print edition സിബിഎസ്‌ഇ, സിയുഇടി പരീക്ഷാവീഴ്‌ച; സ്വകാര്യ കോളേജുകളില്‍ ചേരാൻ നിർബന്ധിതരായി വിദ്യാർഥികൾ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിടിപ്പുകേട് മൂലം സ്വകാര്യ കോളേജുകളില്‍ ചേരാൻ നിർബന്ധിതരായി വിദ്യാർഥികൾ. സിബിഎസ്‌ഇ മൂല്യനിർണയത്തിലെ ക്രമക്കേട്, നീളുന്ന പുനർമൂല്യനിർണയ ഫലം, സിയുഇടി യുജി പരീക്ഷയിലെ അപാകത എന്നിവയാണ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയത്.
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിലുണ്ടായ ക്രമക്കേടുകാരണം പ്രതീക്ഷിച്ചതിനേക്കാൾ കുറവ് മാർക്കാണ് ഇവർക്ക് ലഭിച്ചത്. പ്ലസ് വണ്ണിലും മറ്റ് മത്സരപരീക്ഷയിലും ഉയർന്ന മാർക്ക് വാങ്ങിയവർ വരെ ഇതിലുണ്ട്. വിജയശതമാനത്തിലും കുറവുവന്നു. ഉന്നതപഠനത്തിന് അഡ്‌മിഷൻ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇവർ സ്വകാര്യ കോളേജുകളെ ആശ്രയിക്കുന്നത്. പുനർമൂല്യനിർണയ ഫലവും നീളുകയാണ്. മെയ് 29ന് അവസാനിക്കേണ്ടിയിരുന്ന അപേക്ഷ സമർപ്പിക്കൽ ജൂൺ ഏഴിനാണ് അവസാനിച്ചത്. സിബിഎസ്‌ഇയുടെ വെബ്‌സൈറ്റിലുണ്ടായ സങ്കേതിക തടസ്സങ്ങളാണ് കാരണം. ഫലം എപ്പോൾ വരുമെന്ന് ആർക്കും അറിയില്ല.
കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയിലെ അപാകത കാരണം പ്രവേശന തീയതി നീളുന്നതും വിദ്യാർഥികളെ മാറ്റിചിന്തിപ്പിക്കുന്നു. നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾ ചോദ്യപേപ്പർചോർച്ച മൂലം സമാന പ്രതിസന്ധിയിലാണ്. മെഡിക്കൽ അഡ്മിഷൻ എപ്പോൾ നടക്കുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. ഇത് സയൻസ് സ്ട്രീമിലെ വിദ്യാർഥികളെ ഇതര ബിരുദ കോഴ്‌സുകളിലേക്ക് മാറാൻ പ്രേരിപ്പിക്കുകയാണ്.
നീറ്റ് പുനഃപരീക്ഷ: ഹാൾടിക്കറ്റ് ഡൗൺലോഡാകുന്നില്ല
ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് നടത്തുന്ന നീറ്റ് പുനഃപരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡാകുന്നില്ല. പരാതിയുമായി നിരവധി വിദ്യാർഥികളാണ് രംഗത്തെത്തിയത്. ഞയാറാഴ്‌ചയാണ് എൻടിഎ വെബ്‌സൈറ്റിൽ ഹാൾടിക്കറ്റ് ലഭ്യമാക്കിയത്. ജുൺ 21നാണ് പരീക്ഷ.
പ്രശ്‌നം പരിഹരിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് എൻടിഎ അറിയിച്ചു. നാല് ലക്ഷം വിദ്യാർഥികൾക്കാണ് ഹാൾടിക്കറ്റ് കിട്ടിയത്. 22 ലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷയെഴുതാനുണ്ട്.
മെയ് മൂന്നിന് നടന്ന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിൽ പരീക്ഷയ്ക്കായി വിദ്യാർഥികൾ അടച്ച തുക മുഴുവൻ തിരികെ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായി പുനഃപരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് ബാങ്ക് അക്കൗണ്ട് വിവരം നൽകണമെന്ന നിബന്ധനവച്ചിരുന്നു.











0 comments