ad
Deshabhimani

print edition വിദ്യാർഥികളുടെ ആശങ്കയ്‌ക്ക്‌ അറുതിയില്ല; പുതിയ സൈറ്റും 
ചതിച്ചു

CBSE
avatar
സ്വന്തം ലേഖകൻ

Published on Jun 03, 2026, 12:20 AM | 2 min read

ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷയെഴുതിയ വിദ്യാർഥികളെ വലച്ച വീഴ്‌ചകൾക്ക്‌ അറുതിയില്ല. പുനർമൂല്യനിർണയ അപേക്ഷ നൽകാനായി തുറന്ന പുതിയ വെബ്‌സൈറ്റും തകരാറിലായതോടെ വിദ്യാർഥികൾ അനിശ്ചിതത്വത്തിലായി. ആദ്യഘട്ടത്തിൽ ദിവസങ്ങൾ വൈകിയാണ്‌ സിബിഎസ്‌ഇ വെബ്‌സൈറ്റ്‌ തുറന്നത്‌. ആദ്യ അറിയിപ്പനുസരിച്ച്‌ മെയ്‌ 26–29 തീയതികളിലായിരുന്നു പുനർമൂല്യനിർണയത്തിനായി അപേക്ഷിക്കേണ്ടിയിരുന്നത്‌. വിദ്യാർഥികൾക്ക്‌ ഉത്തരക്കടലാസ്‌ ലഭിക്കാൻ അപേക്ഷിക്കേണ്ട സൈറ്റ്‌ പ്രവർത്തനരഹിതമായതോടെ, പുനർമ‍ൂല്യനിർണയത്തിനുള്ള അപേക്ഷ ജൂൺ ഒന്നിലേക്ക്‌ മാറ്റി. എന്നാൽ സൈറ്റ്‌ തുറന്നത്‌ ജൂൺ രണ്ടിനാണ്‌. പരീക്ഷാഫലം അന്തിമമാകാതെ നീളുന്നത്‌ ഉപരിപഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്‌. ശനിയാഴ്‌ച വരെയാണ്‌ പുനർമൂല്യനിർണയത്തിന്‌ അപേക്ഷിക്കാനുള്ള സമയം.


ആദ്യ സൈറ്റുകളിലുണ്ടായ സാങ്കേതിക തടസ്സങ്ങൾ പുതിയ സൈറ്റിലും ആവർത്തിച്ചതോടെ നിരവധി വിദ്യാർഥികൾക്ക്‌ അപേക്ഷ നൽകാനായിട്ടില്ല. സാങ്കേതിക തടസ്സങ്ങളില്ലാതെ അപേക്ഷ പൂർത്തീകരിക്കാൻ സാധിക്കുമെന്ന അവകാശവാദത്തോടെ രൂപകൽപന ചെയ്ത സൈറ്റാണിത്‌. നിരവധി വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തി. സിബിഎസ്‌ഇയുടെ സമ‍ൂഹമാധ്യമ അക്ക‍ൗണ്ടുകളുടെ കമന്റ്‌ ബോക്‌സുകൾ പരാതികളാൽ നിറഞ്ഞു. തടസ്സങ്ങൾ വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ടുകൾ വിദ്യാർഥികൾ പങ്കുവെച്ചു.


സൈറ്റിൽ കടക്കാനായവർക്ക്‌ നടപടികൾ പൂർത്തിയാക്കാനാകാത്ത സ്ഥിതിയുമുണ്ട്‌. ഏതൊക്കെ ഉത്തരങ്ങളാണ്‌ പുനർമൂല്യനിർണയത്തിനായി പരിഗണിക്കേണ്ടതെന്ന്‌ തെരഞ്ഞെടുക്കാൻ സാധിക്കുന്നില്ലെന്ന്‌ വിദ്യാർഥികൾ പറഞ്ഞു. എന്നാൽ ചൊവ്വാഴ്‌ച പകൽ മ‍ൂ‍ന്നുവരെ 16,000 വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചെന്ന സിബിഎസ്‌ഇ അവകാശപ്പെട്ടു. പുതിയ വെബ്‌സൈറ്റിനുനേരെ സൈബർ ആക്രമണമുണ്ടായെന്നും സിബിഎസ്‌ഇ അറിയിച്ചു. രണ്ടുമിനിട്ടിനുള്ളിൽ 15 ലക്ഷം നീക്കങ്ങൾ ഉണ്ടായി. ഡാറ്റ ചോർത്താനുള്ള ഒരുലക്ഷത്തിലധികം ശ്രമങ്ങളുമുണ്ടായെന്നും സിബിഎസ്‌ഇ അറിയിച്ചു.


വെബ്‌സൈറ്റ്‌ എഐ നിർമിതം


പുതിയ വെബ്‌സൈറ്റ്‌ പൂർണമായും എഐ ടൂളുകൾ ഉപയോഗിച്ച് നിർമിച്ചതാണെന്ന ആരോപണവുമായി നിരവധി പേർ രംഗത്തെത്തി. പ്രോംപ്‌റ്റുകൾ (നിർദേശങ്ങൾ) നൽകി വെബ്സൈറ്റുകൾ നിർമിക്കുന്ന "വൈബ് കോഡഡ്’ രീതി ഉപയോഗിച്ചാണ്‌ രൂപകൽപ്പനയെന്നാണ്‌ ആരോപണം. വെബ്‌സൈറ്റിലുള്ള ഇമോജികൾ, നിറവിന്യാസം എന്നിവ ആരോപണം സാധൂകരിക്കുന്നതാണെന്നും ഇവർ അവകാശപ്പെട്ടു.


‘വൈബ് കോഡ് ഡിറ്റക്ടർ’ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഈ വെബ്‌സൈറ്റ്‌ എഐ ഉപയോഗിച്ച് നിർമിച്ചതാകാൻ 58 ശതമാനം സാധ്യതയുണ്ടെന്ന് കണ്ടെത്തിയെന്ന്‌ എക്‌സിൽ വെളിപ്പടുത്തലുണ്ടായി.


പാർലമെന്ററി സ്ഥിരം 
സമിതി യോഗം ചേർന്നു


​മൂ‍ല്യനിർണയത്തിലെ അപാകതകളിൽ വിദ്യാഭ്യാസത്തിനായുള്ള പാർലമെന്റിന്റെ സ്ഥിരം സമിതി ഉന്നതതല യോഗം വിളിച്ചുചേർത്തു. സിബിഎസ്‌ഇ ചെയർമാൻ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഹാജരായതാണ്‌ വിവരം. ‘കോഎംപ്‌റ്റ്‌’ന്‌ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെ ശരിവയ്ക്കുന്ന തെളിവുകൾ പുറത്തുവിട്ട പന്ത്രണ്ടാം ക്ലാസ്‌ വിദ്യാർഥി സാർഥക്‌ സിദ്ധാന്തും ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home