print edition ലോക്‌സഭ, നിയമസഭ സീറ്റുകൾ കൂട്ടി വനിതാസംവരണം: തിരക്കിട്ട നീക്കം

പാർലമെന്റ്

സ്വന്തം ലേഖകൻ
Published on Apr 10, 2026, 12:12 AM | 1 min read
ന്യൂഡൽഹി: ലോക്‌സഭ, നിയമസഭ സീറ്റുകൾ വർധിപ്പിച്ച് 33 ശതമാനം വനിതാസംവരണം നടപ്പാക്കാന്‍ തിടുക്കത്തിലുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. 2023ൽ പാർലമെന്റ് പാസാക്കിയ വനിതാസംവരണ നിയമത്തിന്റെ നിലവിലെ ചട്ടക്കൂടിൽ ഭേദഗതികൾ കൊണ്ടുവരുന്ന നിയമ ഭേദഗതി കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.16ന് പുനരാരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
ബിൽ പാസാകുന്നതോടെ, ലോക്‌സഭ സീറ്റുകൾ 543ൽ നിന്ന് 816 ആയി ഉയരും. ഇതിൽ 273 സീറ്റ് സ്‌ത്രീകൾക്കായി സംവരണം ചെയ്യും. 2027ൽ സെൻസസ് നടപടി പൂർത്തിയാക്കി അതിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തി 2034ൽ വനിതാസംവരണം നടപ്പാക്കുമെന്നാണ് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചത്.
എന്നാൽ, 2011 സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തി 2029ൽ തന്നെ സംവരണം നടപ്പാക്കാനാണ് തിരക്കിട്ട നീക്കം. മണ്ഡല പുനർനിർണയത്തിൽ കാതലായ മാറ്റം വരുത്തുന്ന ഭേദഗതിയും ഇതോടൊപ്പം അവതരിപ്പിക്കും. ഇൗ മാറ്റങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കാര്യമായി വെട്ടിക്കുറയ്‌ക്കാനിടയാക്കും.
അതേസമയം, വനിതാസംവരണം ഏത് രീതിയിൽ നടപ്പാക്കുമെന്ന കാര്യത്തില്‍ പ്രതിപക്ഷവുമായി ആശയവിനിമയം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചു. വനിതാ സംവരണം നടപ്പാക്കാനുള്ള ഭേദഗതികളുടെ വിശദാംശം ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ കത്തിനും സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാല്‍, 2029ലെ പൊതുതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും വനിതാസംവരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെബ്‌സൈറ്റിൽ കുറിച്ച ലേഖനത്തിൽ പറഞ്ഞു.










0 comments