അപകടം നടന്നിട്ടും പ്രസംഗം തുടർന്നു; വിജയ്ക്ക് വീണ്ടും സിബിഐ സമൻസ്

ചെന്നൈ: കരൂർ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച (മാർച്ച് 10) ഹാജരാകാൻ ആവശ്യപ്പെട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസി പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതകൾ തേടുന്നതിനാണ് നടപടിയെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ജനുവരി 12, 19 തീയതികളിൽ വിജയ്‌യെ സിബിഐ ഡൽഹി ആസ്ഥാനത്ത് വെച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ശേഖരിച്ച പുതിയ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണ്ടും സമൻസ് അയച്ചിരിക്കുന്നത്.
2025 സെപ്റ്റംബർ 27-ന് കരൂരിലെ വേലുസ്വാമിപുരത്ത് നടന്ന ടിവികെയുടെ രാഷ്ട്രീയ പൊതുയോഗത്തിനിടെയുണ്ടായ വൻ തിരക്കിലാണ് ദാരുണമായ അപകടം സംഭവിച്ചത്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ആദ്യം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും, കേസിന്റെ ഗൗരവം കണക്കിലെടുത്ത് സുപ്രീംകോടതി അന്വേഷണം സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ഉണ്ടായ വീഴ്ചകൾ, പരിപാടിയുടെ സംഘാടനം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 27-ന് വിജയ് എത്തുന്നതിലുണ്ടായ കാലതാമസം തിരക്ക് വർദ്ധിപ്പിക്കാൻ കാരണമായോ എന്നതടക്കമുള്ള കാര്യങ്ങൾ സിബിഐ പരിശോധിക്കുന്നുണ്ട്.
വിജയ്‌യെ കൂടാതെ ടിവികെ ജനറൽ സെക്രട്ടറി ബുസ്സി ആനന്ദ് ഉൾപ്പെടെയുള്ള പാർട്ടി ഭാരവാഹികളെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.










0 comments