സിബിഎസ്ഇ പത്താം ക്ലാസ് ഫലം; ഗൾഫ് മേഖലയിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക ഫലപ്രഖ്യാപനം ഉണ്ടാകില്ല

ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് മാറ്റിവെച്ച സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളുടെ ഫലപ്രഖ്യാപനത്തിൽ നിർണ്ണായക തീരുമാനവുമായി ബോർഡ്. ഗൾഫ് മേഖലയിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി ഫലം പ്രസിദ്ധീകരിക്കില്ലെന്നും, മറ്റെല്ലാ വിദ്യാർത്ഥികൾക്കുമൊപ്പം തന്നെ ഇവരുടെ ഫലവും പുറത്തുവിടുമെന്നും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അറിയിച്ചു.
യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിൽ നടത്താനിരുന്ന ബാക്കി പരീക്ഷകൾ ബോർഡ് റദ്ദാക്കിയിരുന്നു. ഫെബ്രുവരി 17 മുതൽ 28 വരെ നടന്ന പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയതായും അതിനുശേഷം മുടങ്ങിയ പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ രീതി നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നാല് വിഷയങ്ങളിൽ പരീക്ഷ എഴുതിയവർക്ക് മികച്ച മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി എടുത്ത് ബാക്കിയുള്ള പരീക്ഷകൾക്ക് മാർക്ക് നൽകും. മൂന്ന് വിഷയങ്ങളിൽ പരീക്ഷ എഴുതിയവർക്ക് മികച്ച രണ്ട് വിഷയങ്ങളുടെ ശരാശരി മാർക്ക് കണക്കാക്കും. രണ്ട് വിഷയങ്ങൾ മാത്രം എഴുതിയവർക്ക് ആ രണ്ട് വിഷയങ്ങളുടെ ശരാശരി മാർക്ക് മറ്റ് വിഷയങ്ങൾക്ക് ബാധകമാക്കും.
പൂർണ്ണമായും പരീക്ഷ എഴുതിയവർക്ക് അവരുടെ പരീക്ഷാ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ഫലം തയ്യാറാക്കും. സ്‌കൂളുകൾ ഇതിനോടകം പൂർത്തിയാക്കിയ ഇന്റേണൽ അസസ്‌മെന്റ് മാർക്കുകളും ഫലപ്രഖ്യാപനത്തിനായി പരിഗണിക്കും. പരീക്ഷാ കേന്ദ്രങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയ വിദ്യാർത്ഥികൾക്ക് അവർ പങ്കെടുത്ത പരീക്ഷകളുടെ അടിസ്ഥാനത്തിലാകും മൂല്യനിർണ്ണയം.
പരീക്ഷാ ഫലത്തിൽ തൃപ്തരല്ലാത്തവർക്ക് പിന്നീട് ബോർഡ് നടത്തുന്ന പരീക്ഷകളിലൂടെ മാർക്ക് മെച്ചപ്പെടുത്താൻ അവസരമുണ്ടാകും. പ്രൈവറ്റ്, കമ്പാർട്ട്മെന്റ് വിദ്യാർത്ഥികൾക്ക് രണ്ടാമത് നടത്തുന്ന ബോർഡ് പരീക്ഷകളിൽ പങ്കെടുക്കാമെന്നും സിബിഎസ്ഇ അറിയിച്ചു.










0 comments