സിബിഎസ്ഇ റീ-ഇവാലുവേഷൻ പോർട്ടലിന് നേരെ സൈബർ ആക്രമണം; രണ്ട് മിനിറ്റിൽ 15 ലക്ഷം കടന്നാക്രമണ ശ്രമങ്ങൾ

ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ പുനർമൂല്യനിർണ്ണയത്തിനായുള്ള ഔദ്യോഗിക വെബ്‌സൈറ്റിന് നേരെ അതിശക്തമായ സൈബർ ആക്രമണം. അപേക്ഷാ പോർട്ടൽ തുറന്നശേഷം രണ്ട് മിനിറ്റിനുള്ളിൽ 1.5 മില്യൺ (15 ലക്ഷം) സൈബർ ആക്രമണ ശ്രമങ്ങളാണ് ഉണ്ടായതെന്ന് സിബിഎസ്ഇ അധികൃതർ വെളിപ്പെടുത്തി.
എന്നാൽ, ബോർഡിന്റെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉടനടി സജീവമായതിനാൽ ഈ വൻ അട്ടിമറി ശ്രമത്തെ വിജയകരമായി പ്രതിരോധിക്കാൻ സാധിച്ചുവെന്ന് സിബിഎസ്ഇ അറിയിച്ചു. പോർട്ടലിന്റെ പ്രവർത്തനം പൂർണ്ണമായും സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിഡോസ് (DDoS - Distributed Denial of Service) ആക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഒരേ സമയം ലക്ഷക്കണക്കിന് വ്യാജ ഐപികളിൽ നിന്ന് സൈറ്റിലേക്ക് ട്രാഫിക് തിരിച്ചുവിട്ടായിരുന്നു ഈ കടന്നാക്രമണം. വലിയ തോതിലുള്ള സൈബർ ആക്രമണ ശ്രമം ഉണ്ടായെങ്കിലും വിദ്യാർത്ഥികളുടെ വിവരങ്ങളോ അപേക്ഷാ ഡാറ്റകളോ ചോർന്നിട്ടില്ലെന്നും പോർട്ടൽ പൂർണ്ണമായും സുരക്ഷിതമാണെന്നും സിബിഎസ്ഇ ഐടി വിഭാഗം വ്യക്തമാക്കി.
ആക്രമണം തിരിച്ചറിഞ്ഞ ഉടൻ തന്നെ അനാവശ്യമായ അന്താരാഷ്ട്ര ട്രാഫിക്കുകൾ ബ്ലോക്ക് ചെയ്യുകയും സുരക്ഷാ ഫിൽട്ടറുകൾ ശക്തമാക്കുകയും ചെയ്തു. സൈറ്റിൽ ഏർപ്പെടുത്തിയിരുന്ന സുരക്ഷാ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാൽ പോർട്ടലിന്റെ വേഗത കുറയുകയോ ഡൗൺ ആകുകയോ ചെയ്തിട്ടില്ല.
വിദ്യാർത്ഥികൾക്ക് യാതൊരു തടസ്സവുമില്ലാതെ തുടർന്നും റീ-ഇവാലുവേഷനായി ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. ഈ വർഷം അപേക്ഷാ പ്രക്രിയയിൽ സുരക്ഷയുടെ ഭാഗമായി ആധാർ പരിശോധന ഉൾപ്പെടെയുള്ള കർശനമായ ഡിജിറ്റൽ വെരിഫിക്കേഷൻ ബോർഡ് നിർബന്ധമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പോർട്ടലിനെ ലക്ഷ്യമിട്ട് വൻ സൈബർ അറ്റാക്ക് ഉണ്ടായിരിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസികൾക്ക് സിബിഎസ്ഇ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഹാക്കർമാരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.










0 comments