പുനർമൂല്യനിർണയം
print edition സിബിഎസ്‌ഇ: ആശങ്കയ്‌ക്ക് പരിഹാരമില്ല


സ്വന്തം ലേഖകൻ
Published on May 25, 2026, 12:00 AM | 1 min read
ന്യൂഡൽഹി: സിബിഎസ്‌ഇ 12–ാം ക്ലാസ് പരീക്ഷ ഫലത്തിന്റെ പുനർമൂല്യനിർണയത്തിൽ ആദ്യഘട്ട അപേക്ഷയ്‌ക്കുള്ള തീയതി ഒരു ദിവസംകൂടി നീട്ടിയെങ്കിലും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാതെ ബോർഡും കേന്ദ്രസർക്കാരും. നിലവിൽ അപേക്ഷിച്ച പല വിദ്യാർഥികൾക്കും വ്യക്തതയില്ലാത്ത ഉത്തരക്കടലാസുകളാണ് ലഭിച്ചത്. ഇൗ വിഷയങ്ങളിൽ തുടർനടപടി എന്താണെന്ന് ബോർഡ് വ്യക്തമാക്കിയിട്ടില്ല. പരാതികൾ അവലോകനം ചെയ്യും പരിഹരിക്കും എന്ന് പറഞ്ഞതല്ലാതെ ക്രിയാത്മകമായ നടപടികളൊന്നുമില്ല. സാങ്കേതിക തടസ്സങ്ങൾ വലച്ചതിനെ തുടർന്നാണ് ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടിയത്. അതേസമയം, പുനർമൂല്യനിർണയത്തിന് രണ്ടാംഘട്ട അപേക്ഷ നൽകേണ്ട സമയം 26 മുതൽ 29 വരെയാണ്. ഇതുനീട്ടാൻ ബോർഡ് തയ്യാറായില്ല.
ഓൺ സ്‌ക്രീൻ മാർക്കിങ്(ഒഎസ്‌എം) സംവിധാനം വഴിയുള്ള മൂല്യനിർണയം പരാജയമാണെന്നും പരീക്ഷാഫലം റദ്ദാക്കി പഴയരീതിയിൽ മൂല്യനിർണയം നടത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നുണ്ട്. ഇതംഗീകരിക്കാനും സർക്കാർ തയ്യാറായില്ല. അതിനിടെ, മൂല്യനിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഞായറാഴ്‌ച സിബിഎസ്‌ഇയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിശദീകരണം തേടി. സിബിഎസ്‌ഇയെ സഹായിക്കുന്നതിന് ഐഐടിയെ നിയോഗിച്ചു.
ഒഎസ്‌എം മൂല്യനിർണയത്തിനെതിരെ പരീക്ഷയ്‌ക്ക് മുൻപ് തന്നെ ഉയർന്ന ആശങ്കയ്‌ക്ക് സർക്കാർ ചെവികൊടുക്കാതിരുന്നതാണ് 18 ലക്ഷത്തിനടുത്ത് വിദ്യാർഥികളെ വലച്ചത്. ലക്ഷക്കണക്കിന് വിദ്യാർഥികൾ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുമെന്ന് ഉറപ്പുണ്ടായിട്ടും അതിനുതകുന്ന രീതിയിലുള്ള വെബ്‌സൈറ്റ് കേന്ദ്ര സർക്കാർ ഉണ്ടാക്കിയില്ല. പുനർമൂല്യനിർണയ അപേക്ഷ നൽകാൻ തുറന്ന ആദ്യത്തെയും രണ്ടാമത്തെയും വെബ്‌സൈറ്റുകൾ പണിമുടക്കി. മൂന്നാമത്തെ വെബ്‌സൈറ്റിലും തടസങ്ങൾ നേരിട്ടു. 100 രൂപയ്‌ക്ക് പകരം ഫീസായി അധികതുകയും ഇൗടാക്കി. ഇൗടാക്കിയ അധികഫീസുകൾ തിരികെനൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.











0 comments