വ്യാപക പ്രതിഷേധങ്ങൾക്കിടയിൽ ഉന്നാവോ കേസിൽ സിബിഐയുടെ അപ്പീൽ ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്‌ടിച്ച ഉന്നാവോ ബലാത്സംഗ കേസിൽ സിബിഐയുടെ അപ്പീൽ ഇന്ന് പരിഗണിക്കും. ചീഫ്‌ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുക. കുൽദീപ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിൽ വലിയ പ്രതിഷേധം ഉയർന്നതോടെ സിബിഐ അപ്പീൽ ഫയൽ ചെയ്തത്.
അതേസമയം, ബലാത്സംഗക്കേസിലെ കുറ്റവാളിയും ബിജെപി നേതാവുമായ കുൽദീപ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി വിധിക്ക് കാരണം സിബിഐയുടെ കുറ്റവാളിക്ക് അനുകൂലമായ നിലപാടാണെന്ന കാര്യം ആവർത്തിച്ച് അതിജീവിത രംഗത്തെത്തിയിരുന്നു. ‘സുപ്രീംകോടതിയിൽ എനിക്ക് വിശ്വാസമുണ്ട്. അവിടെ നിന്നും നീതി ലഭിക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. സിബിഐ നേരത്തെ കർശനമായ നിലപാട് എടുത്തിരുന്നെങ്കിൽ എനിക്ക് നീതി കിട്ടുമായിരുന്നു. എന്നെ ബലാത്സംഗത്തിന് ഇരയാക്കിയ അയാൾക്ക് ജാമ്യം കിട്ടില്ലായിരുന്നു. എന്റെ പിതാവിനെ കൊന്നു. കുടുംബാംഗങ്ങളെ കൊന്നു. എന്റെ കുടുംബത്തിന്റെയും സാക്ഷികളുടെയും സുരക്ഷ ഒഴിവാക്കി. എന്റെ ഭർത്താവിനെ ജോലിയിൽ നിന്നും പുറത്താക്കി. അയാൾ പുറത്തുള്ളത് എന്റെ മക്കളുടെ ജീവന് പോലും ഭീഷണിയാണ്’– നീതി തേടി ഡൽഹി ജന്തർമന്തറിൽ സമരം ചെയ്യുന്ന അതിജീവിത മുൻപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Related News
അതിജീവിതയുടെ അമ്മയും അവരോടൊപ്പം പ്രതിഷേധിക്കാൻ എത്തിയിരുന്നു. കഴിഞ്ഞദിവസം സിബിഐയുടെ മുതിർന്ന ഉദ്യോഗസ്ഥരുമായി അതിജീവിത കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. അന്വേഷണഉദ്യോഗസ്ഥൻ കുൽദീപ് സെംഗാറിന് വേണ്ട ഒത്താശയെല്ലാം ചെയ്‌തുകൊടുത്തെന്നത് ഉൾപ്പടെ ഗുരുതരആരോപണങ്ങളടങ്ങിയ പരാതിയും അവർ സിബിഐക്ക് കൈമാറിയിരുന്നു. അന്വേഷണഉദ്യോഗസ്ഥനും സഹപ്രവർത്തകരും കുൽദീപ്‌സെംഗാറിന്റെ മകളുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നെന്നും അതിജീവിത പരാതിപ്പെട്ടു. ഉന്നാവോ ബലാത്സംഗക്കേസിൽ കുൽദീപ് സെംഗാറിനെ 2019ൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.










0 comments