Deshabhimani

ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യം സമരമുഖത്ത്, ഡൽഹിയിൽ വിലക്ക്

Gyanesh Kumar.jpg
വെബ് ഡെസ്ക്

Published on Oct 02, 2026, 10:08 AM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രതിഷേധം. ഡൽഹിയിലെ ജന്തർ മന്തറിലേക്ക് ഡിവൈഎഫ്ഐയും ഐസയും ഉൾപ്പടെയുള്ള സംഘടനകൾ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. സിജെപിയുടെ പ്രതിഷേധ പരിപാടി മുംബൈയിലാണ്.


ഡെൽഹിയിലാകെ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധങ്ങൾ സംഘർഷത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഡൽഹിയിലും മുംബൈയിലും കനത്ത സുരക്ഷാസംവിധാനങ്ങളെ വിന്യസിച്ചിട്ടുണ്ട്.


രാജ്യം പ്രതിഷേധത്തിലേക്ക് കടക്കുമ്പോഴും ഗ്യാനേഷ് കുമാറും കേന്ദ്രവും മൗനം തുടരുകയാണ്. ജന്തർ മന്തർ ഭാഗത്തേക്ക് ആരെയും കടത്തിവിടരുതെന്നാണ് നിർദേശം. കൂടുതൽ പൊലീസ് സേനയെയും സിആർപിഎഫിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.


ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ പൊലീസ് നടപടിക്ക് സമാനമായ നീക്കം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാനാണ് സാധ്യത. നിരോധനാജ്ഞയുടെ സാഹചര്യത്തിൽ ജയിൽ നിറയ്ക്കൽ സമരം നടത്താനും സാധ്യതയുണ്ട്.


ജന്തർ മന്തറിന് സമീപത്തുള്ള മെട്രോ സ്റ്റേഷനുകളിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തേക്കുന്ന ഗതാഗതം പൂർണമായും തടഞ്ഞിരിക്കുകയാണ്. അഞ്ചിൽ കൂടുതലാളുകൾ ഒരുമിച്ച് കൂടരുതെന്ന നിർദേശം നിലവിലുള്ള സാഹചര്യത്തിലാണ് ജനകീയ പ്രക്ഷോഭവുമായി സംഘടനകൾ രംഗത്തെത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home