌ സമരക്കാർ എത്തുന്ന വഴികൾ തടയുകയായിരുന്നു പ്രധാനം. ഡൽഹിയിലേക്കുള്ള എല്ലാ ട്രെയിനുകളും അറുപതോളം മെട്രോ സർവീസുകളും റദ്ദാക്കി. ബസുകൾ, ടാക്‌സികൾ, മറ്റു വാഹനങ്ങൾ എന്നിവയ്‌ക്കെല്ലാം കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഓൺലൈൻ ടാക്‌സി ബുക്കിങ്‌ സംവിധാനങ്ങൾ മരവിപ്പിച്ചു. എയർപോർട്ടുകളിൽ അനാവശ്യ ചെക്കിങ്ങ്‌ ഏർപ്പെടുത്തി. വിമാനത്തിൽ കയറിയാണ്‌ സിജെപി നേതാവ്‌ അഭിജിത്‌ ദീപ്‌കെയെ കസ്‌റ്റഡിയിലെടുത്തത്‌. ഹോട്ടലുകളിൽ റൂം അനുവദിക്കുന്നത്‌ തടഞ്ഞു. ജന്തർമന്തറിലേക്കും പരിസരങ്ങളിലേക്കും കുടിവെള്ളവും ഭക്ഷ്യവസ്‌തുക്കളും എത്തുന്നതുപോലും നിയന്ത്രിച്ചു. തിരിച്ചറിയൽ രേഖയില്ലാത്ത ആരെയും ജന്തർമന്തറിലേക്കും പരിസരങ്ങളിലേക്കും കടത്തിവിട്ടില്ല. അതുകാരണം, സാധാരണ തൊഴിലാളികൾ ജോലി സ്ഥലങ്ങളിലെത്താൻ കഴിയാതെ പ്രതിസന്ധിയിലായി. കോടതി പറഞ്ഞിട്ടും ഇ‍ൗ നിയന്ത്രണങ്ങൾ നീക്കിയില്ല. ഡൽഹിയുടെ അതിർത്തികളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.


ശനിയാഴ്‌ച പ്രക്ഷോഭത്തിൽ പങ്കെടുത്ത മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരെ അതിനീചമായ രീതിയിലാണ്‌ കൈകാര്യം ചെയ്‌തത്‌. പ്രായമായവരെ പോലും റോഡിലൂടെ വലിച്ചിഴച്ചു. പിണറായി വിജയൻ, എം എ ബേബി തുടങ്ങിയ നേതാക്കളെ കസ്‌റ്റഡിയിലെടുത്ത്‌ മണിക്കൂറുകളോളം പൊലീസ്‌ വാഹനങ്ങളിൽ നഗരത്തിലൂടെ കറക്കി. വിവിധ സ്‌റ്റേഡിയങ്ങളിലും പൊലീസ്‌ സ്‌റ്റേഷനുകളിലുമായി ഇവരെ എട്ടു മണിക്കൂർ വരെ കസ്‌റ്റഡിയിൽ വെച്ചു. ചിലരെ രാത്രി വൈകിയും വിട്ടയച്ചിട്ടില്ല.


സാമൂഹ്യമാധ്യമങ്ങൾക്ക്‌ കടുത്ത നിയന്ത്രണമാണ്‌ ഏർപ്പെടുത്തിയത്‌. പ്രക്ഷോഭത്തെ അനുകൂലിച്ചുള്ള നിരവധി പോസ്‌റ്റുകൾ നീക്കി. ജന്തർമന്തറിൽ ഇന്റർനെറ്റ്‌, മൊബൈൽഫോൺ സേവനങ്ങൾ മരവിപ്പിച്ചിരുന്നു. ശനിയാഴ്‌ച ജന്തർമന്തറിൽ റിപ്പോർട്ടിങ്ങിനെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ്‌ കൈയേറ്റം ചെയ്യുകയും കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു. യൂട്യൂബർമാർ, വ്ലോഗർമാർ എന്നിവർക്കും സമാന ദുരനുഭവങ്ങളുണ്ടായി. പ്രതിഷേധത്തിൽ പങ്കെടുത്ത സുപ്ര‍ീംകോടതി അഭിഭാഷകരെയും കസ്‌റ്റഡിയിലെടുത്തു.


നാലായിരം വനിതകൾ ഉൾപ്പെടെ 15000 സുരക്ഷാ ഭടന്മാരെ ജന്തർമന്തറിലും പരിസരത്തും നിയോഗിച്ചിരുന്നു. ഇവരെ സഹായിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ സംഘപരിവാർ ക്രിമിനലുകളെയും വ്യപകമായി കൊണ്ടിറക്കി. നെയിംബോർഡ്‌ ഇല്ലാതെയും യൂണിഫോം ഇല്ലാതെയുമാണ്‌ പൊലീസും കേന്ദ്ര സേനാംഗങ്ങളും മറ്റും പ്രക്ഷോഭകരെ തടഞ്ഞത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home