print edition സെൻസസ് ആദ്യഘട്ടത്തിന് ഏപ്രിലിൽ തുടക്കം

ന്യൂഡൽഹി
സെൻസസ് പ്രക്രിയയുടെ ഭാഗമായുള്ള വീടുകളുടെ കണക്കെടുപ്പ് ഏപ്രിൽ ഒന്ന് മുതൽ സെപ്‌തംബർ 30 വരെ നടക്കുമെന്ന് രജിസ്‌ട്രാർ ജനറൽ മൃത്യുഞ്‌ജയ് കുമാർ നാരായൺ അറിയിച്ചു. ഏപ്രിൽ– സെപ്‌തംബർ കാലയളവിൽ ഏതെങ്കിലും മുപ്പത് ദിവസമാണ് ഓരോ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വീടുകളുടെ കണക്കെടുക്കേണ്ടത്. ഇൗ മുപ്പത് ദിവസ കാലയളവ് അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.
വീടുകളുടെ കണക്കെടുപ്പ് തുടങ്ങുംമുമ്പുള്ള 15 ദിവസ കാലയളവിൽ വീടുകളുടെ വിവരങ്ങൾ ജനങ്ങൾക്ക് പ്രത്യേക പോർട്ടലിലൂടെ സ്വയം രേഖപ്പെടുത്താനുള്ള അവസരമൊരുക്കണമെന്ന് രജിസ്‌ട്രാർ ജനറൽ നിർദേശിച്ചിട്ടുണ്ട്. വീടുകളുടെ കണക്കെടുപ്പ് പൂർത്തിയായശേഷമാകും ജനസംഖ്യാ കണക്കെടുപ്പിലേക്ക് നീങ്ങുക. 2027 ഫെബ്രുവരി മുതലാണ് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകുന്നത്. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ഇതാദ്യമായി പൗരൻമാരുടെ ജാതിവിവരങ്ങൾകൂടി ശേഖരിക്കും.
ഇന്ത്യ സ്വതന്ത്രമായശേഷം ആദ്യമായാണ് സെൻസസിന്റെ ഭാഗമായി ജാതിവിവരങ്ങൾ ശേഖരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയും 2027 സെൻസസിനുണ്ട്.










0 comments