സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്: ഇത്തവണ ഡിജിറ്റൽ മൂല്യനിർണ്ണയം; റീ-ഇവാലുവേഷൻ പ്രക്രിയയിൽ മാറ്റം

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫല പ്രഖ്യാപനത്തിന് പിന്നാലെ, ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ നിർണ്ണായക മാറ്റങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ.
ഇത്തവണ പൂർണ്ണമായും 'ഓൺ-സ്‌ക്രീൻ മാർക്കിംഗ്' അഥവാ ഡിജിറ്റൽ മൂല്യനിർണ്ണയ രീതിയിലേക്ക് ബോർഡ് മാറിയ പശ്ചാത്തലത്തിൽ, റീ-ചെക്കിംഗ് പ്രക്രിയകൾ എങ്ങനെയായിരിക്കുമെന്നതിൽ വിദ്യാർത്ഥികൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് അധികൃതർ.
ഡിജിറ്റൽ രീതിയിലേക്ക് മാറിയെങ്കിലും വിദ്യാർത്ഥികൾക്ക് തങ്ങളുടെ മാർക്കുകളിൽ സംശയമുണ്ടെങ്കിൽ റീ-ചെക്കിംഗിനും പുനർമൂല്യനിർണ്ണയത്തിനും അപേക്ഷിക്കാനുള്ള അവസരം ബോർഡ് നിലനിർത്തിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളായാണ് ഈ പ്രക്രിയ നടക്കുക.
ആദ്യ ഘട്ടത്തിൽ വിദ്യാർത്ഥിയുടെ മാർക്കുകൾ കൂട്ടിനോക്കിയതിൽ എന്തെങ്കിലും പിഴവുണ്ടോ എന്നും ഏതെങ്കിലും ചോദ്യത്തിന് മാർക്ക് നൽകാതിരുന്നിട്ടുണ്ടോ എന്നും പരിശോധിക്കും. ഇതിനായി വിഷയം ഒന്നിന് 500 രൂപയാണ് ഫീസ്.
ആദ്യ ഘട്ടം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മാത്രമേ തങ്ങളുടെ മൂല്യനിർണ്ണയം ചെയ്ത ഉത്തരക്കടലാസിന്റെ ഡിജിറ്റൽ പകർപ്പ് ആവശ്യപ്പെടാൻ സാധിക്കൂ. ഇതിനായി വിഷയം ഒന്നിന് 700 രൂപ അടയ്ക്കണം.
ഉത്തരക്കടലാസ് പരിശോധിച്ച ശേഷം ഏതെങ്കിലും പ്രത്യേക ചോദ്യത്തിന്റെ മൂല്യനിർണ്ണയത്തിൽ പിഴവുണ്ടെന്ന് തോന്നിയാൽ വിദ്യാർത്ഥിക്ക് ആ ചോദ്യം മാത്രം പുനർമൂല്യനിർണ്ണയത്തിന് അയക്കാം. ചോദ്യം ഒന്നിന് 100 രൂപ വീതമാണ് ഇതിന് ഈടാക്കുക.
പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ പൂർണ്ണമായി സ്കാൻ ചെയ്ത് ഡിജിറ്റൽ രൂപത്തിലാക്കിയാണ് ഇത്തവണ അധ്യാപകർക്ക് മൂല്യനിർണ്ണയത്തിനായി നൽകിയത്.
കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കി അധ്യാപകർ മാർക്ക് രേഖപ്പെടുത്തുന്ന ഈ രീതി വഴി മാർക്കുകൾ കൂട്ടുന്നതിലുള്ള തെറ്റുകളും ചോദ്യങ്ങൾ വിട്ടുപോകുന്ന സാഹചര്യങ്ങളും പരമാവധി ഒഴിവാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ബോർഡ് അവകാശപ്പെടുന്നത്.
എന്നിരുന്നാലും വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കുന്നതിനാണ് കർശനമായ നിബന്ധനകളോടെ റീ-ഇവാലുവേഷൻ സൗകര്യം തുടർന്നും അനുവദിക്കുന്നത്. മെയ് 17 മുതൽ ജൂൺ പകുതി വരെയുള്ള വിവിധ തീയതികളിലാണ് വിദ്യാർത്ഥികൾക്ക് ഇതിനായി അപേക്ഷിക്കാൻ സാധിക്കുക. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കില്ലെന്നും ബോർഡ് ഓർമ്മിപ്പിച്ചു.










0 comments