ad
Deshabhimani

സൈറ്റ് തകരാറിൽ; പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാനാകുന്നില്ല, വിദ്യാർഥികളെ വീണ്ടും വലച്ച് സിബിഎസ്ഇ ‌

CBSE
വെബ് ഡെസ്ക്

Published on Jun 01, 2026, 12:59 PM | 2 min read

ന്യൂഡൽഹി: വിദ്യാർഥികളെ വീണ്ടും വലച്ച് സിബിഎസ്ഇ. പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സൈറ്റ് തകരാറിലായത് ഇനിയും പുന:സ്ഥാപിച്ചില്ല. പുനർമൂല്യനിർണ്ണയത്തിനും മാർക്ക് തിട്ടപ്പെടുത്തലിനുമുള്ള ലിങ്ക് പ്രവര്‍ത്തന രഹിതമായി തുടരുകയാണ്.


മെയ് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഈ പ്രക്രിയ, സാങ്കേതിക കാരണങ്ങളാൽ ജൂൺ ഒന്നിലേക്ക് മാറ്റിവെക്കുകയാണെന്ന് ബോർഡ് അറിയിച്ചിരുന്നു. എന്നാൽ പ്രഖ്യാപിച്ച സമയമായിട്ടും പോർട്ടൽ തുറക്കാൻ സാധിക്കാത്ത സാഹചര്യം തുടരുന്നു.


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തിന് പിന്നാലെ തന്നെ പുനർ മൂല്യനിർണയത്തിലും വെബ്സൈറ്റ് പ്രവർത്തനത്തിലും പ്രശ്നങ്ങൾ നേരിട്ടു. 17 ലക്ഷം പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ നാലു ലക്ഷം വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്ത് എത്തി.


പോർട്ടലിലെ സാങ്കേതിക തകരാറുകൾ മൂലം അപേക്ഷിക്കാൻ കഴിയുന്നില്ലെന്നും അമിത ഫീസ് ഈടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നിവധി വിദ്യാർഥികൾ ആണ് രം​ഗത്ത് വന്നത്. പിന്നാലെ പ്രശ്നം പരിഹരിച്ചുവെന്നും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണയവുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇന്ന് മുതൽ നൽകാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സിബിഎസ്ഇയുടെ വാക്ക് വെറും വാക്കായി മാറി. വെബ്സൈറ്റ് ഇതുവരെയും പ്രവർത്തനക്ഷമമായില്ല.


സിബിഎസ്ഇയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായെന്നും നേരത്തെ ആരോപണമുണ്ട്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിലെ ​ഗുരുതര വീഴ്ച പത്തൊൻപതുകാരനായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ നിസർഗ എക്‌സിലൂടെ പുറത്ത് വിട്ടിരുന്നു. സിബിഎസ്‌ഇ സൂക്ഷിച്ചുവെച്ച ഉത്തരക്കടലാസുകൾ ആർക്കും കാണാൻ കഴിയുന്ന വിധത്തിലാണെന്നതായിരുന്നു വെളിപ്പെടുത്തൽ. ആമസോൺ കമ്പനിയുടെ ക്ല‍ൗഡ്‌ സ്‌റ്റോറേജ്‌ സേവനമായ എഡബ്ല്യുഎസ്‌ ബക്കറ്റ്‌ വഴിയാണ്‌ സിബിഎസ്‌ഇ ഉത്തരക്കടലാസുകൾ സൂക്ഷിച്ചിരിക്കുന്നത്‌. ഇതിന് പാസ്‌വേഡ് നൽകിയിട്ടില്ല. ഇന്റർനെറ്റ്‌ കണക്ഷനുള്ള ആർക്കും ഉത്തരക്കടലാസുകൾ പരിശോധിക്കാൻ സാധിക്കുമെന്നും നിസർഗ പറഞ്ഞു.


കൂടാതെ ഉത്തരക്കടലാസുകളുടെ ചിത്രങ്ങളും നിസർ​ഗ പുറത്ത് വിട്ടിരുന്നു. പിന്നാലെ തങ്ങളുടെ ഭാ​ഗത്ത് നിന്നുള്ള വീഴ്ച സമ്മതിച്ച് സിബിഎസ്ഇ യും രം​ഗത്ത് വന്നു. നേരത്തെ സിബിഎസ്ഇ മൂല്യനിർണയത്തിലെ അപാകതകൾ തുറന്നുകാണിക്കുന്ന വിദ്യാർഥികൾക്കെതിരെ സംഘപരിവാർ വ്യാപകമായി വിദ്വേഷ പ്രചരണം നടത്തി വന്നിരുന്നു. വിദ്യാർഥികളെ പാകിസ്ഥാനികളാക്കിയായിരുന്നു ചിത്രീകരണം. ഇതിനിടയിലാണ് സിബിഎസ്ഇയുടെ വെബ്സൈറ്റിൽ വീണ്ടും തകരാർ റിപ്പോർട് ചെയ്തിരിക്കുന്നത്. നേരത്തെ വിദ്യാർഥികളിൽ പലരുടെയും ഉത്തരക്ക‌ടലാസുകൾ കാണാനില്ലെന്ന പരാതിയും വ്യാപകമായിരുന്നു. സിബിഎസ്ഇയുടെ ​ഗുരുതര സുരക്ഷാ വീഴ്ചയിൽ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് തുലാസിൽ നിൽക്കുന്നത്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home