print edition സിബിഎസ്ഇ മൂല്യനിർണയത്തിൽ വൻ അഴിമതി

ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയ സംവിധാനമായ ഒഎസ്‌എമ്മിന്റെ ഉത്തരവാദിത്വം കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കമ്പനിയെ ഏൽപ്പിച്ചതിനുപിന്നിൽ വൻ അഴിമതി. ഹൈദരാബാദ് ആസ്ഥാനമായ കോഎംപ്‌റ്റ് എഡ്യൂടെക് എന്ന കമ്പനിക്ക് സിബിഎസ്‌ഇ വിളിച്ച മൂന്നാമത്തെ ടെൻഡറിലാണ് കരാർ ലഭിക്കുന്നത്. ആദ്യ രണ്ട് ടെൻഡറുകളിൽ നിശ്ചയിച്ച തുകകൂടാതെ പത്തുകോടി അധികം നൽകിയാണ് ഈ കരാർ ഉറപ്പിച്ചത്. വിവാദ കന്പനിക്കായി ടെൻഡർ വ്യവസ്ഥകളിലും ഇളവ് വരുത്തി.
ആദ്യത്തെ രണ്ട് ടെൻഡറുകളിലും സിബിഎസ്‌ഇ നിശ്ചയിച്ച തുക 28 കോടിയാണ്. ടെൻഡർ വിവാദ കമ്പനിയിലേക്ക് എത്തിയപ്പോൾ ഇത് 38.46 കോടി ആയി. കൂടാതെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഏകദേശം 2.38 കോടി ഉത്തരക്കടലാസ് സ്കാൻ ചെയ്ത് ഡിജിറ്റൽ മൂല്യനിർണയം നടത്താൻ 28 കോടി എന്നായിരുന്നു ആദ്യ കരാർ. ഇത് പന്ത്രണ്ടാം ക്ലാസിന്റെ 98.66 ലക്ഷം ഉത്തരക്കടലാസിന്റെ മൂല്യനിർണയം മാത്രമാക്കി കുറച്ച ശേഷമാണ് ഉയർന്നതുക നൽകിയത്.
ഒരു ഉത്തരക്കടലാസിന് 25.74 രൂപയാണ് കമ്പനി ആവശ്യപ്പെട്ടത്. ഇതുപ്രകാരം 25.39 കോടി മാത്രം നൽകിയാൽ മതി. ഇപ്പോൾ നൽകിയത് 13 കോടി അധികമാണ്. സ്‍കാനിങ് റെസല്യൂഷൻ കുറച്ചും റോബോട്ടിക് സ്‍കാനർ വേണമെന്ന നിബന്ധന ഒഴിവാക്കിയും നടത്തിയ വെട്ടിപ്പും അതിന് കരാറിൽ വരുത്തിയ ഇളവും വേറെ. പരീക്ഷ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ വിവാദ കന്പനിയെ കരാർ ഏൽപ്പിച്ചതിലും ഗൂഢാലോചനയുണ്ട്.
അപേക്ഷാതീയതി ഇന്ന് അവസാനിക്കും; ആശങ്ക തീരുന്നില്ല
ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനായുള്ള അപേക്ഷസമർപ്പിക്കുന്ന തീയതി ശനിയാഴ്‌ച അവസാനിക്കും. വെബ്സൈറ്റിലെ തടസ്സങ്ങളെ സംബന്ധിച്ച പരാതി ഇപ്പോഴും പരിഹരിച്ചിട്ടില്ല. ലോഗിൻ ചെയ്യാനും ഫീസടക്കാനും സാധിക്കുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. ബുദ്ധിമുട്ട് നേരിടുന്നവർ പരാതികൾ സമൂഹമാധ്യമ അക്കൗണ്ടിലേക്ക് സന്ദേശമായി അറിയിക്കാനാണ് നിർദേശം.
ഉത്തരക്കടലാസ് ലഭിച്ചശേഷം മാർക്ക് പരിശോധിക്കാനും തിരുത്താനും അപേക്ഷിക്കേണ്ട തീയതിയാണ് ശനിയാഴ്‌ച അവസാനിക്കുക. എപ്പോൾ പുനർമൂല്യനിർണയ ഫലം വരുമെന്നതിലും ആർക്കും ഉത്തരമില്ല. ഉത്തരക്കടലാസുകൾക്ക് അപേക്ഷിക്കുന്ന വെബ്‌സൈറ്റ് പ്രവർത്തനരഹിതമായതിനെത്തുടർന്ന് മെയ് 26ന് തുറക്കേണ്ട പുനർമൂല്യനിർണയത്തിനായുള്ള സൈറ്റ് ജൂൺ രണ്ടിനാണ് തുറന്നത്. ഇത്തവണത്തെ മൂല്യനിർണയ സംവിധാനത്തിൽ വലിയ പാളിച്ചകളാണുണ്ടായതെന്നും ഞങ്ങൾക്ക് ഗ്രേസ് മാർക്ക് തരുന്നതിന് പകരം എന്തിനാണ് ഇങ്ങനെ ദിവസങ്ങൾ നീട്ടികൊണ്ടുപോകുന്നതെന്നും വിദ്യാർഥികൾ സിബിഎസ്‌ഇയോട് സമൂഹമാധ്യങ്ങളിൽ ചോദിക്കുന്നു.










0 comments