സെൻസർ ബോർഡിൽ വൻ ഡാറ്റാ ചോർച്ച; 500ലേറെ സിനിമകളുടെ രേഖകൾ പുറത്തായെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : കേന്ദ്ര ചലച്ചിത്ര സർട്ടിഫിക്കേഷൻ ബോർഡിന്റെ (സിബിഎഫ്സി) ഓൺലൈൻ സംവിധാനത്തിൽ വൻ ഡാറ്റാ ചോർച്ച. 500ലേറെ സിനിമകളുമായി ബന്ധപ്പെട്ട രേഖകൾ പുറത്തായതായാണ് പുതിയ റിപ്പോർട്ട്. സിനിമകളുടെ ചിത്രീകരണ തിരക്കഥകൾ, സെൻസർ ബോർഡ് നിർദേശിച്ച വെട്ടിമാറ്റൽ രേഖകൾ, സർട്ടിഫിക്കേഷൻ അപേക്ഷകളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ, വാണിജ്യപ്രാധാന്യമുള്ള വിതരണ കരാറുകൾ എന്നിവയാണ് ചോർന്നത് .
സിനിമകൾക്ക് പ്രദർശനാനുമതി ലഭിക്കുന്നതിനായി നിർമാതാക്കളും മറ്റ് ചലച്ചിത്ര പ്രവർത്തകരും സമർപ്പിക്കുന്ന രേഖകളാണ് ചോർന്നതെന്നാണ് പ്രാഥമിക വിവരം. സിബിഎഫ്സിയുടെ പ്രവർത്തനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി ആരംഭിച്ച ഇ-സിനിപ്രമാൺ പോർട്ടൽ വഴിയാണ് വിവരങ്ങൾ ചോർന്നതെന്നാണ് കരുതുന്നത്. എന്നാൽ സിനിമകളുടെ പകർപ്പുകൾ നേരിട്ട് ചോർന്നിട്ടില്ലെന്നും സർട്ടിഫിക്കേഷൻ നടപടികൾക്കായി സമർപ്പിച്ച രേഖകളാണ് പുറത്തായതെന്നുമാണ് സെൻസർ ബോർഡ് പറയുന്നത്.
സെൻസർ ബോർഡിൽ നിന്ന് ചോർന്ന രേഖകളിൽ ചില സിനിമകളുടെ പ്രാദേശിക വിതരണ കരാറുകളും ഉൾപ്പെട്ടിട്ടുണ്ട്. ബ്രസീലിയൻ ഓസ്കാർ നോമിനി ചിത്രമായ ദി സീക്രട്ട് ഏജന്റ്, ഹോളിവുഡ് ചിത്രം ഗുഡ് ലക്ക്, ഹാവ് ഫൺ, ഡോണ്ട് ഡൈ എന്നിവയുടെ കരാറുകളും ചോർന്നിട്ടുണ്ട്. കുറഞ്ഞത് മൂന്ന് കരാറുകളിലെങ്കിലും സിനിമകളുടെ ലൈസൻസിങ് ഫീസ് അടങ്ങിയിരുന്നതായാണ് വിവരം.
ബൗദ്ധികസ്വത്തവകാശം, പ്രചാരണവുമായി ബന്ധപ്പെട്ട കണക്കുകൾ, വരുമാനം പങ്കിടുന്നതു സംബന്ധിച്ച വ്യവസ്ഥകൾ തുടങ്ങി ഒരു സിനിമയുടെ വാണിജ്യപരമായ നിർണായക വിവരങ്ങൾ ഇത്തരം കരാറുകളിലുണ്ടാകും. ഇത് നിർമാതാക്കളുടെയും വിതരണക്കാരുടെയും വ്യാപാര ചർച്ചകളെയും കരാർ വ്യവസ്ഥകളെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. റിലീസിന് മുമ്പുള്ള സിനിമകളുടെ തിരക്കഥകളും സർട്ടിഫിക്കേഷൻ രേഖകളും പുറത്തായോ എന്ന ആശങ്കയുമുണ്ട്.
സെൻസർ ബോർഡിലെ ഡാറ്റാ ചോർച്ച വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്നും, ഇ-സിനിപ്രമാൺ പോർട്ടലിന്റെ സുരക്ഷാ ഉറപ്പാക്കുന്ന നടപടികൾ തുടരുകയാണെന്നും സിബിഎഫ്സി അറിയിച്ചു. സിനിമകളുമായി ബന്ധപ്പെട്ട രേഖകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന വിധത്തിൽ ഇന്റർനെറ്റ് ആർക്കൈവിലും ലഭ്യമായിരുന്നുവെന്നു. സംഭവവുമായി ബന്ധപ്പെട്ട അക്കൗണ്ട് നീക്കം ചെയ്തതായും സൈബർ പൊലീസിൽ പരാതി നൽകിയതായും ഇന്റർനെറ്റ് ആർക്കൈവ് അറിയിച്ചു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെയും (CERT-In) വിവരം അറിയിച്ചിട്ടുണ്ട്. സെൻസർ ബോർഡിലെ രേഖകൾ എങ്ങനെ പൊതുജനങ്ങൾക്ക് ലഭ്യമായെന്നതും, ഡാറ്റ എങ്ങനെ ചോർന്നെന്നും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.









0 comments