പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; മകന്റെ ലാപ്ടോപ്പ് തല്ലിത്തകർത്ത് അച്ഛൻ, മുറിയും കട്ടിലും പിടിച്ചെടുത്തു; വിദ്യാർത്ഥിയുടെ പോസ്റ്റ്

റെഡ്ഡിറ്റിൽ പങ്കുവെച്ച ചിത്രം
ന്യൂഡൽഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയതിന്റെ പേരിൽ വിദ്യാർത്ഥിയോട് പിതാവ് കാട്ടിയ ക്രൂരത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. തല്ലിത്തകർക്കപ്പെട്ട ലാപ്ടോപ്പിന്റെ ചിത്രം സഹിതം വിദ്യാർത്ഥി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യല്‍മീഡിയ ചര്‍ച്ചചെയ്യുന്നത്.
"ഞാൻ ഇത് പങ്കുവെക്കാൻ അല്പം വൈകിപ്പോയി എന്നറിയാം, പക്ഷേ എന്റെ പന്ത്രണ്ടാം ക്ലാസ് ഫലം വന്നതിന് ശേഷം എന്റെ അച്ഛൻ ചെയ്തത് ഇതാണ്" എന്ന അടിക്കുറിപ്പോടെയാണ് തറയിൽ തകർന്നു കിടക്കുന്ന ലാപ്ടോപ്പിന്റെ ചിത്രം വിദ്യാർത്ഥി പോസ്റ്റ് ചെയ്തത്. പരീക്ഷാഫലം വന്നതിന് പിന്നാലെ പ്രകോപിതനായ പിതാവ് വിദ്യാർത്ഥിയുടെ ലാപ്ടോപ്പ് അടിച്ച് തകർക്കുകയായിരുന്നു.
ലാപ്ടോപ്പ് തകർത്തത് കൂടാതെ വിദ്യാർത്ഥി അതുവരെ ഉപയോഗിച്ചിരുന്ന സ്വന്തം മുറിയും കട്ടിലും അച്ഛൻ ബലമായി പിടിച്ചെടുത്തു. നിലവിൽ തനിക്ക് തറയിലാണ് കിടന്നുറങ്ങേണ്ടി വരുന്നത്. പരീക്ഷാഫലം വന്നതുമുതൽ കടുത്ത മാനസികവും ശാരീരികവും വൈകാരികവുമായ പീഡനങ്ങളാണ് വീട്ടിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നതെന്നും വിദ്യാർത്ഥി വ്യക്തമാക്കുന്നു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 57.4% മാർക്ക് മാത്രമാണ് വിദ്യാർത്ഥിക്ക് നേടാനായത്. ഇതിന്റെ ദേഷ്യത്തിലാണ് പിതാവ് ഇത്രയും കടുത്ത നടപടികളിലേക്ക് കടന്നത്. വിദ്യാർത്ഥിയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ നിരവധിപ്പേരാണ് അച്ഛന്റെ നിലപാടിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയത്.











0 comments