ad
Deshabhimani

പ്ലസ് ടു മൂല്യനിർണയം; വിദ്യാർത്ഥികൾക്കായി ഹെൽപ്പ്‌ലൈൻ സംവിധാനവുമായി സിബിഎസ്ഇ

CBSE.jpg
വെബ് ഡെസ്ക്

Published on May 17, 2026, 08:02 AM | 1 min read

ന്യൂഡൽഹി: പ്ലസ് ടു പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് ആശങ്കയുള്ളവർക്കും മൂല്യനിർണ്ണയത്തിൽ അതൃപ്തിയുള്ളവർക്കുമായി പുതിയ ഹെൽപ്പ്‌ലൈൻ സംവിധാനവും സഹായ നടപടികളും പ്രഖ്യാപിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ.


ഈ വർഷം പുനരവതരിപ്പിച്ച ഓൺ-സ്‌ക്രീൻ മാർക്കിംഗ് രീതി കാരണം പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്ന് വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ബോർഡിന്റെ വിശദീകരണവും അടിയന്തര ഇടപെടലും.


മൂല്യനിർണ്ണയ പ്രക്രിയ തികച്ചും സുതാര്യവും നിഷ്പക്ഷവുമായാണ് നടന്നതെന്ന് സിബിഎസ്ഇ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി നിരവധി ഔദ്യോഗിക സംവിധാനങ്ങൾ ബോർഡ് ഒരുക്കിയിട്ടുണ്ട്.


പരീക്ഷാ ഫലത്തിൽ സംശയമോ അതൃപ്തിയോ ഉള്ള വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്കിൽ കൂട്ടൽ തെറ്റുകളോ മറ്റ് പിഴവുകളോ ഉണ്ടോ എന്ന് പരിശോധിക്കാൻ അപേക്ഷിക്കാം. മൂല്യനിർണ്ണയം നടത്തിയ സ്വന്തം ഉത്തരക്കടലാസുകൾ നേരിട്ട് കണ്ട് പരിശോധിക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കും.


ഉത്തരക്കടലാസുകൾ വീണ്ടും വിശദമായ മൂല്യനിർണ്ണയത്തിന് വിധേയമാക്കാൻ അപേക്ഷ നൽകാം. ഫലം വന്നതിന് ശേഷമുള്ള മാനസിക സമ്മർദ്ദവും ആശങ്കകളും ലഘൂകരിക്കുന്നതിനായി സിബിഎസ്ഇ ടെലി-കൗൺസിലിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.


വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും 1800-11-8004 എന്ന ടോൾ ഫ്രീ നമ്പറിലൂടെ കൗൺസിലർമാരുടെ സഹായം തേടാം. കൂടാതെ, ബോർഡ് നൽകിയിട്ടുള്ള ഔദ്യോഗിക ഇമെയിൽ ഐഡി വഴിയും പരാതികൾ ബോധിപ്പിക്കാവുന്നതാണ്.


സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിലും ഊഹാപോഹങ്ങളിലും വിശ്വസിക്കരുതെന്നും, ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും സിബിഎസ്ഇ അഭ്യർത്ഥിച്ചു.


വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും എല്ലാത്തരം പരാതികളും ഗൗരവമായി കേൾക്കാനും പരിഹരിക്കാനും ബോർഡ് പ്രതിജ്ഞാബദ്ധമാണെന്നും അറിയിപ്പിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home