സിബിഎസ്‌ഇ പുനർമൂല്യനിർണയത്തിനുള്ള സമയം കഴിഞ്ഞു; തടസ്സങ്ങൾ പരിഹരിച്ചില്ല


സ്വന്തം ലേഖകൻ
Published on Jun 08, 2026, 01:58 AM | 1 min read
ന്യൂഡൽഹി: രാജ്യത്തെ പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാതെ സിബിഎസ്‌ഇ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള സമയം അവസാനിച്ചു. സാങ്കേതിക തടസ്സം മൂലം അപേക്ഷ സമർപ്പിക്കാൻ സാധിച്ചില്ലെന്നറിയിച്ച് നിരവധി വിദ്യാർഥികളും രക്ഷിതാക്കളും സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി.
സിബിഎസ്‌ഇയുടെ സമൂഹമാധ്യമങ്ങളിലെ കമന്റ് ബോക്‌സുകളിലാകെ വിദ്യാർഥികളുടെ പരാതികളാണ്. സാങ്കേതിക തടസ്സങ്ങളെ സംബന്ധിച്ച പരാതി ഒൗദ്യോഗിക വിലാസത്തിലയക്കാനാണ് സിബിഎസ്‌ഇ നിർദേശിച്ചത്. എന്നാൽ പരാതി അറിയിച്ച പല വിദ്യാർഥികൾക്കും മറുപടി നൽകാൻ പോലും ബോർഡ് തയ്യാറായില്ല.
ഓൺ സ്‌ക്രീൻ മാർക്കിങ് (ഒഎസ്‌എം) സംവിധാനത്തിലെ പാളിച്ച മൂലം നിരവധി വിദ്യാർഥികൾക്കാണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടി വന്നത്. അപേക്ഷകരുടെ എണ്ണം കൂടുമെന്നറിഞ്ഞിട്ടും അതിനുതകുന്ന വെബ്‌സൈറ്റ് തയ്യാറാക്കത്തത് തിരിച്ചടിയായി.
ആദ്യ ഘട്ടത്തിൽ ഉത്തരക്കടലാസ് ലഭ്യമാകുന്നതിനായി അപേക്ഷിക്കേണ്ട വെബ്‌സൈറ്റിലും തടസ്സങ്ങളുണ്ടായിരുന്നു. ഒഎസ്‌എം സംവിധാനത്തിന്റെ ഉത്തരവാദിത്വം ഹൈദരാബാദ് ആസ്ഥാനമായ കോഎംപ്‌റ്റ് എന്ന കന്പനിയെ ഏൽപ്പിച്ചതാണ് മൂല്യനിർണയത്തിലെ വീഴ്‌ചകൾക്ക് കാരണമായത്. എന്നാൽ പുനർമൂല്യനിർണയവും ഇതേ കന്പനി തന്നെ നടത്തുന്നത് വിദ്യാർഥികളുടെ ആശങ്ക ഇരട്ടിയാക്കി.










0 comments