വേദാന്തിന് ഉത്തര കടലാസ് മാറി നൽകിയതുതന്നെ, വീഴ്ചകൾ സമ്മതിച്ച് സിബിഎസ്ഇ

സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷ മൂല്യനിർണയത്തിലെ വീഴ്‌ചകൾ ഓരോന്നായി സമ്മതിച്ച് സിബിഎസ്ഇ. മൂല്യ നിര്‍ണ്ണയത്തിലെ പുതിയ പരിഷ്കാരം പാളിയതിന് പിന്നാലെ ലക്ഷകണക്കിന് വിദ്യാര്‍ഥികളെ അനിശ്ചിതത്വത്തിലാക്കിയ സര്‍വര്‍ വീഴ്ചകൾക്കും ശേഷം ഒരു കുറ്റസമ്മത മൊഴി കൂടി പുറത്തു വരികയാണ്. ഡൽഹി സ്വദേശിയായ വേദാന്ത് ശ്രീവാസ്‌തവയെന്ന വിദ്യാർഥിക്ക് മറ്റാരുടേയോ ഉത്തരക്കടലാസ് നൽകിയത് ബോര്‍ഡ് ശരിവെച്ചു.
മറ്റാരുടെയോ ഉത്തരകടലാസാണ് തനിക്ക് ലഭിച്ചതെന്ന് തുറന്നു പറഞ്ഞതിന് ആ വിദ്യാര്‍ഥിയെ പാകിസ്ഥാൻ ചാരനാക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ വാഴ്ത്തു പട. ഫിസിക്‌സിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെത്തുടർന്ന് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകി എന്നതായിരുന്നു ആ വിദ്യാര്‍ഥി ചെയ്ത പാതകം. മൂല്യനിര്‍ണ്ണയം ചെയ്ത് കിട്ടിയത് മറ്റാരുടെയോ ഉത്തര പേപ്പറാണ്. ഇക്കാര്യം എക്‌സ് അക്കൗണ്ടിലൂടെ വേദാന്ത് പുറത്തുവിട്ടു. ഉത്തര പേപ്പറിന്റെ ചിത്രം സഹിതം. ഉടനെ വന്നു പതിവ് പാകിസ്ഥാൻ മുദ്ര. നോയിഡയിൽ മിനിമം കൂലിക്ക് വേണ്ടി സമരം ചെയ്ത പട്ടിണിക്കാരായ തൊഴിലാളികളെ പാക് ഏജന്റുമാരാക്കിയ അതേ ലഘവത്വത്തോടെ വേദാന്തിനെയും ആക്രമിച്ചു. വേദാന്തിനും പുറമെ കുടുംബത്തിനു നേരെയും വ്യാപകമായി അധിക്ഷേപം ചൊരിഞ്ഞു.
മാറ്റി നൽകി
വിദ്യാർഥിക്ക് പ്ലസ് ടു ഫിസിക്‌സ് ഉത്തരപേപ്പർ മാറി നൽകിയെന്നും വീഴ്ച സംഭവിച്ചെന്നും സമ്മതിച്ചിരിക്കുകയാണിപ്പോൾ സിബിഎസ്ഇ. പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണയത്തിൽ അപാകതകൾ വ്യാപകമായതോടെ പരാതികളെ തുടർന്ന് ഉത്തരക്കടലാസ് ഡൗൺലോഡ് ചെയ്യാൻ വിദ്യാർഥികൾക്ക് അവസരം നൽകിയിരുന്നു. ഇതേതുടർന്ന് അപേക്ഷ നൽകിയ വേദാന്ത് എന്ന വിദ്യാർഥിക്ക് സ്വന്തം ഉത്തരപേപ്പറിന് പകരം മറ്റൊരാളുടെ ഉത്തരപേപ്പറാണ് നൽകിയത് എന്നത് ഔദ്യോഗികമായി അംഗീകരിച്ചിരിക്കയാണ്.
കൈയക്ഷരത്തിലുൾപ്പെടെയുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉത്തരപേപ്പറിന്റെ ചിത്രങ്ങളുൾപ്പെടെ ദിവസങ്ങൾക്ക് മുമ്പ് തന്നെ വേദാന്ത് എക്‌സിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് വേദാന്തിന്റെത് വ്യാജ പ്രൊഫൈൽ ആണെന്നും ഇയാൾ പാകിസ്താനിയാണെന്നും അടക്കമുള്ള പ്രചാരണങ്ങൾ സോഷ്യൽമീഡിയയിൽ ഉയർന്നത്.
ഇപ്പോൾ യഥാർഥ ഉത്തരപേപ്പർ തനിക്ക് ലഭിച്ചതായി വേദാന്ത് അതേ സോഷ്യൽ മീഡിയ വഴി അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകൾ തുറന്നു കാട്ടുന്നത് പാകിസ്താനികൾ ആയവര്‍ അല്ല. ഉത്തരക്കടലാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ട്വീറ്റ് ചെയ്യാൻ ആണ് എക്സ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് വേദാന്തിൻെറ സഹോദരനായ സിദ്ധാന്ത് എക്സിലെ മറ്റൊരു കുറിപ്പിൽ വിശദമാക്കി.
മെയ് 13-നാണ് സിബിഎസ്ഇ ഫലം പുറത്തുവിട്ടത്. ഒഎസ്എം രീതിയിൽ മാർക്ക് കണക്കുകൂട്ടിയപ്പോൾ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഉത്തരക്കടലാസുകൾ ഡൗൺലോഡ് ചെയ്യാൻ സൗകര്യമുണ്ടെങ്കിലും ലഭിക്കുന്നത് ക്വാളിറ്റി കുറഞ്ഞ പേപ്പറുകളാണെന്നും വിദ്യാർഥികൾ പരാതിയുയർത്തിയിരുന്നു. പുനർമൂല്യനിർണത്തിന് അപേക്ഷിക്കാൻ ശ്രമിച്ച പതിനായിര കണക്കിന് വിദ്യാര്‍ഥികൾക്ക് വെബ്സൈറ്റിലെ തകരാറുകൾ മൂലം അതിന് സാധിച്ചില്ല. നീറ്റ് പരീക്ഷ റദ്ദാക്കിയ വീഴ്ചയ്ക്ക് ശേഷമാണ് സിബിഎസ് സി പരിഷ്കാരവും തിരിച്ചടിച്ചത്. പ്രശ്നത്തിൽ സുപ്രീം കോടതി വരെ അതൃപ്തി പരസ്യമാക്കി. അപ്പോഴും പരാതിക്കാര്‍ക്ക് പാക് മുദ്ര പതിച്ച് നൽകിയ സംഘി സൈബര്‍ ഹാൻഡിലുകൾ വിദ്വേഷ പ്രതിരോധം പെരുക്കുകയായിരുന്നു.










0 comments