ad
Deshabhimani

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: രണ്ടാമത്തെ പരീക്ഷ എഴുതാൻ ആദ്യ പരീക്ഷ നിർബന്ധം; നിയമങ്ങൾ വ്യക്തമാക്കി സിബിഎസ്ഇ

CBSE.jpg
വെബ് ഡെസ്ക്

Published on Feb 16, 2026, 08:03 PM | 1 min read

ന്യൂഡൽഹി: പത്താം ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നാളെ (ഫെബ്രുവരി 17) ആരംഭിക്കാനിരിക്കെ, പരീക്ഷാ നിയമങ്ങളിൽ വ്യക്തത വരുത്തി സിബിഎസ്ഇ. 2026 മുതൽ നടപ്പിലാക്കുന്ന പുതിയ രീതി അനുസരിച്ച്, വർഷത്തിൽ രണ്ട് തവണ ബോർഡ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.


ഇതിൽ രണ്ടാമത്തെ പരീക്ഷ എഴുതുന്നതിനുള്ള യോഗ്യതകളെക്കുറിച്ചാണ് ബോർഡ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും ആദ്യ ബോർഡ് പരീക്ഷയിൽ നിർബന്ധമായും പങ്കെടുത്തിരിക്കണം.


വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ പരീക്ഷ ഒഴിവാക്കി നേരിട്ട് രണ്ടാമത്തെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. ആദ്യ പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങളിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികളെ 'എസൻഷ്യൽ റിപ്പീറ്റ്' വിഭാഗത്തിൽ ഉൾപ്പെടുത്തും.


ഇവർക്ക് രണ്ടാമത്തെ പരീക്ഷ എഴുതാൻ കഴിയില്ല. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന പ്രധാന പരീക്ഷയ്ക്ക് മാത്രമേ ഇവർക്ക് അപേക്ഷിക്കാനാവൂ. പാസ്സായ വിദ്യാർത്ഥികൾക്ക് മാർക്ക് വർദ്ധിപ്പിക്കാനായി സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ഭാഷകൾ എന്നിവയുൾപ്പെടെ മൂന്ന് വിഷയങ്ങൾ വരെ രണ്ടാമത്തെ പരീക്ഷയിൽ എഴുതാവുന്നതാണ്.


ആദ്യ പരീക്ഷയിൽ കമ്പാർട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ടാമത്തെ പരീക്ഷയിൽ പങ്കെടുക്കാം. ആദ്യ പരീക്ഷയിൽ പങ്കെടുക്കാത്തവർക്ക് ഇളവ് നൽകണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ ബോർഡിനെ സമീപിച്ചിരുന്നെങ്കിലും, നിയമങ്ങളിൽ മാറ്റം വരുത്തില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി.


വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ രാവിലെ 10 മണിക്ക് മുമ്പായി എത്തണമെന്നും ഡ്രസ്സ് കോഡ് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബോർഡ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home