ad
Deshabhimani

സിബിഎസ്ഇ പുനർ മൂല്യനിർണയം: വിദ്യാർത്ഥി രോഷം ഫലംകണ്ടു; അപേക്ഷാ സമയം നീട്ടി

CBSE

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 06, 2026, 09:42 AM | 1 min read

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിലെ അട്ടിമറിക്കെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാരും സിബിഎസ്ഇ അധികൃതരും ഒടുവിൽ മുട്ടുമടക്കി. അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, നാളെ അർദ്ധരാത്രി വരെ നീട്ടാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് സിബിഎസ്ഇ അവകാശപ്പെടുന്നുണ്ടെങ്കിലും, പൊതുജനരോഷത്തിൽ നിന്നും തടിയൂരാനുള്ള തന്ത്രമാണിതെന്ന് വ്യക്തമാണ്.


പരീക്ഷാ ഫലത്തിലെ വ്യാപകമായ പിഴവുകൾക്ക് പിന്നാലെ സിബിഎസ്ഇയുടെ വെബ്‌സൈറ്റും തകരാറിലായതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് അപേക്ഷിക്കാൻ പോലുമാകാതെ വലഞ്ഞത്. പരീക്ഷാ നടത്തിപ്പിൽ വന്ന ഗുരുതരമായ വീഴ്ചകൾ മറച്ചുവെക്കാൻ വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം നടന്നു എന്ന പുതിയ വാദവുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. ഈ പരാതിയിൽ ഡൽഹി പൊലീസിനെ മുൻനിർത്തി അന്വേഷണ പ്രഹസനം നടത്തി രക്ഷപ്പെടാനാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നീക്കം.


അക്കാദമിക് രംഗത്തെ ഈ വൻ അഴിമതി പുറത്തായതോടെ, ജനരോഷത്തിൽ നിന്നും മുഖം രക്ഷിക്കാനായി സിബിഎസ്ഇ ബോർഡ് ചെയർമാനെ അടിയന്തരമായി സ്ഥലം മാറ്റാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായിരുന്നു. ഭരണകൂടത്തിന്റെ വീഴ്ചകൾക്കെതിരെയുള്ള വിദ്യാർത്ഥി കൂട്ടായ്മകളുടെ പോരാട്ടത്തിന്റെ വലിയൊരു വിജയമാണ് ഈ സമയപരിധി നീട്ടൽ. വലതുപക്ഷ നയങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ രാജ്യത്തുടനീളം ശക്തമായ യുവജന-വിദ്യാർത്ഥി പ്രക്ഷോഭങ്ങളാണ് പടർന്നുപന്തലിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home